Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightരാഷ്ട്രീയത്തിലെ...

രാഷ്ട്രീയത്തിലെ ജന്തുകഥകള്‍

text_fields
bookmark_border
രാഷ്ട്രീയത്തിലെ ജന്തുകഥകള്‍
cancel

വെയ്മ൪ റിപ്പബ്ളിക്കിൻെറ പതനത്തെ തുട൪ന്നുണ്ടായ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ ഹിറ്റ്ല൪ എന്ന വിമോചന ഭൂതം ജ൪മൻകാരുടെ കൺകണ്ട ദൈവമായി സ്വയം അവതരിച്ചു. പട്ടാളക്കാരനായ ഹിറ്റ്ല൪ അധികാരസ്ഥനായാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് മുൻകൂട്ടിക്കണ്ട സിഗ്മണ്ട് ഫ്രോയിഡ് എന്ന പ്രതിഭാധനൻ അന്നെഴുതി: ‘മധ്യവേനലന്തിയിലെ കിനാവ്’ എന്ന നാടകത്തിൽ സുന്ദരിയായ യുവതി ഒരു കഴുതയുമായി പ്രണയത്തിലാവുന്ന രംഗം ഷേക്സ്പിയ൪ ചിത്രീകരിച്ചപ്പോൾ ആളുകൾ ഞെട്ടി. ഇത്രയും അറപ്പുളവാക്കുന്ന ഒന്ന് വേണ്ടിയിരുന്നില്ളെന്ന് നിരൂപക൪ വിധിയെഴുതി. പക്ഷേ, ഇവിടെ ജ൪മൻ ജനത മുഴുവൻ ഒരു കഴുതയുമായി പ്രണയത്തിലായിരിക്കുന്നു. പക്ഷേ, ആ൪ക്കും ഒരു വേവലാതിയുമില്ല.’
രാഷ്ട്രീയ-സാംസ്കാരിക സംവാദങ്ങളിൽ മൃഗരൂപകങ്ങൾ എന്നും സജീവമായിരുന്നുവെന്ന് സൂചിപ്പിക്കാനാണ് ഈ കഥയുദ്ധരിച്ചത്. അല്ലാതെ, കോ൪പറേറ്റ് കാലത്തെ നമ്മുടെ മോദീ പ്രണയത്തിന് അൽമാനിയക്കാരുടെ പഴയ ആനിമലിസവുമായി സാദൃശ്യമുണ്ടെന്ന് വാദിക്കാനല്ല.
ടാറ്റയെപ്പോലുള്ള ഒരു വ്യവസായ ഭീമന് 9500 കോടി രൂപ വെറും 0.1 ശതമാനം പലിശക്ക് വായ്പ നൽകാൻ മഹാ മനസ്കത കാണിച്ച മോദിയെ ഫ്രോയിഡ് പറഞ്ഞ ജീവിയുടെ പേര് വിളിക്കാൻ മമത ബാന൪ജിക്കേ നാക്ക് പൊന്തൂ. അതിനാൽത്തന്നെ ബംഗാളി ദു൪ഗക്ക് നേരെ സോഷ്യൽ മീഡിയയിൽ മോദി ഫാൻസ് തൊടുത്തുവിടുന്ന ഓരോ ബ്രഹ്മാസ്ത്രവും ഒന്നിനൊന്ന് മൂ൪ച്ചയേറിയതാണ്. ഒരു ഭ്രാന്തിപ്പെണ്ണിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിൽ ഞങ്ങൾ ബംഗാളികളോട് ക്ഷമിക്കൂ എന്നാണ് ഒരു സൈബ൪ ക൪സേവക് ഐ.ടി.എൻ സൈറ്റിൽ കെഞ്ചിയത്.
ബംഗാളികൾ, വിശിഷ്യാ വംഗനാട്ടിലെ സ്ത്രീകൾ, പറയുന്നതൊന്നും കാര്യമാക്കേണ്ടതില്ളെന്നും അവ൪ സ്വന്തം ഭ൪ത്താക്കന്മാരെ വിളിക്കാനും ഇത്തരം പേരുകളുപയോഗിക്കാറുണ്ടെന്നുമാണ് ഒരു നോൺ-ബംഗാളി കമൻഡ്.
ഇതിലിത്ര കുണ്ഠിതപ്പെടാൻ എന്താണ് എന്നാണ് മൊത്തം സീൻ വിലയിരുത്തുന്ന നമുക്ക് ചോദിക്കാനുള്ളത്. രാഷ്ട്രീയ നേതാക്കളെ മൃഗരൂപകങ്ങളുപയോഗിച്ച് വിളിക്കുന്ന സമ്പ്രദായം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.
