കളി കാര്യമാകുന്നു; മറഡോണ പാകിസ്താനിലേക്ക്
text_fieldsകറാച്ചി: വീണുകിട്ടിയ അവസരം ഗോളാക്കി മാറ്റിയതിൻെറ ആവേശത്തിലാണ് പാകിസ്താൻ ഫുട്ബാൾ. ഇതിഹാസതാരം ഡീഗോ മറഡോണയുടെ ഒരു താരതമ്യ വാക്യം തങ്ങളുടെ തലവര തെളിയിച്ചപോലെയായിരിക്കുന്നു പാകിസ്താന്. ലോക റാങ്കിങ്ങിൽ 158ാം സ്ഥാനത്തുള്ള പാകിസ്താൻ ഫുട്ബാൾ ഫെഡറേഷൻെറ വിവരം മാത്രമേ അ൪ജൻറീന ഫുട്ബാൾ അസോസിയേഷനുള്ളൂവെന്ന (എ.എഫ്.എ) മറഡോണയുടെ കമൻറിലേക്കായിരുന്നു പാകിസ്താൻെറ ഗോളടി.
ഇതിഹാസ താരത്തിൻെറ പരാമ൪ശത്തിൽ ചൊടികാട്ടാതെ രാജ്യത്തേക്ക് ക്ഷണിക്കുകയായിരുന്നു പാക് ഫെഡറേഷൻ. ക്ഷണം മറഡോണ ഏറ്റെടുക്കുകയും ചെയ്തതോടെ ലോട്ടറിയടിച്ച ആവേശമായി പാകിസ്താൻ ഫുട്ബാളിന്. പി.എഫ്.എഫിൻെറ ക്ഷണം സ്വീകരിച്ച ഇതിഹാസതാരം പാകിസ്താൻ സന്ദ൪ശിക്കാൻ താൽപര്യം അറിയിച്ചതായി അദ്ദേഹത്തിൻെറ ഏജൻറാണ് വ്യക്തമാക്കിയത്. പി.എഫ്.എഫ് മാ൪ക്കറ്റിങ് കൺസൽട്ടൻറ് സ൪ദാ൪ നവീദ് ഹൈദ൪ ഖാനും മറഡോണയുടെ മാനേജ൪ ഗുസ്താവോ അമഡോ൪ മൗറെയുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായി ഡോൺ പത്രം റിപ്പോ൪ട്ട് ചെയ്തു.
കാര്യങ്ങളെല്ലാം ശരിയായ ദിശയിലാണെന്നും, യാത്രയുടെ തീയതി മറഡോണയുടെ അഭിഭാഷകനുമായി ച൪ച്ചചെയ്ത് തീരുമാനിക്കുമെന്നും മൗറെ അറിയിച്ചു. മറഡോണയുടെ സന്ദ൪ശനം പാകിസ്താൻ ഫുട്ബാളിന് വലിയ കരുത്താവും. കളിയുടെ വള൪ച്ചക്ക് എന്തെങ്കിലും ചെയ്യാൻ പാക് സ൪ക്കാറിനും ഇത് പ്രേരണയാവും. രണ്ടുതവണ ഇന്ത്യ സന്ദ൪ശിച്ച മറഡോണ ഇതുവരെ പാകിസ്താൻ സന്ദ൪ശിച്ചിട്ടില്ല -നവീദ് പറഞ്ഞു.
പാകിസ്താനെക്കുറിച്ച് പഠിക്കാൻ താൽപര്യമറിയിച്ച മറഡോണ, രാജ്യത്തെ ഫുട്ബാൾ വള൪ച്ചക്കായി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹത്തിലാണെന്ന് സ്പോ൪ട്സ് മാനേജ്മെൻറ് കമ്പനി ഉടമ അഹ്മദ് കുൻവ൪ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.