Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

തെരഞ്ഞെടുപ്പുത്സവത്തിന് കൊടിയിറങ്ങുമ്പോള്‍

text_fields
bookmark_border
തെരഞ്ഞെടുപ്പുത്സവത്തിന് കൊടിയിറങ്ങുമ്പോള്‍
cancel

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഒന്നരമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പുത്സവത്തിന് കൊടിയിറങ്ങാൻ പോവുകയാണ്. ഈ മാസം 16ന് നടക്കുന്ന വെടിക്കെട്ടോടെയുള്ള കലാശത്തിന് കാത്തിരിക്കയാണ് ജനാധിപത്യ ഭാരതം. 81.4 കോടി വോട്ട൪മാ൪ പങ്കെടുത്ത വോട്ടെടുപ്പുത്സവത്തിന് രാജ്യം ചെലവഴിച്ച തുകയെത്രയായിരിക്കും? 115 കോടി ജനങ്ങളുടെ രാജ്യം ജനാധിപത്യം നിലനി൪ത്താൻ ചെലവിടുന്ന പണത്തിൻെറ കണക്കിനെക്കുറിച്ച് ഓ൪ത്താൽതന്നെ കണ്ണ് തെറിച്ചുപോകും. പണക്കൊഴുപ്പിൻെറ ഉത്സവമെന്നു പറഞ്ഞാലൊന്നും പോരാ. പശ്ചിമ ബംഗാൾ മുൻ ഗവ൪ണ൪ ഗോപാലകൃഷ്ണ ഗാന്ധി കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ വിശേഷിപ്പിച്ചപോലെ പണമൊഴുക്കിൻെറ ‘സൂനാമി’ തന്നെയാണ് തെരഞ്ഞെടുപ്പിൽ നടക്കുന്നത്. തെരഞ്ഞെടുപ്പിലെ ‘മണി പവ൪ സൂനാമി’ക്കെതിരെ പോരാടണമെന്നും മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണ൪ എസ്.വൈ. ഖുറൈശിയുടെ പുസ്തകത്തിൻെറ പ്രകാശന ചടങ്ങിൽ ഗോപാലകൃഷ്ണ ഗാന്ധി ആഹ്വാനംചെയ്തിരുന്നു. ജനാധിപത്യമല്ല, പണാധിപത്യമാണ് ഇന്ത്യയിൽ നടക്കുന്നതെന്ന് തെളിയിക്കാൻ ചെറിയ വിശകലനം മാത്രം മതിയാവും.
16ാം ലോക്സഭാ തെരഞ്ഞെടുപ്പിനായി ഏതാണ്ട് 3500 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടുണ്ട്. 2009ലെ തെരഞ്ഞെടുപ്പിന് ചെലവഴിച്ച തുക(1400 കോടി)യുടെ 150 ശതമാനത്തിലധികമാണിത്. 1952ൽ ഒന്നാം ലോക്സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കമീഷൻ ചെലവഴിച്ചത് 10.42 കോടിയായിരുന്നു. ’77ൽ അത് 23 കോടിയും ’91ൽ 359 കോടിയും ’99ൽ 880 കോടി രൂപയുമായി ഉയ൪ന്നു. തെരഞ്ഞെടുപ്പ് സുരക്ഷക്ക് ചെലവഴിക്കുന്ന പണവും രാഷ്ട്രീയ പാ൪ട്ടികൾ ചെലവഴിക്കുന്ന പണവും ഇതിനു പുറമെയാണ്.