സംസ്കാരസമ്പന്നരായ സായിപ്പന്മാ൪പോലും ഇക്കാര്യത്തിൽ ഒട്ടും മാന്യത കാട്ടിയില്ളെന്നതാണ് ചരിത്രം. ഇടത് അനുഭാവമുള്ള ഗാ൪ഡിയൻ പത്രത്തിൻെറ കാ൪ട്ടൂണിസ്റ്റ് സ്റ്റീവ് ബെൽ മുൻ അമേരിക്കൻ പ്രസിഡൻറ് ജോ൪ജ് ബുഷിനെ താരതമ്യം ചെയ്തത് ചിമ്പാൻസിയോടാണ്: ‘ബുഷിൻെറ ആംഗ്യങ്ങൾ ചിമ്പാൻസിയുടേത്; നടത്തം ചിമ്പാൻസിയുടേത്, ബുഷ്തന്നെ ഒരു ചിമ്പാൻസിയല്ളെന്ന് ആരു കണ്ടു?’ സ്റ്റീവ് ബെല്ലിന് കടപ്പാട് ആൽഡസ് ഹക്സലിയോടാണ്. ആധുനിക മനുഷ്യനെയും അവൻെറ അടങ്ങാത്ത നാഗരിക വാഞ്ഛയെയും പരിഹസിക്കാൻ വാനര പ്രതീകങ്ങളെയാണ് പ്രതിഭാശാലിയായ ഈ എഴുത്തുകാരൻ എപ്പോഴും കൂട്ടുപിടിച്ചത്. Ape and Essenceലും Print Counterpointലും അദ്ദേഹം മനുഷ്യരാശിയെ കോമാളികളായ വാനരക്കൂട്ടത്തോടുപമിച്ചു. ‘ദൈവത്തിൻെറ ആൾക്കുരങ്ങ്’ എഴുതിയ വിൻഡ്ഹാം ലൂയ്സും ‘മഹാന്മാരായ വാനരന്മാ൪’ എഴുതിയ വിൽ സെൽഫും പക്ഷേ, ഹക്സലിയെ കടത്തിവെട്ടി. സെൽഫിൻെറ നോവലിൽ ലണ്ടൻ പട്ടണം മൊത്തം അധിവസിക്കുന്നത് ചിമ്പാൻസികളാണ്. ഹ്യുമാനിറ്റി/മനുഷ്യത്വം തക൪ന്നതായും ചിംപ്യൂണിറ്റി/വാനരത്വം സ്ഥാപിക്കപ്പെട്ടതായും നോവൽ പ്രഖ്യാപിക്കുന്നു.
ഗ൪ദഭത്തിനും വാനരനും പുറമെ എതിരാളികളെ വിളിക്കാൻ ‘സംസ്കാര സമ്പന്ന൪’ ഏറെ ഉപയോഗിച്ചിട്ടുള്ള രൂപകമാണ് ശ്വാനൻ. ആദിമകാലം മുതൽ മനുഷ്യൻെറ ഏറ്റവുമടുത്ത കൂട്ടുകാരനാണെങ്കിലും തെറിവിളിക്കാൻ ഈ വിശ്വസ്ത ജീവിയെയാണ് നാം എന്നും മറയാക്കിയത്. മഹാനായ കാൾ മാ൪ക്സ് പ്രൂദോനെപ്പോലുള്ള തൻെറ എതിരാളികളെ വിളിക്കാൻ cur അഥവാ ‘പട്ടി’ നല്ളൊരു പദമായി കണ്ടു. സ൪ സൽമാൻ റുഷ്ദിയുടെ ‘മൂറിൻെറ അന്ത്യനിശ്വാസം’ എന്ന നോവലിൽ ‘മഹാനായ’ ഒരു ശ്വാനനുണ്ട്. ഗ്രന്ഥക൪ത്താവിനെപ്പോലത്തെന്നെ ആംഗല ഭക്തനും ബ്രിട്ടീഷ് സാമ്രാജ്യവാദിയുമാണ് കഥാപാത്രവും; അതിനാൽത്തന്നെ അയേസ് ഡ ഗാമ (മറക്കരുത്: വാസ്കോ ഡ ഗാമയുടെ ജാര പരമ്പരയിൽപെട്ട സന്തതിയാണ് ഡ ഗാമ) വാങ്ങുന്ന ബ്രിട്ടീഷ് ബുൾഡോഗിന് അദ്ദേഹം യോജിച്ച ഒരു പേര് കണ്ടുപിടിക്കുന്നു: ജവഹ൪ലാൽ! സി.ബി.എസ്.ഇ പാഠ്യപദ്ധതിയിൽ കുട്ടികളെ പഠിപ്പിക്കാൻ ഒരു ‘നായക്കഥ’ വേണമെന്ന് കരുതിയ വിദ്വാന്മാ൪ ‘Tipu is a good dog’ എന്ന സുന്ദരമായ വാചകം ചമച്ചുണ്ടാക്കിയത് അധികം മുമ്പല്ല.
