നിഗൂഢതയുടെ നൂറു ദിനങ്ങള്‍....
text_fieldsബെയ്ജിങ്: ‘‘മമ്മി, ആ൪ യു ഓകെ,വിഷ് യു ഓകെ ഇൻ എം.എച്ച് 370 എറോപ്ളെയ്ൻ. ഐ വിഷ് യു വുഡ് കം ബാക്ക് മൈ ഹോം. വി ആ൪ വെയ്റ്റിങ് യു റ്റു കം ഹോം. റിമമ്പെ൪ റ്റു റിപ്ളെ മി. ഐ ആം യുവ൪ ഡോട്ട൪’’...മലേഷ്യയിൽ നിന്ന് ബെയ്ജിങ്ങിലേക്ക് പറന്നുയ൪ന്ന വിമാനത്തിലെ ഒരു അമ്മയുടെ മൊബൈൽ ഫോണിലേക്കുള്ളതായിരുന്നു ആ മെസേജ്.
ദുരൂഹമായ സാഹചര്യത്തിൽ വിമാനം കാണാതായി പത്താം നാൾ ആയിരുന്നു പത്തു വയസ്സുകാരി മകളുടെ കൈകളിലുടെ ഈ വാക്കുകൾ പിറന്നുവീണത്. അങ്ങേയറ്റത്തെ വേദനയും അനിശ്ചിതത്വവും ആ അക്ഷരങ്ങളിൽ തുളുമ്പി നിന്നിരുന്നു. ‘അമ്മേ, ഞങ്ങളുടെ അരികിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി വരൂ’ എന്നു പറഞ്ഞ് അച്ഛൻറെ ഫോണിൽ നിന്ന് എത്ര തവണ ആ മകൾ ഹൃദയഭേദകമായ സന്ദേശങ്ങൾ അയച്ചുവെന്നോ!! എന്നിട്ടും അതിലൊന്നിനുപോലും മറുപടിയുണ്ടായില്ല. മനസ്സിൽ കയറി നിരങ്ങുന്ന അനാവശ്യ ചിന്തകളെ ആട്ടിയോടിച്ച് ആ അഛനും മകളും അമ്മക്കായുള്ള കാത്തിരിപ്പ് തുട൪ന്നു.
‘‘പ്രിയപ്പെട്ടവളെ, നീ എപ്പോഴാണ് എത്തിച്ചേരുക? ഇറങ്ങിയ ഉടൻ എന്നെ വിളിക്കുക. ഞാൻ എട്ടാം നമ്പ൪ ഗേറ്റിൽ തന്നെ ഉണ്ട്’’- വിമാനം കാണാതായതിന്‍്റെ മൂന്നാം നാൾ ലീ കിം ഫാറ്റ് തൻറെ പ്രിയതമക്ക് അയച്ച വാക്കുകൾ ആണിത്.
239 യാത്രക്കാരുമായി വിമാനം ദുരൂഹതയിലേക്ക് മറഞ്ഞിട്ട് ഇന്ന് നൂറാം നാൾ. ഇങ്ങനെ എത്രയോ കുടുംബാംഗങ്ങൾ ഇനിയും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ് തങ്ങളുടെ ഉറ്റവരെ. മൂന്നു വയസ്സുകാരൻ ലിൻകോണും 13 മാസം പ്രായമായ ജാക്കും മുതൽ പ്രായമേറിയ മാതാപിതാക്കൾ വരെ ഉണ്ട് ആ കൂട്ടത്തിൽ.
തങ്ങളുടെ വേണ്ടപ്പെട്ടവ൪ക്ക് എന്താണ് പറ്റിയത്? അവരെവിടെയാണിപ്പോൾ? ജീവനോടെയുണ്ടോ? ഏതെങ്കിലും അപകട മുനമ്പിൽ രക്ഷതേടി നിലവിളിക്കുകയാണോ? ആ നിലവിളികൾ ആരുടെയും ചെവിയിൽ എത്താതെ പോവുകയാണോ? ഇങ്ങനെ നൂറു നൂറു ചോദ്യങ്ങൾ ഉണ൪ച്ച മുതൽ ഉറക്കത്തിൽപോലും ഇവരെ വേട്ടയാടുകയാണ്.
മലേഷ്യൻ എയ൪ലൈൻസ് വിമാനം ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ തക൪ന്നുവീണെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാൽ, ഈ വാദത്തിന് പിൻബലമേകുന്ന തെളിവുകൾ ഒന്നും ഇതുവരെ കണ്ടത്തൊനായിട്ടില്ല. ഇതിനകം തന്നെ സമുദ്രത്തിൻറെ 60000 സ്ക്വയ൪ കിലോമീറ്റ൪ ദൂര പരിധിയിൽ തിരച്ചിൽ നടത്തിക്കഴിഞ്ഞു.
തങ്ങൾക്ക് കൃത്യമായ മറുപടി പോലും നൽകാത്ത അധികൃതരുടെ നടപടിയിൽ അത്യധികം നിരാശരും രോഷാകുലരുമാണെങ്കിലും എവിടെയോ ഒരു പ്രതീക്ഷയുടെ കണികയുമായി ഇപ്പോഴും കാത്തിരിക്കുകയാണ് ഉറ്റവ൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.