രാഷ്ട്രീയ പാ൪ട്ടികൾ ഒഴുക്കുന്ന കോടികൾ

തെരഞ്ഞെടുപ്പിൽ പണമൊഴുക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷൻ ക൪ക്കശ നി൪ദേശങ്ങളും നിയന്ത്രണങ്ങളുമേ൪പ്പെടുത്തിയിട്ടുണ്ട്. പുതിയ സാഹചര്യങ്ങളിൽ ഇന്ത്യയിൽ ജനാധിപത്യം കഷ്ടിച്ച് നടത്തിക്കൊണ്ടുപോകാൻ പോലും തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാവില്ളെന്ന് രാഷ്ട്രീയപാ൪ട്ടികൾക്കറിയാം. കമീഷനും ഇക്കാര്യത്തിൽ ചെറിയ ധാരണയൊക്കെയുണ്ട്. ഇന്ത്യയിലെ ജനപ്പെരുപ്പവും പണപ്പെരുപ്പവുമൊക്കെ കണക്കിലെടുക്കുമ്പോൾ യാഥാ൪ഥ്യമുൾക്കൊണ്ടു തന്നെയാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാ൪ഥിക്ക് ചെലവഴിക്കാവുന്ന പണം 40 ലക്ഷത്തിൽനിന്ന് 70 ലക്ഷമാക്കി ഉയ൪ത്തിയത്. എന്നാൽ, രാഷ്ട്രീയ പാ൪ട്ടികളുണ്ടോ അവിടെ നിൽക്കുന്നു.
ഇന്ത്യയിലെ പ്രമുഖ ദേശീയ പാ൪ട്ടി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി കേരളത്തിന് നൽകിയ തുക പരിശോധിച്ചാൽ തെരഞ്ഞെടുപ്പ് കമീഷൻ നിയന്ത്രണങ്ങൾക്ക് ഇപ്പോൾ രാജ്യം ഭരിക്കുന്ന പാ൪ട്ടി പോലും കീറച്ചാക്കിൻെറ വില കൽപിക്കുന്നില്ളെന്ന് വിലയിരുത്താനാവും. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻെറ കേന്ദ്ര ഘടകമായ എ.ഐ.സി.സി കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവ൪ത്തനങ്ങൾക്ക് അനുവദിച്ചത് 50 കോടിയോളം രൂപയാണെന്നാണ് കെ.പി.സി.സി വൃത്തങ്ങൾ നൽകുന്ന സൂചന. മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാ൪ഥികൾക്ക് രണ്ടു കോടി വീതം നൽകിയ ഹൈകമാൻഡ്, അതിൽ തെരഞ്ഞെടുക്കപ്പെട്ട ഏഴു പേ൪ക്ക് അൽപം തുക കൂട്ടി നൽകി. അതിൻെറ മാനദണ്ഡമെന്തെന്നറിയില്ല. പക്ഷേ, ആദ്യമായി മത്സരിക്കുന്ന യുവനിരയിൽപെട്ട സ്ഥാനാ൪ഥികളെ ഈ ലിസ്റ്റിലേക്ക് പരിഗണിച്ചിട്ടുണ്ടെന്ന് വ്യക്തം.
ഘടക കക്ഷി സ്ഥാനാ൪ഥികളെയും കോൺഗ്രസ് ഹൈകമാൻഡ് കൈവിട്ടില്ല. അവ൪ക്കും കൊടുത്തു ഒരു കോടി വീതം. ഇതൊക്കെ സ്ഥാനാ൪ഥികൾക്കാണ്. പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കും തെരഞ്ഞെടുപ്പ് പ്രചാരണപ്രവ൪ത്തനങ്ങൾക്ക് ചെലവില്ളേ. 10 കോടി രൂപ കെ.പി.സി.സിക്കും നൽകിയെന്നാണ് വിവരം. ഇത് കേരളത്തിലെ കണക്ക്. 28 സംസ്ഥാനങ്ങളും ആറ് കേന്ദ്ര ഭരണപ്രദേശങ്ങളും ഇതിന് പുറമെയാണ്.

കോൺഗ്രസ് 457 സ്ഥാനാ൪ഥികളെയാണ് 16ാം ലോക്സഭയിലേക്ക് ഇത്തവണ മത്സരിപ്പിക്കുന്നത്. ചുരുങ്ങിയത് രണ്ടു കോടി വീതം ഇവ൪ക്കായി എ.ഐ.സി.സി നൽകിയിട്ടുണ്ടെങ്കിൽ 914 കോടി രൂപ വരും. ഇത് കോൺഗ്രസിൻെറ കഥ. 443 സ്ഥാനാ൪ഥികളെ മത്സരിപ്പിക്കുന്ന ബി.ജെ.പിയുടെ കണക്കുകൾ വേറെ. 3000 മുതൽ 5000 കോടി രൂപവരെ മോദി തരംഗം സൃഷ്ടിക്കാൻ ചെലവഴിച്ചെന്നാണ് പറയപ്പെടുന്നത്.
ഇന്ത്യയിൽ ആറ് ദേശീയ പാ൪ട്ടികളും 47 സംസ്ഥാന പാ൪ട്ടകളുമടക്കം രജിസ്റ്റ൪ ചെയ്ത 1616 പാ൪ട്ടികളുണ്ട്. ഇവരെല്ലാം കൂടി 8163 സ്ഥാനാ൪ഥികളെയാണ് 543 അംഗ ലോക്സഭയിലേക്ക് മത്സരിപ്പിക്കുന്നത്. ശരാശരി ഒരു കോടി രൂപ ഒരു സ്ഥാനാ൪ഥിക്കായി ചെലവഴിക്കുന്നു എന്ന് കണക്കാക്കിയാൽ തന്നെ രാഷ്ട്രീയ പാ൪ട്ടികൾ ഈ തെരഞ്ഞെടുപ്പ് മാമാങ്കത്തിനായി 8000ത്തിലധികം കോടികൾ ചെലവഴിക്കുന്നു എന്ന് കണക്കാക്കാം.

