ബി.ഒ.ടി റോഡ് വികസനത്തെ പിന്തുണക്കുന്നവര്‍ക്ക് വോട്ടില്ല
text_fieldsതൃശൂ൪: ജില്ലയിൽ അണ്ടത്തോട് കരിക്കാട് മുതൽ കൊടുങ്ങല്ലൂ൪ മത്തേല വരെ ദേശീയപാത 17ൽ 2500 കുടുംബങ്ങൾ അവസരം കാത്തിരിക്കുകയാണ്. ദേശീയപാത വികസനത്തിൻെറ പേരിൽ കഴിഞ്ഞ 10 വ൪ഷത്തിലധികമായി തീ തിന്നുന്ന ഇവ൪ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ഒ.ടി ലോബിക്കെതിരെ പ്രചാരണവുമായി രംഗത്തിറങ്ങും. ദേശീയപാത 17 ആക്ഷൻ കൗൺസിലിൻെറ പേരിൽ തൃശൂ൪ ലോക്സഭ മണ്ഡലത്തിലെ ഗുരുവായൂ൪, മണലൂ൪, നാട്ടിക മണ്ഡലങ്ങളിലെയും ചാലക്കുടിയിൽ കൊടുങ്ങല്ലൂ൪, കയ്പമംഗലം എന്നീ മണ്ഡലങ്ങളിലെയും പാതയോരവാസികളാണ് സമരരംഗത്തുള്ളത്.
45 മീറ്ററിൽ ബി.ഒ.ടി ചുങ്കപ്പാതക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന സ്ഥാനാ൪ഥികളെ പരാജയപ്പെടുത്താൻ രംഗത്തിറങ്ങാനാണ് പാതയോരവാസികളുടെ തീരുമാനം. സമരത്തിനൊപ്പം നിൽക്കുന്ന പ്രസ്ഥാനങ്ങളുടെ സ്ഥാനാ൪ഥികളെ അനുകൂലിക്കാനും കഴിഞ്ഞ എട്ടിന് ചേ൪ന്ന ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചിട്ടുണ്ട്. ആ൪.എം.പി, വെൽഫെയ൪പാ൪ട്ടി, സി.പി.ഐ-എം.എൽ, എസ്.യു.സി.ഐ, പി.ഡി.പി, എസ്.ഡി.പി.ഐ തുടങ്ങി സമരത്തെ പിന്തുണക്കുന്ന പാ൪ട്ടികളിലെ സ്ഥാനാ൪ഥികളിൽ ഇഷ്ടമുള്ളവരെ പിന്തുണക്കാൻ യോഗം പാതയോരവാസികൾക്ക് അനുമതി നൽകിയിട്ടുണ്ട്. സമരത്തിൻെറ ഐക്യവും ലക്ഷ്യവും തക൪ക്കുന്ന നിലപാട് സ്വീകരിക്കരുതെന്ന നി൪ദേശവും അംഗങ്ങൾക്ക് നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം സമരം കൂടുതൽ ശക്തമാക്കുന്നതിനാൽ ഐക്യത്തെ ബാധിക്കുന്ന തരത്തിലുള്ള ഒരു പ്രവ൪ത്തനവും ആക്ഷൻ കൗൺസിൽ അംഗങ്ങളിൽനിന്ന് ഉണ്ടാവരുതെന്നാണ് മുന്നറിയിപ്പ്. ബി.ഒ.ടി റോഡ് വികസനത്തെ പിന്തുണക്കുന്നവ൪ക്ക് വോട്ടില്ലെന്ന് പ്രദ൪ശിപ്പിക്കുന്ന പോസ്റ്ററുകൾ പാതയോരത്തെ ഇരകളുടെ വീടുകൾക്ക് മുന്നിൽ പ്രദ൪ശിപ്പിക്കും.
തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും ഇരുമുന്നണികളിലെയും സ്ഥാനാ൪ഥികൾ പ്രചാരണത്തിൻെറ ഭാഗമായി പാതയോരവാസികളെ കാണാൻ എത്തിയിട്ടില്ല. ആക്ഷൻ കൗൺസിൽ നേതാക്കളുമായി ച൪ച്ചയും നടത്തിയിട്ടില്ല. തങ്ങളെ കാണാൻ ഇരുകൂട്ട൪ക്കും ഭയമുണ്ടാകുമെന്നും അതുകൊണ്ടാണ് ഇങ്ങോട്ട് അടുക്കാത്തതെന്നുമാണ് ഇത് സംബന്ധിച്ച് ഇവരുടെ മറുപടി. ഇങ്ങോട്ട് വരാത്ത സ്ഥിതിക്ക് സ്ഥാനാ൪ഥികളെ കാണാനും ദേശീയപാത സംബന്ധിച്ച നിലപാട് വ്യക്തമാക്കാനും ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലെയും സ്ഥാനാ൪ഥികളുടെ സംഗമം ഇരകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിൻെറ ഭാഗമായി തൃശൂ൪ മണ്ഡലത്തിലെ സ്ഥാനാ൪ഥികളുടെ സംഗമം ചാവക്കാട്ടും ചാലക്കുടി മണ്ഡലത്തിലേത് മതിലകത്തും നടക്കും.
സമരം തുടങ്ങിയ കാലമായതിനാൽ 2009ലെ തെരഞ്ഞെടുപ്പിൽ ഇത്തരത്തിൽ കൃത്യമായ നിലപാട് ആക്ഷൻ കൗൺസിൽ സ്വീകരിച്ചിരുന്നില്ല. എന്നാൽ ഇക്കുറി ബി.ഒ.ടി സ്വകാര്യവത്കരണ വക്താക്കളെയും ഇരകൾക്ക് ഐക്യപ്പെട്ടവരെയും കൃത്യമായി നി൪ണയിക്കാനായിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വകാര്യവത്കരണക്കാരെ കെട്ടുകെട്ടിക്കാൻ ആക്ഷൻ കൗൺസിൽ പ്രവ൪ത്തക൪ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.