അണക്കെട്ടുകളുടെ ഉടമാവകാശം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: നാല് അണക്കെട്ടുകളുടെ ഉടമാവകാശം കേരളത്തിൻെറ വീഴ്ചകൊണ്ട് തമിഴ്നാടിന് ലഭിച്ച സംഭവം നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി അന്വേഷിക്കും. ജലവിഭവ വകുപ്പ് ഉൾപ്പെടുന്ന മൂന്നാം നമ്പ൪ സബ്ജക്ട് കമ്മിറ്റിയിൽ മന്ത്രി പി.ജെ. ജോസഫടക്കം 11 അംഗങ്ങളാണുള്ളത്. വിഷയം നിയമസഭയിൽ ഉന്നയിച്ച ജമീലാ പ്രകാശം പ്രത്യേക ക്ഷണിതാവായിരിക്കും. അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം കൈവിട്ടിട്ടില്ളെന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശദീകരണത്തിൽ തൃപ്തിപ്പെടാതിരുന്ന പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ഒന്നേകാൽ മണിക്കൂറോളം നിയമസഭ സ്തംഭിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും മുഖ്യമന്ത്രി സഭയിൽ സമ൪പ്പിച്ചു. ഇതിനിടെ കക്ഷിനേതാക്കളുമായി സ്പീക്ക൪ നടത്തിയ ച൪ച്ചയിലാണ് രേഖകളെ കുറിച്ച് സഭാസമിതിയുടെ അന്വേഷണത്തിന് തീരുമാനമായത്. അന്വേഷണം പ്രഖ്യാപിച്ചതോടെ ഒന്നേകാൽ മണിക്കൂറിന് ശേഷം സഭ പുനരാരംഭിച്ചു.
മുല്ലപ്പെരിയാ൪, പറമ്പിക്കുളം, പെരിവാരിപള്ളം, തുണക്കടവ് അണക്കെട്ടുകളുടെ ഉടമാവകാശം കേരളത്തിന് നഷ്ടപ്പെട്ട വിവരം ബുധനാഴ്ച ചോദ്യോത്തര വേളയിൽ ജമീലാപ്രകാശം ഉന്നയിച്ചപ്പോഴാണ് നിയമസഭ അറിയുന്നതും വിവാദമായതും. ഡാമുകളുടെ ഉടമസ്ഥാവകാശം കേരളത്തിന് ഉറപ്പാക്കുമെന്ന് വ്യാഴാഴ്ച ശൂന്യവേളയിൽ നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. 2009 മുതൽ നാഷനൽ രജിസ്റ്റ൪ ഓഫ് ലാ൪ജ് ഡാംസ് പട്ടികയിൽ ഈ നാല് അണക്കെട്ടുകളും തമിഴ്നാടിൻെറ പട്ടികയിലാണ്. നിരന്തരമായി ബന്ധപ്പെട്ട് കേന്ദ്ര ജല കമീഷനെ കൊണ്ട് 2012ൽ കേരളത്തിൻറ പട്ടികയിലേക്ക് കൊണ്ടുവന്നു. 2013 ഡിസംബ൪ 27ന് നടന്ന ദേശീയ ഡാം സുരക്ഷാ സമിതിയുടെ യോഗത്തിൽ ഈ നാല് ഡാമുകളുടെ ഉടമസ്ഥതയും പ്രവ൪ത്തിപ്പിക്കലും പരിപാലിക്കലും (ഓൺഡ് ഓപറേറ്റഡ് ആൻഡ് മെയിൻടൈൻഡ്) തമിഴ്നാടിനാണെന്ന് ചേ൪ക്കണമെന്ന ആവശ്യം അവ൪ ഉന്നയിക്കുകയായിരുന്നു. യോഗത്തിൻെറ സ൪ക്കുലേറ്റ് ചെയ്ത അജണ്ടയിൽ ഈ വിഷയം ഉണ്ടായിരുന്നില്ല. അവിടെ പങ്കെടുത്ത നമ്മുടെ പ്രതിനിധിയായ ഉദ്യോഗസ്ഥൻ കൂടുതൽ ജാഗ്രത പുല൪ത്തണമായിരുന്നു. ഈ ഡാമുകളുടെ ഉടമാവകാശം തമിഴ്നാടിന് എന്ന് ചേ൪ക്കാൻ അനുവദിക്കില്ല. അത് നീക്കം ചെയ്യും. ഇന്നലെയും ദേശീയഡാം സുരക്ഷാ സമിതിയുടെ ലിസ്റ്റിൽ ഈ നാല് ഡാമും കേരളത്തിൻേറതായാണ് കിടക്കുന്നത്. ഓൺഡ് എന്ന പദപ്രയോഗമില്ല. ഓപറേറ്റഡ് ആൻഡ് മെയിൻടൈൻഡ് ബൈ തമിഴ്നാട് എന്നാണ് കിടക്കുന്നത് – മുഖ്യമന്ത്രി പറഞ്ഞു.
വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷാംഗങ്ങൾ ബഹളംവെച്ചു. യോഗത്തിൽ പങ്കെടുത്ത കേരള പ്രതിനിധി ഡാമുകളുടെ ഉടമസ്ഥാവകാശം മാറ്റുന്നതിനെ എതി൪ത്തില്ളെന്നും നടപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി എല്ലാം വ്യക്തമായി പറഞ്ഞുവെന്നും കൂടുതൽ ച൪ച്ചയില്ളെന്നും സ്പീക്ക൪ വ്യക്തമാക്കി. ഉടമസ്ഥാവകാശം തമിഴ്നാട് നൽകാൻ യോഗം കൈക്കൊണ്ട തീരുമാനത്തിൻെറ മാനദണ്ഡം എന്താണെന്നും സംസ്ഥാന പ്രതിനിധി എന്ത് നിലപാട് എടുത്തുവെന്നും ജമീലാപ്രകാശവും യോഗത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥ എന്തുകൊണ്ട് മിണ്ടിയില്ളെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ചോദിച്ചു. ഇതിന് നൽകിയ വിശദീകരണത്തിലും പ്രതിപക്ഷം തൃപ്തരായില്ല. ബഹളം രൂക്ഷമായി. ബഹളം ശക്തമായതോടെ സ്പീക്ക൪ 11.15ന് നിയമസഭ നി൪ത്തി. പിന്നീട് ഭരണ- പ്രതിപക്ഷങ്ങളെ വിളിച്ച് ച൪ച്ച ചെയ്ത ശേഷം അന്വേഷണം നടത്താൻ ധാരണയുണ്ടായി. 12.30 ഓടെ വീണ്ടും സഭ ചേ൪ന്ന് അന്വേഷണ തീരുമാനം സ്പീക്ക൪ അറിയിക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.