കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിന് 5,800 കോടി
text_fieldsന്യൂഡൽഹി: കശ്മീ൪ താഴ്വരയിൽനിന്ന് പലായനം ചെയ്യേണ്ടിവന്ന പണ്ഡിറ്റ് കുടുംബങ്ങളെ താഴ്വരയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കേന്ദ്ര സ൪ക്കാറിൻെറ ബൃഹദ്പദ്ധതി. 5,800 കോടി രൂപയുടെ പദ്ധതിയാണ് ഒരുങ്ങുന്നത്. താഴ്വരയിലേക്ക് തിരിച്ചുചെല്ലുന്ന കുടുംബങ്ങൾക്ക് തങ്ങൾ ഉപേക്ഷിച്ചുപോന്ന വീട് നന്നാക്കാൻ 20 ലക്ഷം രൂപ വീതം അനുവദിക്കും.
വീട് വിറ്റുപോന്നവ൪ക്ക് താഴ്വരയിൽ തിരിച്ചുവന്ന് പഴയവീട് തിരിച്ചുവാങ്ങാനോ പുതിയ വീട് വെക്കാനോ സമാനമായ സഹായധനം ലഭിക്കും. കേന്ദ്രസ൪ക്കാ൪ നടപ്പാക്കുന്ന ഏറ്റവും വലിയ ദുരിതാശ്വാസ പദ്ധതികളിലൊന്നാണ് കശ്മീരി പണ്ഡിറ്റുകൾക്കായി ഒരുങ്ങുന്നത്. തിരിച്ചുചെല്ലുന്ന കുടുംബങ്ങളുടെ സുരക്ഷ, ജോലി എന്നിവ കൂടി ഉൾപ്പെടുന്നതാണ് പ്രധാനമന്ത്രിയുടെ പേരിലുള്ള പുനരധിവാസ പദ്ധതി.
ഇതുസംബന്ധിച്ച് ജമ്മു-കശ്മീ൪ സ൪ക്കാ൪ സമ൪പ്പിച്ച പദ്ധതി നി൪ദേശം കേന്ദ്ര സ൪ക്കാ൪ അംഗീകരിച്ചു. പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്ന് മന്ത്രിസഭയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. തങ്ങളുടെ വോട്ട് ബാങ്കായ കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസം ബി.ജെ.പി പ്രകടന പത്രികയിലെ വാഗ്ദാനമാണ്. മോദി സ൪ക്കാറിൻെറ ആദ്യപരിഗണാ പട്ടികയിൽ ഉൾപ്പെടുത്തിയ വിഷയം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലും പരാമ൪ശിച്ചിരുന്നു. 1990ൽ താഴ്വരയിൽ ആഭ്യന്തര പ്രശ്നം രൂക്ഷമായ വേളയിലാണ് പണ്ഡിറ്റ് കുടുംബങ്ങൾ കൂട്ടത്തോടെ പലായനം ചെയ്തത്. ഇവരിപ്പോൾ ഡൽഹി, ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലായാണ് കഴിയുന്നത്.
ഏകദേശം 24,000ത്തിൽ പരം പണ്ഡിറ്റ് കുടുംബങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. 2008ൽ യു.പി.എ സ൪ക്കാ൪ പണ്ഡിറ്റ് കുടുംബങ്ങളെ കശ്മീരിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ശ്രമം നടത്തിയിരുന്നു.
89 മുതൽ 97 വരെയുള്ള കാലയളവിൽ താഴ്വരയിൽനിന്ന് ഓടിപ്പോന്ന കുടുംബങ്ങൾക്ക് ഏഴര ലക്ഷം രൂപയാണ് യു.പി.എ സ൪ക്കാ൪ ധനസഹായം പ്രഖ്യാപിച്ചത്. എൻ.ഡി.എ സ൪ക്കാ൪ കൊണ്ടുവരുന്ന പുനരധിവാസ പാക്കേജ് ഇതിന് പുറമെയാണ്.
കശ്മീരിൽനിന്ന് മാറി താമസിച്ച എല്ലാ പണ്ഡിറ്റ് കുടുംബങ്ങൾക്കും പാക്കേജിൻെറ ആനുകൂല്യം ലഭിക്കും. പാക്കേജ് നടപ്പാക്കുന്നതിൻെറ വിശദാംശങ്ങൾ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മന്ത്രാലയത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ച൪ച്ച നടത്തി. പണ്ഡിറ്റ് കുടുംബങ്ങൾക്ക് തിരിച്ചുവരാൻ ആത്മവിശ്വാസം നൽകണമെന്ന് മന്ത്രി ഉദ്യോഗസ്ഥ൪ക്ക് നി൪ദേശം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.