യു.എ.പി.എ നിയമം റദ്ദാക്കണം –ജനകീയ തെളിവെടുപ്പ്
text_fieldsകോഴിക്കോട്: പൗരാവകാശങ്ങൾ റദ്ദാക്കുന്ന യു.എ.പി.എ കരിനിയമം പിൻവലിക്കണമെന്ന് കരിനിയമ കേസുകളുടെ ജനകീയ തെളിവെടുപ്പ്. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് രണ്ടുദിവസമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഭരണകൂട നിയമത്തിന് കീഴിൽ പീഡിപ്പിക്കപ്പെടുന്നവ൪ അനുഭവങ്ങൾ പങ്കുവെച്ചത്. യു.എ.പി.എ നിയമത്തിന് കീഴിലെ കേസുകൾ സംബന്ധിച്ച് സ൪ക്കാ൪ ധവളപത്രം ഇറക്കണമെന്ന് ജനകീയ ട്രൈബ്യൂണൽ ആവശ്യപ്പെട്ടു. അകാരണമായി ജയിലിലോ പൊലീസ് കസ്റ്റഡിയിലോ കഴിയേണ്ടി വരുന്നവ൪ക്കും നിരപരാധിയെന്ന് വിധിക്കപ്പെടുന്നവ൪ക്കും നഷ്ടപരിഹാരം നൽകണം.
വ൪ഷങ്ങളുടെ തടവറ വാസത്തിന് വിധിക്കപ്പെടുന്നവ൪ക്ക് പൊലീസ് ഉദ്യോഗസ്ഥരിൽനിന്നുതന്നെ നഷ്ടപരിഹാരം ലഭ്യമാക്കണം. ഭീകരവാദി എന്ന് മുദ്രചാ൪ത്തപ്പെട്ടുവെന്ന കാരണത്താൽ കുറ്റാരോപിത൪ക്ക് നിയമസഹായം നിഷേധിക്കരുത് എന്ന് ബാ൪ കൗൺസിൽ അംഗങ്ങൾക്ക് നി൪ദേശം നൽകണം. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമ൪പ്പിക്കാൻ കഴിഞ്ഞില്ളെങ്കിൽ ആരോപിത൪ക്ക് ജാമ്യം ഉറപ്പാക്കണം. രഹസ്യാന്വേഷണ ഏജൻസികളെ നിയമനി൪മാണ സഭകൾക്ക് കീഴിലാക്കണം. ട്രൈബ്യൂണലിന് മുന്നിൽ വന്ന പുൽപള്ളി മാവോയിസ്റ്റ് കേസ്, കളമശ്ശേരി ബസ് കത്തിക്കൽ, പാനായിക്കുളം, കെ.കെ. ഷാഹിന, മഅ്ദനി, ആമി-സവേര കേസുകൾ റദ്ദാക്കണമെന്ന് തെളിവെടുപ്പ് നി൪ദേശിച്ചു. ബംഗളൂരു കേസിലെ ഷറഫുദ്ദീൻ, മനാഫ് എന്നിവരുടെ കേസ് പെട്ടെന്ന് തീ൪പ്പാക്കണം. നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി തെളിവെടുപ്പ് വിലയിരുത്തി. ദലിത൪, ആദിവാസികൾ, മതന്യൂനപക്ഷങ്ങൾ തുടങ്ങിയ വിഭാഗങ്ങൾക്കെതിരെയാണ് കേസുകൾ ചുമത്തപ്പെടുന്നത്. സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. മഹ്മൂദ് പ്രാച, അജിത് സാഹി, മനീഷ സേഥി, അഡ്വ. മധുസൂദനൻ, അഡ്വ. പി.എ. പൗരൻ, അഡ്വ. പി. ചന്ദ്രശേഖരൻ, ജ. പി.കെ. ശംസുദ്ദീൻ, കെ.പി. ശശി, കെ.പി. സേതുനാഥ്, സി. ദാവൂദ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.