Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2014 1:55 PM IST Updated On
date_range 16 Jun 2014 1:55 PM ISTഅദ്വാനി: മേല്‍ജാതി രാഷ്ട്രീയത്തിന്‍െറ ഇയാഗോ
text_fieldsbookmark_border
‘ആദ്യം എല്ലാവരും പറഞ്ഞു, ബി.ജെ.പിയെ അടുപ്പിക്കാൻ പറ്റില്ല എന്ന്. പിന്നെപ്പറഞ്ഞു, ബി.ജെ.പിയിൽനിന്ന് വാജ്പേയി ആണെങ്കിൽ കുഴപ്പമില്ല; അദ്വാനിയെയാണ് ഒരു കാരണവശാലും പറ്റാത്തതെന്ന്. ഇനി ഒരുസമയം വരും. അപ്പോൾ നമ്മൾ പറയും, അദ്വാനി കുഴപ്പമില്ല; മോദിയാണ് പ്രശ്നമെന്ന്’ -2007ൽ കോഴിക്കോട്ട് ജാവേദ് ആനന്ദ് പറഞ്ഞിരുന്നു. പൊതുമണ്ഡലം ഹിന്ദുത്വത്തിനനുവദിച്ചുകൊടുക്കുന്ന ഇടം എങ്ങനെ വികസിച്ചുവരുന്നുവെന്ന് അന്ന് ആലോചിക്കുകയും ചെയ്തു. മോദിക്കു പകരം എങ്ങനെയെങ്കിലും അദ്വാനി പ്രധാനമന്ത്രിയായാൽ മതിയായിരുന്നു എന്ന് പല സദസ്സുകളിലും അടക്കംപറഞ്ഞുകേട്ടിരുന്ന മാ൪ച്ച് മാസത്തിലാണ് ഖുശ്വന്ത് സിങ്ങിൻെറ ശവദാഹചടങ്ങ് നടന്ന ലോധി റോഡിലെ ശ്മശാനത്തിൽവെച്ച് എൽ.കെ. അദ്വാനിയെ കണ്ടത് (ഖുശ്വന്ത് സിങ്ങിൻെറ പൗത്രി സുഹൃത്തും സഹപ്രവ൪ത്തകയുമായതിനാലാണ് ഞാൻ അവിടെയുണ്ടായിരുന്നത്). വെളുത്ത കു൪ത്തയും കറുത്ത നെഹ്റു ജാക്കറ്റുമണിഞ്ഞ് കൈയത്തെുംദൂരത്ത് നിന്ന ആ മനുഷ്യനെ എത്ര എതി൪പ്പോടെയും ഭീകരതയോടെയുമാണ് ഒരുകാലത്ത് കണ്ടിരുന്നതെന്ന് ഞാൻതന്നെയും മറന്നുപോകുന്നല്ളോ എന്ന് കൗതുകത്തോടെ ജാവേദ് ആനന്ദിൻെറ വാക്കുകൾ ഓ൪ത്തു. ബി.ജെ.പിയുടെ ഈ തീപ്പൊരി നേതാവ് ക്ഷീണിതനായി, പാ൪ശ്വവത്കരിക്കപ്പെട്ട്, കേഡറിന് ഒട്ടും വേണ്ടാതെ, പാ൪ട്ടിയുടെ എതിരാളികൾക്ക് സമ്മതനാകുന്ന സൗമ്യമുഖമായി എങ്ങനെ രൂപാന്തരപ്പെട്ടു?
മാധ്യമങ്ങൾ യുവരക്തം വൃദ്ധ സാന്നിധ്യങ്ങളെ തള്ളിമാറ്റിക്കൊണ്ട് മുന്നോട്ടുവരുന്നു എന്ന പ്രതീതിയാണ് ഉണ്ടാക്കുന്നത്. 87കാരനായ അദ്വാനിയും 68കാരനായ മോദിയും ഏത് കണക്കനുസരിച്ച് നോക്കിയാലും സീനിയ൪ സിറ്റിസൺസ് തന്നെ. കാലം ചെല്ലുന്തോറും സ്വീകാര്യമായ ഹിന്ദുത്വത്തിൻെറ തീവ്രത കൂടിക്കൂടി വരുകയാണെന്ന് നിരീക്ഷിച്ചാൽ, മുൻഗാമികളെ അരികത്താക്കേണ്ട ആവശ്യം എന്താണ് ബി.ജെ.പിയെ സംബന്ധിച്ച് എന്ന് ചോദിക്കാം. ഒരു പ്രത്യയശാസ്ത്രം എന്നനിലക്ക് ഹിന്ദുത്വത്തെ മനസ്സിലാക്കുന്നതിനുള്ള ചില ഉൾക്കാഴ്ചകൾ അദ്വാനിയുടെ രാഷ്ട്രീയ ജീവിതം മുന്നോട്ടുവെക്കുന്നുണ്ട്.
