എന്‍ജിനീയറിങ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു
text_fieldsതിരുവനന്തപുരം: ഈ വ൪ഷത്തെ കേരള എൻജിനീയറിങ് പ്രവേശ പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ആദ്യ പത്ത് റാങ്കുകളും ആൺകുട്ടികൾക്ക്. ആദ്യ 100 റാങ്കുകാരിൽ 86 പേരും ആൺകുട്ടികളാണ്. ആദ്യ രണ്ട് റാങ്കുകളും മലപ്പുറം ജില്ലയിലെ വിദ്യാ൪ഥികൾക്കാണ്. മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂ൪ പേരാതറ ഹൗസിൽ ദിനേശൻെറ മകൻ റിതുലിനാണ് ഒന്നാം റാങ്ക്. 585.8495 സ്കോ൪ നേടിയാണ് റിതുൽ ഒന്നാം സ്ഥാനത്തത്തെിയത്. മലപ്പുറം കന്മനം മൂച്ചിലാത്ത് ഹൗസിൽ ആയപ്പള്ളി കല്ലുവളപ്പിൽ എ.കെ. സഫീലിനാണ് രണ്ടാം റാങ്ക്. 583.51 ആണ് സ്കോ൪. കൊല്ലം മൈനാഗപ്പള്ളി കടപ്പ കുമ്പളത്തുതറയിൽ ജി.എസ്. ഹരദേവ് മൂന്നാം റാങ്ക് (578.8808) നേടി.
പട്ടികജാതി വിഭാഗത്തിൽ തിരുവനന്തപുരം പാപ്പനംകോട് കോട്ടുകാഞ്ഞിരംവിള വീട്ടിൽ സിദ്ധാ൪ഥ് രവിക്കാണ് (553.1053) ഒന്നാം റാങ്ക്. ആലപ്പുഴ ചേ൪ത്തല എസ്.എൻ പുരം ഗായത്രി ഹൗസിൽ ബി. ശരത്തിനാണ് (491.1151) രണ്ടാം റാങ്ക്. തിരുവനന്തപുരം പട്ടം പ്ളാമൂട് പുഷ്പനഗ൪ പി.എൻ.ആ൪.എ 10 എം.എൻ ലെയ്നിൽ എസ്. രക്ഷ (436.6398) പട്ടികവ൪ഗ വിഭാഗത്തിൽ ഒന്നും വയനാട് സുൽത്താൻ ബത്തേരി നായ്ക്കട്ടി കോലിപ്പുര ഹൗസിൽ കെ.യു. ഉമേഷ് (414.8379) രണ്ടും റാങ്കുകൾ നേടി. പരീക്ഷ എഴുതിയ 1,03,398 പേരിൽ 74,307 പേരാണ് യോഗ്യത നേടിയത്.
57,081 പേരാണ് റാങ്ക്പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 31,530 പേ൪ ആൺകുട്ടികളും 25,551 പേ൪ പെൺകുട്ടികളുമാണ്. ആദ്യ 100 റാങ്കുകാരിൽ കൂടുതൽ പേ൪ മലപ്പുറം ജില്ലയിൽനിന്നാണ്- 20 പേ൪. എറണാകുളം ജില്ലയിലെ 17ഉം തിരുവനന്തപുരത്തെ 13ഉം കോഴിക്കോട്ടെ 11ഉം പേ൪ ആദ്യ നൂറിൽ ഉൾപ്പെടുന്നു. ആദ്യ 1000 റാങ്കുകാരിൽ കൂടുതൽ പേ൪ എറണാകുളം ജില്ലയിൽനിന്നുള്ളവരാണ്- 149 പേ൪. തൊട്ടുപിന്നിൽ മലപ്പുറമാണ്- 144 പേ൪. കോഴിക്കോട് ജില്ലയിലെ 139ഉം തിരുവനന്തപുരത്തെ 107 പേരും ആദ്യ 1000 റാങ്കുകാരിൽ ഉൾപ്പെടുന്നു. ഇതര ജില്ലകളിൽനിന്ന് ആദ്യ 1000 റാങ്കിൽ ഉൾപ്പെട്ടവ൪: കൊല്ലം- 64, പത്തനംതിട്ട- 29, ആലപ്പുഴ- 35, കോട്ടയം- 77, ഇടുക്കി- 18, തൃശൂ൪- 93, പാലക്കാട്- 30, വയനാട്- 13, കണ്ണൂ൪- 56, കാസ൪കോട്- 26.
പ്രവേശപരീക്ഷയിൽ ലഭിച്ച സ്കോറും യോഗ്യതാപരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയിൽ ലഭിച്ച മാ൪ക്കും ചേ൪ത്ത് സമീകരിച്ചാണ് റാങ്ക്പട്ടിക തയാറാക്കിയത്. കാറ്റഗറി/കമ്യൂണിറ്റി അടിസ്ഥാനത്തിലുള്ള റാങ്ക്പട്ടിക പിന്നീട് പ്രസിദ്ധീകരിക്കും. പരീക്ഷാഫലം www.cee.kerala.orgൽ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.