ഇതുകൊണ്ടും അവസാനിച്ചില്ല. രാഷ്ട്രീയ പാ൪ട്ടികൾ അനുവദിക്കുന്നതിനു പുറമെ സ്ഥാനാ൪ഥികൾ സ്വന്തം നിലക്കും പണം ചെലവഴിക്കുന്നുണ്ട്. പേമെൻറ് സീറ്റുകളും പെയ്ഡ് ന്യൂസുകളും കേരളത്തിൽ പോലും വിവാദമായി ഉയ൪ന്നിരിക്കെ, അതിലൂടെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഒഴുകുന്ന കോടികൾ കണക്കാക്കുക പ്രയാസം. ഈ തുക 10,000 കോടിയിലധികം വരുമെന്നാണ് ഏകദേശ കണക്ക്.

ഒഴുകുന്നത് കള്ളപ്പണവും
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കള്ളപ്പണം ഉപയോഗിക്കുന്നതായി ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാ൪ഥി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് തന്നെ ആരോപണമുന്നയിച്ചിട്ടുണ്ട്. കോ൪പറേറ്റുകളാണ് മോദിക്ക് ഫണ്ട് നൽകുന്നതെന്ന് കോൺഗ്രസ് ആരോപിക്കുമ്പോൾ കോൺഗ്രസിനെതിരെ ബി.ജെ.പിയും അതേ ആരോപണമുന്നയിക്കുന്നുണ്ട്. പാ൪ട്ടികൾ സ്ഥാനാ൪ഥികൾക്കും കീഴ്ഘടകങ്ങൾക്കും നൽകുന്ന പണം കടത്തുന്നത് ട്രക്കുകളിലും ട്രെയിനുകളിലും മറ്റു സ്വകാര്യ വാഹനങ്ങളിലുമാണ്. വോട്ടെടുപ്പിൻെറ രണ്ടു ഘട്ടങ്ങൾ പൂ൪ത്തിയായപ്പോൾ മാത്രം തെരഞ്ഞെടുപ്പ് കമീഷൻ അഞ്ച് സംസ്ഥാനങ്ങളിൽനിന്ന് പിടിച്ചത് ‘വെറും’ 42 കോടി രൂപയാണ്. ഒമ്പത് ഘട്ടങ്ങളും പൂ൪ത്തിയായപ്പോൾ പിടികൂടിയ കള്ളപ്പണം 300 കോടി കവിഞ്ഞിരിക്കയാണ്. പണത്തിനു പുറമെ മദ്യവും വോട്ട൪മാരെ സ്വാധീനിക്കാൻ കടത്തുന്നുണ്ട്. 2009ലെ തെരഞ്ഞെടുപ്പിൽ ക൪ണാടകയിൽനിന്ന് 16 കോടി രൂപയും മൂന്നു കോടി രൂപയുടെ മദ്യവുമാണ് തെരഞ്ഞെടുപ്പ് കമീഷൻ പിടിച്ചെടുത്തത്. ആന്ധ്ര, ക൪ണാടക, ഒഡിഷ, ബിഹാ൪ സംസ്ഥാനങ്ങളിൽനിന്നായി മാത്രം 2009ലെ തെരഞ്ഞെടുപ്പ് കാലത്ത് പിടിച്ചെടുത്തത് 40 കോടി രൂപയായിരുന്നു. നഗരപ്രദേശങ്ങളിലെ 23 ശതമാനവും ഗ്രാമപ്രദേശങ്ങളിലെ 21 ശതമാനവും വോട്ട൪മാ൪ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പണം കിട്ടിയെന്നും 2009ലെ ഒരു സ൪വേ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് കമീഷൻ ഓരോ സ്ഥാനാ൪ഥിക്കും കണക്കാക്കിയ 70 ലക്ഷം രൂപ വീതം ഇന്ത്യയിൽ ആകെ മത്സരിക്കുന്ന 8163 സ്ഥാനാ൪ഥികളും ചെലവഴിച്ചാൽ വരുന്നത് 5714 കോടി രൂപയാണ്. കമീഷൻ ചെലവായി കണക്കാക്കിയ 3500 കോടി രൂപ കൂടി കൂട്ടിയാലും 9215 കോടിയേ വരൂ. എന്നാൽ, പ്രമുഖ സ൪വേ ഗ്രൂപ്പായ സി.എം.എസ് നടത്തിയ പഠനമനുസരിച്ച് 30,000 കോടി രൂപയാണ് 2014 തെരഞ്ഞെടുപ്പിനുവേണ്ടി ചെലവിട്ടത്. അതായത്, ഇന്ത്യയിലെ ഒരു വോട്ട൪ക്കായി ചെലവഴിക്കപ്പെടുന്നത് 400 രൂപ. 30,000 കോടിയിൽ മൂന്നിലൊന്നും കള്ളപ്പണമാണ്. 10,000 മുതൽ 14,000 കോടി രൂപയുടെ കള്ളപ്പണത്തിൻെറ സ്വാധീനം കൂടിയാണ് 16ന് നടക്കുന്ന ഫലപ്രഖ്യാപനത്തിലൂടെ തെളിയാൻ പോകുന്നത്. കഴിഞ്ഞ അഞ്ചു വ൪ഷത്തിനിടയിൽ ഇന്ത്യയിൽ നടന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പുകൾക്കടക്കം ചെലവഴിക്കപ്പെട്ടത് 1,50,000 കോടിയാണെന്നും സി.എം.എസ് കണക്കാക്കിയിട്ടുണ്ട്.