സിന്ധ് പ്രദേശം പാകിസ്താൻെറ ഭാഗമായ സമയത്ത് കറാച്ചിയിലെ വീടുവിട്ട് അഭയാ൪ഥികളായി ഡൽഹിയിലേക്ക് വരേണ്ടിവന്ന ലാൽ കൃഷ്ണ അദ്വാനി കറാച്ചിയിൽ വെച്ചുതന്നെ രാഷ്ട്രീയ സ്വയം സേവകിൻെറ പ്രവ൪ത്തകനായിരുന്നു. 70കളിലും 80കളിലും ഹിന്ദുത്വത്തിൻെറ അചഞ്ചലനായ വക്താവായി, ജനസംഘത്തിലെ തീവ്രവാദ വിഭാഗക്കാരനായി നിലകൊണ്ടിരുന്ന അദ്വാനി ദേശീയ ശ്രദ്ധയാക൪ഷിക്കുന്നത് അയോധ്യയിൽ 500 വ൪ഷം പഴക്കമുള്ള ബാബരി മസ്ജിദ് തക൪ത്ത് രാമക്ഷേത്രം പണിയണമെന്ന ആവശ്യവുമായി 1990ൽ രഥരൂപത്തിൽ അലങ്കരിച്ച ടൊയോട്ട കാറിൽ അദ്ദേഹം തൻെറ രഥയാത്ര ആരംഭിച്ചതോടെയാണ്. ഹിന്ദുമത വികാരങ്ങൾക്ക് തീപിടിപ്പിച്ചുകൊണ്ട്, ഹിന്ദു അഭിമാനമെന്ന ദേശീയ കാറ്റഗറിയെ സൃഷ്ടിച്ചുകൊണ്ട്, അദ്വാനിയുടെ വാഹനവ്യൂഹം ബാബരി മസ്ജിദിൻെറ തക൪ച്ചയിലത്തെിച്ചതിൻെറ പിന്നിലെ രാഷ്ട്രീയ വ്യവഹാര സാഹചര്യം എന്തായിരുന്നു?
1979ൽ മൊറാ൪ജി ദേശായി ഗവൺമെൻറ് നിയമിച്ച ബി.പി. മണ്ഡൽ അധ്യക്ഷനായുള്ള കമീഷൻ റിപ്പോ൪ട്ട് കോൺഗ്രസിൻെറ ദേശീയതാവാദത്തിൻെറയും മാ൪ക്സിസ്റ്റുകാരുടെ വ൪ഗ-വിപ്ളവ ധാരകളുടെയും പ്രകടമായിത്തുടങ്ങിയ ദൗ൪ബല്യങ്ങൾക്കു പകരമായി സാമൂഹിക ജീവിതത്തെ നിയന്ത്രിച്ചിരുന്ന ജാതി എന്ന സങ്കൽപത്തെ രാഷ്ട്രീയ വിഷയമാക്കി. ജാതീയമായ സ്വത്വം ജീവിതാനുഭവമെന്നപോലെ, രാഷ്ട്രീയ സാഹചര്യത്തെ പഠിക്കാനും അവകാശ സമരങ്ങൾക്കും ഒരുപകരണമെന്ന നിലക്ക് വളരുന്നത് ബ്രിട്ടീഷുകാ൪ ഇന്ത്യാ ചരിത്ര പഠനത്തിലൂടെ നി൪മിച്ച ഹിന്ദു, മുസ്ലിം എന്നീ വിഭാഗങ്ങളുടെ തക൪ച്ചയിലേക്ക് നയിക്കുമെന്നും തങ്ങളെ രാഷ്ട്രീയപരമായി അസാധുവാക്കുമെന്നും ബി.ജെ.പിക്കും അവരുടെ മേൽജാതി നേതൃത്വത്തിനും മനസ്സിലായി. വിവിധ ജാതി വിഭാഗങ്ങൾ തമ്മിലുള്ള സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ താൽപര്യ സംഘട്ടനങ്ങളെയും നിത്യജീവിത പ്രശ്നങ്ങളെയും രാഷ്ട്രീയ പ്രശ്നമാവാൻ വിടുകയെന്നാൽ ഹിന്ദുക്കളെ ഒറ്റ വിഭാഗമായി അവതരിപ്പിച്ച് മേധാവിത്വം തങ്ങളിൽ നിലനി൪ത്തുന്ന മേൽജാതിക്കാരുടെ താൽപര്യങ്ങൾക്ക് കാര്യമായ ആഘാതം സംഭവിക്കുക എന്നുതന്നെയായിരുന്നു. ഈ സാഹചര്യത്തിൽ ഹിന്ദുക്കൾക്കൊരു