Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2014 7:32 PM IST Updated On
date_range 26 May 2014 7:32 PM ISTതടവറയില്‍നിന്നൊരു കാര്‍ഷിക വിജയഗാഥ
text_fieldsbookmark_border
കാസര്‍കോട്: തീപാറുന്ന ചെങ്കല്‍ പാറയെ ഹരിത വനമാക്കി ചീമേനി തുറന്ന ജയില്‍ കാര്‍ഷിക മേഖലയിലും വിജയ ഗാഥ രചിക്കുകയാണ്. പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍ നിന്ന് ഏറ്റെടുത്ത 303 ഏക്കര്‍ സ്ഥലത്താണ് ജയിലധികൃതരുടെ മേല്‍നോട്ടത്തില്‍ അന്തേവാസികള്‍ കൃഷിചെയ്യുന്നത്. കശുമാവ്, കപ്പ, ചേമ്പ്, വാഴ, കൈതച്ചക്ക, പച്ചക്കറികള്‍ എന്നിവ ഇവിടെ യഥേഷ്ടം വിളയുന്നു. ജയിലില്‍ 213 അന്തേവാസികളുണ്ട്. ഇതില്‍ അറുപതുപേര്‍ പരോളിലാണ്. ശേഷിച്ചവരാണ് കൃഷിപ്പണികളിലേര്‍പ്പെടുന്നത്. നബാര്‍ഡിന്‍െറ സഹായത്തോടെ രണ്ട് ഏക്കര്‍ സ്ഥലത്ത് പൈനാപ്പിള്‍ കൃഷി ആരംഭിച്ചു. ബംഗാളി ഇനം പൈനാപ്പിളാണ് കൃഷി ചെയ്യുന്നത്. അഞ്ചേക്കറില്‍ മഞ്ഞള്‍കൃഷിയുമുണ്ട്. പച്ചക്കറി കൃഷി വഴി 2,42,200 രൂപ വരുമാനമുണ്ടായി. വെണ്ട,വഴുതന, ഇളവന്‍ ചീര, പയര്‍, പാവക്ക എന്നിവയാണ് കൃഷി. അന്തേവാസികളുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം കഴിഞ്ഞുള്ള പച്ചക്കറി വെജ്കോര്‍പിന് വില്‍ക്കുന്നു. ജയില്‍ ഗേറ്റിന് സമീപത്തെ കൗണ്ടര്‍ വഴി പൊതുജനങ്ങള്‍ക്കും കമ്പോളവിലയില്‍ പച്ചക്കറികള്‍ വാങ്ങാനുള്ള സൗകര്യമുണ്ട്. 1500 റബര്‍ തൈകളും നട്ടിട്ടുണ്ട്. കശുമാവില്‍ നിന്ന് 2006 മുതല്‍ 2013 വരെ 3556662 രൂപവരുമാനമുണ്ടാക്കി. 1000 പുതിയ കശുമാവിന്‍ ബഡ്തൈകളും കഴിഞ്ഞ വര്‍ഷം 5000 കശുമാവും നട്ടുപിടിപ്പിച്ചു. കൃഷിവകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മികച്ച പച്ചക്കറി കൃഷി നടത്തുന്ന സ്ഥാപനത്തിന് കൃഷിവകുപ്പ് ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ രണ്ടാം സ്ഥാനം കഴിഞ്ഞ വര്‍ഷം ചീമേനി തുറന്ന ജയിലിന് ലഭിച്ചിരുന്നു. ബിരിയാണി, ചപ്പാത്തി യൂനിറ്റുകള്‍ക്കാവശ്യമായ ഇറച്ചിക്കോഴികള്‍ ലഭ്യമാക്കുന്നത് ജയിലിലെ ധനശ്രീ കോഴി ഫാമില്‍ നിന്നാണ്. ആയിരം ചതുരശ്ര അടി വിസ്തൃതിയില്‍ 800 കോഴികളെ ഇവിടെ വളര്‍ത്തുന്നു. കോഴിഫാം വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. കാമധേനു പശുഫാം തടവുകാരുടെ ക്ഷേമത്തിനാവിഷ്കരിച്ച പദ്ധതിയാണ.