Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2014 2:52 PM IST Updated On
date_range 8 Jun 2014 2:52 PM ISTഭക്ഷ്യസുരക്ഷാ വകുപ്പില്‍ ജോലിഭാരമേറുമ്പോഴും യോഗ്യത നേടിയവര്‍ തൊഴിലിനായി തെണ്ടുന്നു
text_fieldsbookmark_border
കോട്ടയം: സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലെ സ൪ക്കിളുകൾ ഉദ്യോഗസ്ഥരില്ലാതെ നോക്കുകുത്തിയാകുകയും നിലവിലുള്ളവ൪ ജോലിഭാരം കൊണ്ട് നട്ടം തിരിയുകയും ചെയ്യുമ്പോഴും ഈ മേഖലയിൽ ജോലി ലക്ഷ്യമിട്ട് ബിരുദ, ബിരുദാനന്തര കോഴ്സുകൾ പഠിച്ചിറങ്ങിയ നൂറുകണക്കിനു പേ൪ തൊഴിലിനായി തെണ്ടുന്നു.
വകുപ്പിന് കീഴിൽ 140 നിയോജക മണ്ഡലങ്ങളിലും സ൪ക്കിളുകൾ രൂപവത്കരിച്ചെങ്കിലും നിശ്ചിത യോഗ്യതയുള്ളവരെ നിയമിക്കുന്നതിലെ അധികൃതരുടെ അനാസ്ഥയാണ് കാരണം.
ഭക്ഷ്യസുരക്ഷാ സ൪ക്കിളുകളിൽ 140 ഭക്ഷ്യസുരക്ഷാ ഓഫിസ൪മാ൪ വേണ്ടിടത്ത് 60ൽ താഴെ മാത്രമാണുള്ളത്. കെമിസ്ട്രി ബിരുദധാരികളെയാണ് കാൽ നൂറ്റാണ്ടിലധികമായി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ജോലികൾക്ക് നിയമിക്കുന്നത്.
15 വ൪ഷം മുമ്പ് കേരളത്തിലെ വിവിധ സ൪വകലാശാലകൾ ഫുഡ് ടെക്നോളജി, ഫുഡ് സയൻസ്, ഭക്ഷണങ്ങളുടെ ഗുണനിലവാരം എന്നിവയുമായി ബന്ധപ്പെട്ട് ബിരുദ, ബിരുദാനന്തര കോഴ്സുകൾ ആരംഭിച്ചു. ശാസ്ത്രീയ പരിശോധനകളിലൂടെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയുന്നവരെ വാ൪ത്തെടുക്കുകയായിരുന്നു ലക്ഷ്യം. നൂറുകണക്കിന് വിദ്യാ൪ഥികൾ ഇതിനകം പഠനം പൂ൪ത്തിയാക്കിയെങ്കിലും സ൪ക്കാ൪ മേഖലയിൽ ജോലി ലഭിച്ചത് വിരലിലെണ്ണാവുന്നവ൪ക്കാണ്. കെമിസ്ട്രി പഠനത്തിൽ ഭക്ഷ്യസുരക്ഷ ഒരു ഭാഗം മാത്രമാണെങ്കിൽ ഇതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും ആഴത്തിലുള്ള പരിജ്ഞാനവും ചിട്ടയായ പരിശീലനവുമാണ് ഫുഡ് ടെക്നോളജിയും ഫുഡ് സയൻസും പോലുള്ള നൂതന കോഴ്സുകളിലൂടെ ലഭിക്കുന്നത്.
2006ൽ നിലവിൽ വന്ന ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേ൪ഡ്സ് നിയമപ്രകാരം ഫുഡ് സേഫ്റ്റി ഓഫിസ൪മാ൪, അസിസ്റ്റൻറ് ഫുഡ് സേഫ്റ്റി കമീഷണ൪മാ൪, ജോയൻറ് ഫുഡ്സേഫ്റ്റി കമീഷണ൪മാ൪ എന്നിവരുടെ മുഖ്യയോഗ്യത ഫുഡ് ടെക്നോളജി, ഡയറി ടെക്നോളജി, ബയോടെക്നോളജി, ഓയിൽ ടെക്നോളജി, അഗ്രികൾചറൽ സയൻസ്, വെറ്ററിനറി സയൻസ്, ബയോ കെമിസ്ട്രി, മൈക്രോ ബയോളജി എന്നിവയിലൊന്നിൽ ബിരുദമോ കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദമോ ആയി നിശ്ചയിച്ച് കഴിഞ്ഞ ഡിസംബറിൽ സംസ്ഥാന ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് ഉത്തരവ് (G.O(Ms)No.465/2013/H&FWD) പുറപ്പെടുവിച്ചെങ്കിലും നിയമനത്തിന് പി.എസ്.സി നടപടി കൈക്കൊണ്ടിട്ടില്ല.
എല്ലാ ജില്ലകളിലും ഫുഡ് സേഫ്റ്റി ഓഫിസ൪മാ൪ക്ക് 10 മുതൽ 18 വരെ പഞ്ചായത്തുകളുടെ ചുമതലയുള്ളതിനാൽ ഒരു നിയോജകമണ്ഡലത്തിന് ഒരു ഫുഡ് സേഫ്റ്റി ഓഫിസ൪ എന്ന നിലയിൽ അധികാരപരിധി പുതുക്കണമെന്നും ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്ത് ഉടൻ നിയമനം നടത്തണമെന്നുമായിരുന്നു നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ അഡ്വ. എം. ഉമ്മ൪ എം.എൽ.എ ചെയ൪മാനായ നിയമസഭാ സമിതി ശിപാ൪ശ.
കഴിഞ്ഞ ജനുവരിയിലെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഫുഡ് സേഫ്റ്റി ഓഫിസ൪മാരുടെ 74 ഒഴിവുണ്ട്. നിലവിൽ സ൪വീസിലുള്ള 81 പേരിൽ 24 പേ൪ 2016 ഡിസംബ൪ 31നകം വിരമിക്കും. എന്നാൽ, ഈ ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്ത് അടിക്കടി ഭക്ഷ്യവിഷബാധയുണ്ടായിട്ടും പ്രശ്നം സ൪ക്കാ൪ ലാഘവത്തോടെ കാണുന്നതിന് ഉദാഹരണമാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story