പൊതുപ്രശ്നമുണ്ടെന്നും അത് മറ്റൊരു വിഭാഗത്തിനെതിരെ അവരെ ഒരുമിപ്പിക്കുമെന്നുമുള്ള പ്രചാരമാണ് വേണ്ടിയിരുന്നത്. കീഴ്ജാതി ഗ്രൂപ്പുകളുടെ സ്വത്വ രാഷ്ട്രീയത്തിനെതിരെ ഹിന്ദു സുദൃഢീകരണത്തിന് വേണ്ടിയുള്ള ചിഹ്നരാഷ്ട്രീയമായാണ് അദ്വാനി പ്രാഥമികമായി രഥയാത്ര തുടങ്ങിയത്. പള്ളി അതിനൊരു ഒഴിവുകഴിവ് മാത്രമായിരുന്നു. ആ യാത്രയുടെ ഗുണഭോക്താക്കൾ മേൽജാതിക്കാ൪തന്നെയായിരുന്നു. അങ്ങനെ ഹിന്ദുത്വം ഇന്ത്യയിൽ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെ തികച്ചും നാടകപരതയോടെ, ഒരു പുതിയ ച൪ച്ചാതലംതന്നെയുണ്ടാക്കി അഭിമുഖീകരിച്ചത് അദ്വാനിയാണ്. അന്ന് അദ്വാനിയുണ്ടാക്കിയ ദേശീയവ്യാപ്തിയുള്ള ദൃശ്യതയില്ലായിരുന്നെങ്കിൽ 1999ൽ അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയാകുമായിരുന്നില്ല എന്നതും വ്യക്തമാണ്. (ബാബരി മസ്ജിദ് എന്ന ഒരു ചിഹ്നത്തെ ഒരു ദേശീയ പ്രശ്നമാക്കി, ഹിന്ദുക്കളെയും മുസ്ലിംകളെയും വൈകാരികമായി ഭിന്നിപ്പിച്ച്, വലിയ നിയമപ്രശ്നങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും നയിച്ച പ്രവ൪ത്തനങ്ങളുടെ ധാ൪മികത ഇവിടെ ച൪ച്ചചെയ്യുന്നില്ല. രാഷ്ട്രീയ ച൪ച്ചാ പരിസരങ്ങളുടെ നയപരതയും അവയുടെ ചരിത്ര പ്രാധാന്യവും മാത്രമാണിവിടത്തെ വിഷയം.)
പക്ഷേ, മണ്ഡൽ രാഷ്ട്രീയം ഉത്തരേന്ത്യയുടെ രാഷ്ട്രീയ ച൪ച്ചാ പരിസരത്തിൽ വരുത്തിയ മാറ്റം പെട്ടെന്ന് അവസാനിച്ചുപോവുന്ന ഒന്നായിരുന്നില്ല. ഹിന്ദുത്വ ഏകീകരണമെന്ന കെട്ടുകാഴ്ചയുടെ കെട്ടിറങ്ങിയപ്പോൾ യാദവ രാഷ്ട്രീയവും ദലിത് രാഷ്ട്രീയവും ബഹുജന രാഷ്ട്രീയവും തങ്ങളുടെ തൃണമൂൽ വേരുകളിലൂന്നി വള൪ന്ന് അധികാരം നേടുകതന്നെ ചെയ്തു. സംവരണ രാഷ്ട്രീയവും ഹിന്ദുത്വ രാഷ്ട്രീയവുമായുള്ള പോരാട്ടമായി ഉത്തരേന്ത്യൻ രാഷ്ട്രീയം മാറുകയും ചെയ്തു. എന്നാൽ, അഴിമതിയിലൂടെയും ഗുണ്ടായിസത്തിലൂടെയും സ്വജനപക്ഷപാതിത്വത്തിലൂടെയും ജാതിയെന്ന ജീവിതാനുഭവത്തെ മണ്ഡൽ രാഷ്ട്രീയക്കാ൪ ശൂന്യമായ ഒരു ചിഹ്നമാക്കി മാറ്റി. ഇത്തരം ഒഴിഞ്ഞ പാത്രങ്ങളെ ശക്തമായ നേതൃസ്വരൂപത്തിലൂടെ ഹിന്ദുത്വത്തിൻെറ ഭാഗമാക്കാൻ മോദിക്ക് സാധിച്ചു.
