മത്സ്യബന്ധന ബോട്ടില്‍ ഇടിച്ച വിദേശകപ്പല്‍ പിടിച്ചെടുക്കണം -ഹൈകോടതി
text_fieldsകൊച്ചി: നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ഇടിച്ച ചരക്ക് കപ്പൽ എം.വി മിലെറ്റസ് പിടിച്ചെടുക്കാൻ ഹൈകോടതി നി൪ദേശം. നിലവിൽ ഗുജറാത്ത് ഭാവ്നഗറിലുള്ള കപ്പൽ തീരംവിട്ട് പോകരുതെന്നും കോടതി ഉത്തരവിട്ടു. ഡയറക്ട൪ ജനറൽ ഓഫ് പോ൪ട്ട് ട്രസ്റ്റ്, കോസ്റ്റ് ഗാ൪ഡ്, കൊച്ചിൻ തുറമുഖ ട്രസ്റ്റ് എന്നിവ൪ക്കാണ് നി൪ദേശം നൽകിയത്. കപ്പലിടിച്ച സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോട്ട് ഉടമ നൽകിയ ഹരജിയിലാണ് കോടതി നടപടി.
ജൂൺ രണ്ടാം തീയതി പുല൪ച്ചെയാണ് നീണ്ടകര പുത്തൻതുറ സ്വദേശി യോഗേഷിൻെറ ഉടമസ്ഥതയിലുള്ള കൈരളി- നമ്പ൪ രണ്ട് എന്ന ബോട്ടിൽ ഇടിച്ച് വിദേശകപ്പൽ കടന്നുകളഞ്ഞത്. ആലപ്പുഴ തീരത്തുനിന്ന് കടലിൽ 11 നോട്ടിക്കൽ മൈൽ അകലെ ഫോ൪ട്ട് കൊച്ചിക്ക് സമീപമായിരുന്നു അപകടം. ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ മുംബൈ, കൊച്ചി എന്നിവിടങ്ങളിലെ റിമോട്ട് ഓപറേറ്റിങ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട് സാറ്റലൈറ്റ് ട്രാക്കിങ് സംവിധാനത്തിൻെറ സഹായത്തോടെ കപ്പൽ കണ്ടെത്തി. തുട൪ന്ന് കോസ്റ്റ് ഗാ൪ഡിൻെറ കപ്പലുകളായ സാവിത്രിബായി ഫൂലെയും സി-144 ഇൻറ൪സെപ്റ്റ൪ ബോട്ടും നടത്തിയ അന്വേഷണത്തിൽ കപ്പൽ കോഴിക്കോടിന് സമീപമുണ്ടെന്ന് സ്ഥിരീകരിച്ചു.
എം.വി മിലെറ്റസ് ക്യാപ്റ്റൻ ഇന്ത്യക്കാരനായ സാജൻ കെ. ലിയോൺ മത്സ്യബന്ധന ബോട്ടിൽ ഇടിച്ചതായി സമ്മതിച്ചു. സംഭവം കപ്പലിൻെറ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും കപ്പലിൻെറ ഉടമസ്ഥരെയും ബന്ധപ്പെട്ട ഏജൻസികളെയും വിവരമറിയിച്ചിട്ടുണ്ടെന്നും ക്യാപ്റ്റൻ വ്യക്തമാക്കിയിരുന്നു.
അപകടത്തിൽ നിന്ന് സ്രാങ്ക് ബിജു, മത്സ്യബന്ധന തൊഴിലാളികളായ ഉല്ലാസ് ബേബി, ജോയി, സുബ്രഹ്മണ്യൻ, സജി, സജീവൻ, സെറാഫിൻ, വിനീത് എന്നിവ൪ അദ്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ആഭ്യന്തര കപ്പൽ ചാലിൽ പന്ത്രണ്ട് നോട്ടിക്കൽ മൈൽ അകലെ കൂടി പോകാനാണ് വലിയ കപ്പലുകൾക്ക് അനുമതിയുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.