വാക്സിനേഷന്‍ പരിപാടി ചാരപ്പണിക്ക് ഉപയോഗിക്കില്ല - സി.ഐ.എ
text_fieldsവാഷിങ്ടൺ: പ്രതിരോധ കുത്തിവെപ്പ് (വാക്സിനേഷൻ) പരിപാടികളെയോ പ്രവ൪ത്തകരെയോ ചാരപ്പണിക്ക് ഉപയോഗിക്കില്ളെന്ന് സി.ഐ.എ സമ്മതിച്ചതായി യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുടെ ഭീകരവിരുദ്ധകാര്യ ഉപദേഷ്ടാവായ ലിസ മൊണാക്കോ വ്യക്തമാക്കി.
ഇത്തരം പൊതുജനാരോഗ്യ പരിപാടികളിലൂടെ ലഭിക്കുന്ന ജനിതക ഘടകങ്ങൾ ഉപയോഗിക്കില്ളെന്നും എജൻസി ഡയറക്ട൪ ജോൺ ബ്രണ്ണൻ ഉറപ്പുനൽകിയിട്ടുണ്ട്. മേയ് 16ന് യു.എസിലെ 13 പബ്ളിക് ഹെൽത്ത് സ്കൂളുകളുടെ ഡീൻമാ൪ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പറയുന്നത്. പോളിയോ നി൪മാ൪ജന പ്രവ൪ത്തനത്തെ യു.എസ് ശക്തമായി പിന്തുണക്കുന്നെന്നും മൊണാക്കോ അറിയിച്ചു. ജനങ്ങളുടെ ആശങ്ക ഗൗരവത്തിലെടുത്ത് നന്നായി പരിശോധിച്ചാണ് അന്തിമ തീരുമാനമെടുത്തതെന്ന് സി.ഐ.എ വക്താവ് ഡീൻ ബോയ്ഡും അറിയിച്ചിട്ടുണ്ട്.
2011ൽ കൊല്ലപ്പെടുന്നതിനുമുമ്പ് ഉസാമ ബിൻ ലാദിനെ ലക്ഷ്യമിട്ട് സി.ഐ.എ ഈ കൗശലം പ്രയോഗിച്ചിരുന്നു. ഉസാമ കൊല്ലപ്പെട്ട പാകിസ്താൻ നഗരമായ ആബട്ടാബാദിൽ സി.ഐ.എ ഒത്താശയോടെ നടത്തിയ പോളിയോ വാക്സിനേഷൻ പരിപാടിയിലൂടെ കുട്ടികളുടെ ഡി.എൻ.എ സാമ്പ്ൾ എടുക്കാൻ ശ്രമിച്ചിരുന്നു. ഇതിന് നേതൃത്വം നൽകിയ ഷക്കീൽ അഫ്രീദി എന്ന പാകിസ്താനി ഡോക്ടറെ 33 വ൪ഷം തടവിന് കോടതി വിധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.