അധാ൪മികമായ രാഷ്ട്രീയ നേതൃത്വത്തിനു കീഴിൽ സാമൂഹിക പ്രസക്തി നഷ്ടപ്പെട്ട സംവരണ രാഷ്ട്രീയത്തെ കൈവഴിയാക്കി മാറ്റാൻ മേൽജാതി രാഷ്ട്രീയത്തിന് വേണ്ടിവന്നത് സംവരണ വിരുദ്ധമായ വാദങ്ങളെ മാറ്റിവെക്കുക മാത്രമായിരുന്നു. അവയെ അഭിമുഖീകരിക്കാത്തിടത്തോളം ഭൂരിപക്ഷതാവാദത്തിനുള്ള സ്കോപ്പ് അവ൪ മനസ്സിലാക്കുകയും ശക്തൻെറ ഭരണം നടക്കുന്ന ഒരവസ്ഥയുണ്ടായാൽ ധാ൪മികതയും നിയമവ്യവസ്ഥയും ദു൪ബലമാകുമെന്നും സമുദായത്തിലെ പണക്കാരുടെയും മേധാവിത്വമുള്ളവരുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള അവസ്ഥ നിലനിന്നുകൊള്ളുമെന്നും മനസ്സിലാക്കാനുള്ള സാമൂഹികശാസ്ത്ര വിവേകം തൽപരകക്ഷികൾ കാണിക്കുകയും ചെയ്തു. ഈ പ്രക്രിയയിൽ മുസ്ലിംകളെത്രകണ്ട് ഒരുമിച്ചാലും അതും തങ്ങൾക്ക് ഗുണകരമാണെന്ന് അവ൪ മനസ്സിലാക്കി. അപ്പോഴാണല്ളോ ആ വിഭാഗത്തിനെതിരെ മറ്റേ വിഭാഗത്തെ യോജിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനാവുക.
ഇത്തരമൊരു ഘട്ടത്തിൽ ബി.ജെ.പിക്ക് അദ്വാനിയെ എന്തിനാണ്? ഭൂതകാലനേതാക്കളെ ഒരു ഉപകാരസ്മരണയുമില്ലാതെ തള്ളിക്കളയുന്ന ഈ രീതിയിൽനിന്ന് ഹിന്ദുത്വത്തെപ്പറ്റി എന്താണ് മനസ്സിലാക്കാനാവുക. പ്രചാരണകാലത്തുടനീളം ബി.ജെ.പി 67 കൊല്ലത്തെ ഇന്ത്യാ ഭരണത്തെ തള്ളിപ്പറഞ്ഞപ്പോൾ അവ൪ മറന്നുപോയത് അക്കൂട്ടത്തിൽ ബി.ജെ.പി ഭരിച്ച ആറ് വ൪ഷം കൂടിയുണ്ടെന്നതാണ്. സമീപഭൂതകാലത്തെ ഇങ്ങനെ തള്ളിപ്പറയുന്നതിനനിവാര്യമാക്കുന്നതായി എന്താണവരുടെ പ്രത്യയശാസ്ത്രത്തിലുള്ളത്?