് അന്തേവാസികള്‍ക്കാവശ്യമായ പാലും തൈരും ഫാമില്‍ നിന്ന് ലഭിക്കുന്നു. സര്‍ക്കാറിന് പ്രതിമാസം 20000 രൂപയുടെ ലാഭവും ഇത് വഴി ലഭിക്കുന്നുണ്ട്. മിച്ചം വരുന്ന പാല്‍ ജയിലിന് സമീപത്തെ പാല്‍ സൊസൈറ്റിയില്‍ വില്‍ക്കുകയാണ്. ജയിലിലെ കൃഷിക്കാവശ്യമായ ചാണകവും പാചകത്തിനാവശ്യമായ ഗോബര്‍ ഗ്യാസും ഉല്‍പാദിപ്പിക്കാനും സാധിക്കുന്നു. ഒമ്പത് വലിയ പശുക്കളും ഒരു കാളയും മൂന്നു പശുക്കുട്ടികളും ഈ തൊഴുത്തിലുണ്ട്. 12 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. 70 ആടുകളുള്ള ജയിലിലെ സമൃദ്ധി ആടുഫാമില്‍ 108175 രൂപയുടെയും 18 പന്നികളുള്ള പന്നിഫാമില്‍ 249500 രൂപയുടെയും വരുമാനമുണ്ട്. കോഴിഫാമിലെ അവശിഷ്ടങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മാത്രം നല്‍കി മുടക്ക് മുതലില്ലാതെ വളര്‍ത്തുന്ന പന്നികള്‍ ജയിലിലെ മാലിന്യനിര്‍മാര്‍ജനത്തിനുകൂടി ഉപകരിക്കുന്നു. മുയല്‍ വളര്‍ത്തല്‍ യൂനിറ്റും പ്രണയപക്ഷികളുടെ കൂടും ഇവിടെയുണ്ട്. നബാര്‍ഡിന്‍െറ സഹകരണത്തോടെ കഴിഞ്ഞവര്‍ഷം ജയിലില്‍ 1000 തേക്കിന്‍ തൈകളും 1000 ഒട്ടുമാവിന്‍ തൈകളും നട്ടുപിടിപ്പിച്ചു. അഞ്ഞൂറോളം മഴവെള്ളകുഴികളും നിര്‍മിച്ചു. മഴവെള്ള സംഭരണത്തിനും മണ്ണൊലിപ്പ് തടയുന്നതിനും മണ്‍കയ്യാലകളുടെ 5000 മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയായി. മൂന്ന് ലക്ഷം രൂപ ചെലവില്‍ മഴവെള്ള സംഭരണിയുടെ പണി പൂര്‍ത്തീകരിച്ചു. തുറന്ന ജയിലിലെ കുടിവെള്ള, ജലസേചന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി പതിമൂന്നാം ധനകാര്യകമ്മീഷന്‍ അവാര്‍ഡില്‍ ഉള്‍പ്പെടുത്തി 1662155 രൂപ വകയിരുത്തി നിര്‍മിച്ച അഞ്ചു കിണറുകള്‍ പൂര്‍ത്തീകരിച്ചു. 10 ലക്ഷം രൂപ ചെലവില്‍ അഞ്ച് കുളങ്ങള്‍ നിര്‍മിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. ഒരു കിലോവാട്ട് ശേഷിയുള്ള റൂഫ് ടോപ്പ് സൗരോര്‍ജ പ്ളാന്‍റിന്‍െറ നിര്‍മാണം അനര്‍ട്ട് മുഖേന നടപ്പാക്കി. ജയിലിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും കൃഷി ആവശ്യത്തിന് വെള്ളം എത്തിക്കാനും 20 ലക്ഷം രൂപ ചെലവില്‍ ഒരു ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്ക് നിര്‍മിക്കുന്നതിനും പദ്ധതിയുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story