മുഖ്യമന്ത്രി ജനത്തെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്നു –പിണറായി
text_fieldsആറ്റിങ്ങൽ: വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ നിരന്തരം തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. എൽ.ഡി.എഫ് ആറ്റിങ്ങൽ പാ൪ലമെൻറ് മണ്ഡലം സ്ഥാനാ൪ഥി ഡോ.എ.സമ്പത്തിൻെറ തെരഞ്ഞെടുപ്പ് പ്രചാരണാ൪ഥമുള്ള വെബ്സൈറ്റിൻെറ ഉദ്ഘാടനം തോന്നക്കലിൽ നി൪വഹിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്തിയുടെ തെറ്റിദ്ധരിപ്പിക്കലിലെ ഏറ്റവും അവസാനത്തെ സംഭവമാണ് കസ്തൂരിരംഗൻ വിഷയത്തിൽ ഹരിത ട്രൈബ്യൂണലിലെ കേന്ദ്ര നിലപാടിലൂടെ വ്യക്തമാക്കപ്പെട്ടത്. കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കിയതോടെ കസ്തൂരിരംഗൻ റിപ്പോ൪ട്ടിലെ എല്ലാ ആശങ്കകളിൽ നിന്നും മലയോരജനത മുക്തമായതായാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഇത് തെറ്റിദ്ധരിപ്പിക്കുന്ന നീക്കമാണെന്ന് ഇടത് പക്ഷവും മലയോരസംരക്ഷണസമിതിയും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, മുഖ്യമന്ത്രി ആവ൪ത്തിച്ച് പറഞ്ഞത് കരട് വിജ്ഞാപനം വന്നതിനാൽ കസ്തൂരിരംഗൻ റിപ്പോ൪ട്ടിന് പ്രസക്തിയില്ലെന്നാണ്.
ഹരിത ട്രൈബ്യൂണലിൽ കേന്ദ്രം അറിയിച്ച നിലപാട് ഇപ്പോൾ ഇവിടെ നിലവിലുള്ളത് നവംബ൪ 13ലെ വിജ്ഞാപനമാണെന്നാണ്. ഇതിന് ശേഷവും വസ്തുതാ വിരുദ്ധമായ അവകാശവാദം ഉന്നയിക്കുന്നതിന് മുഖ്യമന്ത്രിക്ക് യാതൊരു ജാള്യതയുമില്ല.
തീരദേശ സംരക്ഷണനിയമത്തിൻെറ ഭാഗമായി കൊണ്ടുവന്നിരിക്കുന്ന വ്യവസ്ഥകൾ ഇതിനെക്കാൾ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്.
മത്സ്യത്തൊഴിലാളികളുടെ കുടിലുകളിൽ അറ്റകുറ്റപ്പണിപോലും അനുവദിക്കാത്ത വ്യവസ്ഥകൾ അതി സമ്പന്ന൪ക്കും റിസോ൪ട്ട് ഉടമകൾക്കും ഇളവ് നൽകുന്നു. ഇക്കാര്യത്തിലും മുഖ്യമന്ത്രിയുടെ ഉറപ്പുകൾ പാഴ്വാക്കുകളാവുകയാണെന്നും പിണറായി പറഞ്ഞു.
സി.പി.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ആനാവൂ൪ നാഗപ്പൻ, കോലിയക്കോട് കൃഷ്ണൻനായ൪, പിരപ്പൻകോട് മുരളി, ടി.എൻ.സീമ, വി.കെ.മധു, ഗോപകുമാ൪ തുടങ്ങിയവ൪ പങ്കെടുത്തു. യോഗശേഷം ബൂത്ത് കൺവീന൪മാരുടെ യോഗം പിണറായിയുടെ സാന്നിധ്യത്തിൽ ചേ൪ന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.