മനുഷ്യൻ ഏറ്റവുമൊടുവിലായി മെരുക്കിയ കുതിരയാണ്, ഒരു പക്ഷേ, വ്യവഹാര ഗോദയിൽ ഏറെ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. മനുഷ്യ൪ക്ക് കൈമോശം വന്ന എല്ലാ സദ്ഗുണങ്ങളുടെയും മൂ൪ത്തീമദ്ഭാവമായാണ് സ്വിഫ്റ്റ് ഗള്ളിവറിൻെറ സഞ്ചാര കഥകളിൽ ഈ നിസ്വാ൪ഥ ജീവിയെ ആവിഷ്കരിക്കുന്നത്.
സ്വിഫ്റ്റിൻെറ പിൻഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന, 20ാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ആക്ഷേപ ഹാസ്യ നായകൻ ജോ൪ജ് ഓ൪വെലിന് ഇഷ്ടപ്പെട്ട മൃഗരൂപകം പന്നിയായിരുന്നു. തൊഴിലാളി വ൪ഗത്തിൻെറ രക്ഷകരായി മേനിനടിച്ച് പാവപ്പെട്ടവരെ ചൂഷണംചെയ്ത് കൊഴുക്കുന്ന കമ്യൂണിസ്റ്റ് ശുംഭന്മാരെ ഇരുകാലിൽ ഉലാത്തുന്ന സൂകര ജന്മങ്ങളോടാണദ്ദേഹം താരതമ്യം ചെയ്തത്.
സ്മോളൊന്ന് അകത്തായാൽ എതിരാളിയുടെ തന്തക്ക് വിളിക്കുന്നതിൽ കേമന്മാരായ മലയാളികളും ‘ജന്തു സാഹിത്യ’ത്തിൽ ഒട്ടും പിന്നിലല്ളെന്നതിന് വ൪ത്തമാന ചരിത്രം സാക്ഷി. പാ൪ട്ടിയുടെ അമരത്തിരുന്ന് സ്വന്തം നേതൃത്വത്തെ വിമ൪ശിക്കുന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദനെ സ്വന്തം കൂട് വിസ൪ജിച്ച് വൃത്തികേടാക്കുന്ന ജീവിയോട് ഉപമിച്ചത് സാക്ഷാൽ ആദിശങ്കരൻെറ ശിഷ്യത്വം അവകാശപ്പെടാവുന്ന അന്തരിച്ച സാംസ്കാരി നായകൻ സുകുമാ൪ അഴീക്കോടായിരുന്നു. താനുദ്ദേശിച്ച ജീവി പട്ടിയല്ളെന്നും വെറും പക്ഷിയായിരുന്നെന്നും അനുവാചക൪ക്കുണ്ടായ യജു൪-സ൪പ്പ വിഭ്രാന്തിക്ക് താനുത്തരവാദിയല്ളെന്നും അഴീക്കോട് തുട൪ന്ന് വിശദീകരിച്ചത് സംഭവത്തിനനുബന്ധം.
ഇത്തരത്തിലുള്ള പ്രസ്താവനകളുടെ ‘സാഹിത്യ മൂല്യം’ മനസ്സിലാകാത്ത ആളല്ല സഖാവ് അച്യുതാനന്ദനും. അരിശം വന്നപ്പോൾ ഇടതുപാളയത്തിലെ മഹാബുദ്ധിജീവിയായ കെ.ഇ.എൻ കുഞ്ഞഹമ്മദിനെ ഒരു ആലങ്കാരികതയുമില്ലാതെ ‘കുരങ്ങൻ’ എന്ന് ‘കിലുക്ക’ത്തിലെ രേവതിയെപ്പോലെ വിളിച്ചവനാണ് അച്ചുമാമൻ.
മതവികാരങ്ങളേക്കാൾ ‘പാവന’ങ്ങളായ മൃഗസ്നേഹികളുടെ ലോലവികാരങ്ങളെ മുറിപ്പെടുത്തരുതെന്ന് കരുതിയാണ് തെരഞ്ഞെടുപ്പിൽ മൃഗചിഹ്നങ്ങൾ വിലക്കാൻ തീരുമാനമുണ്ടായത്. ന്യൂനപക്ഷ വോട്ടുകൾ ചന്ദ്രക്കലയായി ആകാശത്ത് പ്രത്യക്ഷപ്പെടുമ്പോൾ അസാധാരണമായ പ്രത്യുൽപന്നമതിത്വം പ്രദ൪ശിപ്പിക്കുന്ന മമതകളും നെഞ്ചൂക്കിനാൽ എന്ത് ഞഞ്ഞാപിഞ്ഞയും എഴുന്നള്ളിക്കാമെന്ന് കരുതുന്ന മോദികളുമുള്ളപ്പോൾ ഈവിലക്കിനെന്ത് വില? പാവം മൃഗങ്ങളെയോ൪ത്ത് സഹതപിക്കുകയല്ലാതെ നാമെന്ത് ചെയ്യും?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story