ഹിന്ദുത്വത്തിൻെറ ചരിത്രപരമായ അടിത്തറ ബ്രിട്ടീഷ് ചരിത്ര പാഠങ്ങളാണെന്നതുപോലെ, അവരുടെ രാഷ്ട്രീയ അടിത്തറ ഇല്ലായ്മകളിലും ഭീതികളിലും അധിഷ്ഠിതമാണ്. തങ്ങൾ നൂറ്റാണ്ടുകളായി രാഷ്ട്രീയമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സാംസ്കാരികമായി അടിമകളാക്കപ്പെട്ടവരാണെന്നും ഉള്ള പ്രചാരണത്തിലൂടെ ഉടൻ പ്രത്യാക്രമണം നടത്തിയില്ളെങ്കിൽ സാമുദായികതയും ജീവനുംതന്നെ നഷ്ടപ്പെട്ടേക്കാം എന്ന അടിയന്തരാവസ്ഥയിൽ ആളുകളെ നി൪ത്തി അവരെ പട്ടാളവത്കരിക്കാനുള്ള പദ്ധതിയാണ് ഏത് ഭൂരിപക്ഷതാവാദവും. സാമൂഹിക യാഥാ൪ഥ്യങ്ങളെപ്പറ്റിയോ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ അവ൪ സംസാരിക്കില്ല. ഏതെങ്കിലും ശത്രുവില്ലാതെ അതിന് നിലനിൽപില്ല. ഭീതിയുടെയും വെറുപ്പിൻെറയും ഈ രീതി നടത്തിയെടുക്കാൻ വ്യക്തിത്വങ്ങളെ ആവശ്യമുണ്ട്. ആ ആവശ്യം കഴിഞ്ഞാൽ അവരെ ദൂരെക്കളയാൻ ഒരു മടിയുമില്ല താനും.
വില്യം ഷേക്സ്പിയറുടെ ‘ഒഥല്ളോ’വിലെ ഇയാഗോ എന്ന (പ്രത്യേകിച്ച് ഒന്നും നേടാനില്ലാത്ത) അസൂയയുടെ മൂ൪ത്തിയായവതരിപ്പിക്കപ്പെടാറുള്ള കഥാപാത്രത്തോട് അദ്വാനിയുടെ രാഷ്ട്രീയ ഭാഗധേയത്തിനുള്ള സാമ്യം ശ്രദ്ധേയമാണ്. വെളുത്ത വംശക്കാരിയും ക്രിസ്ത്യാനിയും വെനീസുകാരിയും ആയ ഡെസ്ഡിമോണയെ കറുത്ത വംശക്കാരനും മുസ്ലിമും ആയ ഒഥല്ളോ പ്രണയിച്ച് വിവാഹം കഴിക്കുന്നത് വെനീഷ്യൻ വംശീയതക്ക് വലിയ ആഘാതമാണ്. വംശസങ്കരമാണല്ളോ വംശശുദ്ധി ഏറ്റവും പേടിക്കുന്ന കാര്യം. ഒഥല്ളോയുടെയും ഡെസ്ഡിമോണയുടെയും കുട്ടികൾ വംശീയതയെയും അത് നൽകുന്ന മേധാവിത്വത്തെയും എല്ലാ തലത്തിലും തക൪ത്തുകളയുമെന്ന ഭീതി വെള്ളക്കാരുടെ അബോധത്തിൽ തങ്ങിനിൽക്കുന്നുണ്ട്. അതിൻെറ ആവശ്യമാണ് ഒഥല്ളോയുടെയും ഡെസ്ഡിമോണയുടെയും നാശം (ഇയാഗോവിന് ഒഥല്ളോയോട് ആകെയുള്ള ദേഷ്യം തനിക്ക് പകരം മറ്റൊരാളെ ലെഫ്റ്റനൻറായി നിയമിച്ചു എന്നത് മാത്രമാണ്. ആ സ്ഥാനം കുറെക്കഴിഞ്ഞ് ഇയാഗോവിന് കിട്ടുന്നുമുണ്ട്). കോപിതനും നിരാശനും തെറ്റിദ്ധരിക്കപ്പെട്ടവനുമായ ഒഥല്ളോ ഡസ്ഡിമോണയെ കൊല്ലുന്നു. താൻ തെറ്റിദ്ധരിച്ചാണ് ഭാര്യയെ കൊന്നതെന്ന് മനസ്സിലാക്കി ആത്മഹത്യയും ചെയ്യുന്നു. ഇയാഗോവിനെ വിചാരണ ചെയ്യാൻ വേണ്ടി ഭരണകൂടം പിടികൂടുന്നു.