ഇന്ത്യ ആര് ഭരിക്കും?
ഇന്ത്യ ആര് ഭരിക്കുമെന്ന ത൪ക്കം മോദിയിലും രാഹുലിലും കോൺഗ്രസിലും ബി.ജെ.പിയിലും ഒതുങ്ങി നിൽക്കില്ല. ഇന്ത്യയുടെ ഭരണം നി൪വഹിക്കാൻ തെരഞ്ഞെടുക്കപ്പെടുന്നവരിൽ ക്രിമിനലുകളും കള്ളപ്പണക്കാരും കോ൪പറേറ്റുകളും കോടിപതികളും ബുദ്ധിജീവികളും വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരുമൊക്കെയുണ്ട്. അസോസിയേഷൻ ഫോ൪ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നടത്തിയ പഠനത്തിൽ 16ാം ലോക്സഭയിലേക്ക് മത്സരിക്കുന്ന 8163 സ്ഥാനാ൪ഥികളിൽ 1398 പേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. അതായത്, മൊത്തം സ്ഥാനാ൪ഥികളുടെ 17 ശതമാനം. 27 ശതമാനം കോടിപതികളാണ്. ബിരുദവും അതിനു മുകളിലും വിദ്യാഭ്യാസമുള്ളവ൪ 49 ശതമാനവും.
സ്ഥാനാ൪ഥികൾക്കായി കള്ളപ്പണവും വെള്ളപ്പണവുമൊഴുക്കിയ കോ൪പറേറ്റുകളും മറ്റും തെരഞ്ഞെടുക്കപ്പെട്ടവ൪ അധികാരത്തിലേറിയാൽ വെറുതെയിരിക്കില്ല. തങ്ങൾ മുടക്കിയ പണത്തിൻെറ പതിന്മടങ്ങ് തിരിച്ചുപിടിക്കാനുള്ള പരിപാടികളും പദ്ധതികളുമായാണവ൪ രംഗത്തുവരുക. അതിനെ ചെറുക്കാൻ മാത്രം കെൽപ് പണക്കൊഴുപ്പിൽ അധികാരക്കസേരകൾ വെട്ടിപ്പിടിച്ചവ൪ക്കുണ്ടാവില്ല. ഭരണം അവരെ ജയിപ്പിച്ചവരുടേതു കൂടിയായിരിക്കും. അപ്പോൾ പിന്നെ, പണം വാങ്ങിയും അല്ലാതെയും വോട്ടുചെയ്തവരും അവരെ ആശ്രയിക്കുന്നവരും കാത്തിരിക്കേണ്ടത് വിലക്കയറ്റവും താങ്ങാനാവാത്ത മറ്റു ബാധ്യതകളും ഏറ്റുവാങ്ങാനാണ്.

ibrahimkottakkal@madhyamam.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story