പൊലീസുകാരന് വധശിക്ഷ
text_fieldsകുവൈത്ത് സിറ്റി: ഫിലിപ്പീൻ യുവതിയെ പൊലീസ് വാഹനത്തിൽവെച്ച് ബലാൽസംഗം ചെയ്തശേഷം വധിക്കാൻ ശ്രമിച്ച കേസിൽ പൊലീസുകാരന് കുവൈത്ത് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ജനറൽ ട്രാഫിക് ഡിപ്പാ൪ട്ടുമെൻറിലെ ലാൻസ് കോ൪പറൽ ആയ സ്വദേശിക്കാണ് തൂക്കുമരം വിധിച്ചത്.
ഇഖാമ നിയമ ലംഘനം പരിശോധിക്കാനെന്ന് പറഞ്ഞ് ടാക്സിയിൽനിന്ന് പിടിച്ചിറക്കിയ യുവതിയെ പൊലീസുകാരൻ തൻെറ വാഹനത്തിൽ കയറ്റി ബലാൽസംഗം ചെയ്തശേഷം കഴുത്തിൽ നിരവധി തവണ കത്തി കൊണ്ട് കുത്തി റോഡിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവം നടന്ന് ദിവസങ്ങൾക്കകം പ്രതി പിടിയിലായിരുന്നു. സംഭവം നടക്കുമ്പോൾ തനിക്ക് കടുത്ത മാനസിക അസ്വസ്ഥ്യമുണ്ടായിരുന്നുവെന്ന് പ്രതി കോടതിയിൽ വാദിച്ചെങ്കിലും മെഡിക്കൽ റിപ്പോ൪ട്ടുകൾ അത് ശരിവെക്കാത്തതിനാൽ വാദം തള്ളിയ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.
2012 സെപ്തംബ൪ 30നായിരുന്നു കേസിനാസ്പദമായ സംഭവം. ഫ൪വാനിയയിലെ വസ്ത്രക്കടയിൽ സെയിൽസ് ഗേളായ 27കാരിയായ ഫിലിപ്പീൻ യുവതിയും കൂട്ടുകാരിയും സിക്സ്ത് റിങ് റോഡിലെ ഷോപ്പിങ് മാളിൽ പോയി മടങ്ങുമ്പോൾ ട്രാഫിക് പൊലീസ് ടാക്സി തടഞ്ഞുനി൪ത്തി പരിശോധിക്കുകയായിരുന്നു. ഇഖാമ നാലു ദിവസം മുമ്പ് തീ൪ന്നതിനാൽ കസ്റ്റഡിയിലെടുക്കുകയാണെന്ന് പറഞ്ഞ് പൊലീസുകാരൻ യുവതിയെ പൊലീസ് വാഹനത്തിൽ കയറ്റി. കൂട്ടുകാരിയുടെ കൈവശം കാലാവധിയുള്ള ഇഖാമയുള്ളതിനാൽ വിട്ടയക്കുകയും ചെയ്തു.
ജനൂബ് സു൪റയിലെ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോവുന്നതെന്ന് പറഞ്ഞെങ്കിലും വെളിച്ചമില്ലാത്ത വിജനമായ പ്രദേശത്ത് കാ൪ നി൪ത്തിയപ്പോഴാണ് യുവതിക്ക് അപകടം മനസ്സിലായത്. ഇവിടെവെച്ച് ലൈംഗിക ബന്ധത്തിലേ൪പ്പെടാൻ നി൪ബന്ധിച്ചപ്പോൾ വിസമ്മതിച്ച യുവതിയെ പൊലീസുകാരൻ ക്രൂരമായി ബലാൽസംഗം ചെയ്യുകയായിരുന്നു. ശേഷം കത്തിയെടുത്ത് കഴുത്തിൽ നിരവധി തവണ കുത്തുകയും കാറിൽനിന്ന് പുറത്തേക്ക് തള്ളുകയും ചെയ്തു. പിന്നീട് അതുവഴിവന്ന സ്വദേശി യാത്രക്കാരനാണ് ഒരു യുവതി പരിക്കേറ്റ് അബോധാവസ്ഥയിൽ റോഡരികിൽ കിടക്കുന്ന കാര്യം എമ൪ജൻസി വിഭാഗത്തിൽ വിളിച്ചറിയച്ചത്. എമ൪ജൻസി വിഭാഗം സ്ഥലത്തെത്തി യുവതിയെ മുബാറക് അൽ കബീ൪ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
കുവൈത്തിലെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവ൪ത്തക കൂടിയായ അഭിഭാഷക ശൈഖ ഫൗസിയ അസ്വബാഹ് ആണ് യുവതിക്ക് വേണ്ടി കേസ് വാദിച്ചത്. ഫിലിപ്പീൻ എംബസി യുവതിക്ക് നീതി തേടാനുള്ള അവസരം നിഷേധിക്കുന്നതായി ഇവ൪ കുറ്റപ്പെടുത്തിയിരുന്നു. യുവതി മുബാറക് അൽ കബീ൪ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ തന്നെ അവരെ സന്ദ൪ശിച്ച ശൈഖ ഫൗസിയ യുവതിയുടെ അഭ്യ൪ഥനയെ തുട൪ന്ന് കേസ് ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, പിന്നീട് ഫിലിപ്പീൻ എംബസിക്ക് കീഴിലെ ഫിലിപ്പിനോ വ൪ക്കേഴ്സ് റിസോഴ്സ് സെൻററിലേക്ക് മാറ്റിയ യുവതിയുടെ സമ്മതമില്ലാതെ കേസ് വാദിക്കാൻവേണ്ടി മറ്റൊരു അഭിഭാഷകനെ നിയമിച്ചു എന്ന് ശൈഖ ഫൗസിയ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള വക്കാലത്തിൽ യുവതിയെ നി൪ബന്ധിച്ച് ഒപ്പിടുവിക്കുകയായിരുന്നുവത്രെ.
തുട൪ന്ന് യുവതിക്ക് താൻ കേസ് വാദിക്കുന്നതാണ് ഇഷ്ടമെന്ന് കാണിച്ച് ഫിലിപ്പീൻ അംബാസഡ൪ ഷൂലാൻ പ്രിംവേരയെ സമീപിച്ചതിനെ തുട൪ന്നാണ് ശൈഖ ഫൗസിയക്ക് തന്നെ കേസ് വാദിക്കാൻ അവസരം ലഭിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.