ഒഥല്ളോവിനെ നശിപ്പിച്ചിട്ട്, അയാളെക്കൊണ്ട് ഡസ്ഡിമോണയെ കൊല്ലിച്ചിട്ട് ഇയാഗോവിന് ഒന്നും കിട്ടാനില്ല. അയാൾക്കാവശ്യമുള്ളത് (ലെഫ്റ്റനൻറ് സ്ഥാനം) കിട്ടിക്കഴിഞ്ഞിട്ടും അയാൾ സ്വന്തം നാടകം തുടരുകയാണ്. അതിനവസാനം അയാൾക്കെല്ലാം നഷ്ടപ്പെടുന്നു. ഇയാഗോ തൻെറ ദുഷ്ട പദ്ധതിയിലുടനീളം ഉപയോഗപ്പെടുത്തിയ വെളുത്തവൻെറ ശുദ്ധിയുടെയും കറുത്തവൻെറ അധമ ബോധത്തിൻെറയും യുക്തിയെ നിലനി൪ത്തുന്ന രാഷ്ട്രീയ മേലാളന്മാ൪തന്നെയാണ് ഇയാഗോവിനെ ഈ ദുരന്തത്തിന് കാരണമായി കുറ്റപ്പെടുത്തുന്നത്. ഭരണവ൪ഗത്തിൻെറ ഭരണം നിലനി൪ത്താനുള്ള ഉപകരണം മാത്രമായിരുന്നു ഇയാഗോ. കുറ്റപ്പെടുത്താൻ എല്ലാവ൪ക്കും ഇയാഗോവിൻെറ കാര്യലാഭം പോലും നോക്കാത്ത ദുഷ്ടബുദ്ധിയുണ്ട്. കാര്യലാഭമുണ്ടായതോ തൊട്ടുകാണിക്കാൻ പോലുമാവാത്ത വിധം അദൃശ്യതയിലിരിക്കുന്ന ഒരു വിഭാഗത്തിനും.
ഹിറ്റ്ലറെ ജൂത വിരോധത്തിൻെറയും ജൂതകുരുതിയുടെയും ഏക ഉത്തരവാദിയായി കാണുന്നവ൪ 2000 കൊല്ലത്തോളം ക്രിസ്ത്യൻ ലോകത്തു നിലനിന്ന ജൂതവിരുദ്ധ മനോഭാവത്തിൻെറ അടിത്തറയെ അദൃശ്യമാക്കുകയാണ്. ‘ഹിറ്റ്ലറുടെ സ്വയം തയാറായിരുന്ന ആരാച്ചാ൪മാ൪; സാധാരണ ജ൪മൻകാരും ജൂത വംശഹത്യയും’ (Hitler’s willig Executioners Ordinary Germans & The Holocaust) എന്ന പുസ്തകത്തിൽ ഡാനിയെൽ ഗോൾഡ് ഹാഗൻ വാദിച്ചത് ഹിറ്റ്ല൪ പ്രവ൪ത്തിച്ചിരുന്നത് ജ൪മൻകാരുടെ ജൂത വിരുദ്ധതയുടെ മേൽതന്നെയാണെന്നാണ്. ഹിറ്റ്ലറുടെ വരവോടെ രാഷ്ട്രീയാസ്തിത്വം ലഭിക്കുകയും സ്ഥാപനങ്ങളുടെ അപവിത്രീകരണത്തിലൂടെ സാധാരണത്വവത്കരിക്കപ്പെടുകയും ചെയ്ത ഹോളോകാസ്റ്റിൻെറ മറുപുറം കോ൪പറേറ്റ് പിന്തുണയുടെതും ചൂഷണത്തിൻേറതുമാണ്. കൊഡാക്, ഐ.ബി.എം, വോൾക്സ് വാഗൻ, സീമെൻസ്, കൊക്കക്കോള, ഫോ൪ഡ്, സ്റ്റാൻഡേ൪ഡ് ഓയൽ, ചെയ്സ് ബാങ്ക്, റാൻറം ഹൗസ് പബ്ളിഷിങ് എന്നീ കമ്പനികൾ ഹിറ്റ്ലറുടെ നാസി ഭരണത്തിൻെറ ജൂതവേട്ടയിൽനിന്ന് ലാഭമുണ്ടാക്കിയവരാണ്. കൊഡാക്കിൻെറ ജ൪മൻ ശാഖ കോൺസെൻട്രേഷൻ ക്യാമ്പിൽനിന്നുള്ള ജൂതരെ അടിമപ്പണിക്കായി ഉപയോഗിച്ചിരുന്നു. റാൻറം ഹൗസിൻെറ മാതൃകമ്പനിയായ ബെ൪ട്ട്സ്ൽമാൻ പുറത്തിറക്കിയ ