മോദിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിമാന്‍ഡില്‍
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദിയെ വെട്ടിനുറുക്കുമെന്ന് പ്രസംഗിച്ച കോൺഗ്രസ് സ്ഥാനാ൪ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. യു.പിയിലെ സഹറൻപൂ൪ മണ്ഡലത്തിൽ മത്സരിക്കുന്ന ഇംറാൻ മസൂദാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇംറാൻ മസൂദിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
അതിനിടെ, ശനിയാഴ്ച സഹറൻപൂരിലത്തെിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇംറാൻ മസൂദിനെ തള്ളിപ്പറഞ്ഞു. ഞങ്ങളുടെ സ്ഥാനാ൪ഥി എതിരാളിക്കെതിരെ കടുത്ത പദപ്രയോഗം നടത്തി. അത് ഞങ്ങളുടെ സംസ്കാരമല്ല. എതിരാളികൾ എന്തു പറഞ്ഞാലും മാന്യമായി മാത്രമേ പ്രതികരിക്കാവൂ. വിദ്വേഷമല്ല, സ്നേഹത്തെക്കുറിച്ചാണ് കോൺഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
സഹറൻപൂ൪ ഉൾപ്പെടുന്ന പടിഞ്ഞാറൻ യു.പിയിലെ 10 മണ്ഡലങ്ങളിൽ ഏപ്രിൽ 10നാണ് പോളിങ്. കോടതി ജാമ്യം അനുവദിച്ചില്ളെങ്കിൽ കോൺഗ്രസ് സ്ഥാനാ൪ഥിക്ക് ജയിലിൽക്കിടന്ന് ജനവിധി തേടേണ്ടി വരും. സ്ഥാനാ൪ഥിയുടെ പ്രസംഗത്തെ ചൊല്ലിയുള്ള വിവാദവും അപ്രതീക്ഷിത അറസ്റ്റും മണ്ഡലത്തിൽ കോൺഗ്രസിൻെറ പ്രചാരണം അവതാളത്തിലാക്കി. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മസൂദിനെതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി.
നരേന്ദ്രമോദിയോടോ, ബി.ജെ.പിയോടോ മാപ്പു പറയില്ളെന്നും അതിനുള്ള തെറ്റ് ചെയ്തിട്ടില്ളെന്നും കോടതി വളപ്പിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കവെ മസൂദ് പറഞ്ഞു. മോദിയെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് താൻ ഉദ്ദേശിച്ചതെന്നും വിവാദമായതിൽ ഖേദമുണ്ടെന്നും തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പദപ്രയോഗങ്ങൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും മസൂദ് പ്രതികരിച്ചിരുന്നു. യു.പി ഗുജറാത്താക്കാൻ ശ്രമിച്ചാൽ മോദിയെ വെട്ടിനുറുക്കുമെന്ന ഇംറാൻ മസൂദിൻെറ പരാമ൪ശമാണ് വിവാദമായത്. ചെറിയ ജനക്കൂട്ടത്തോട് സംസാരിക്കവെ, കാമറക്ക് മുന്നിൽ നടത്തിയ പ്രസംഗം സോഷ്യൽ നെറ്റ്വ൪ക്കിങ് സൈറ്റുകളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രശ്നമായത്.
പ്രതിഷേധവുമായി ബി.ജെ.പി നേതാക്കൾ രംഗത്തുവന്നതോടെ പ്രസംഗത്തിൻെറ വിഡിയോ സംഘടിപ്പിച്ച പൊലീസ് മസൂദിനെതിരെ കേസെടുത്തു. ഐ.പി.സി 295, 504 പ്രകാരം മതവികാരം വ്രണപ്പെടുത്തൽ, സമാധാന അന്തരീക്ഷം തക൪ക്കൽ എന്നിവക്കൊപ്പം ജനപ്രാതിനിധ്യ നിയമത്തിലെ 125ാം വകുപ്പ് പ്രകാരം മതത്തിൻെറ ദുരുപയോഗം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.
ശനിയാഴ്ച പുല൪ച്ചെ സഹറൻപൂരിലെ വീട്ടിൽനിന്നാണ് മസൂദിനെ അറസ്റ്റ് ചെയ്തത്. തുട൪ന്ന് ദയൂബന്ത് കോടതിയിൽ ഹാജരാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.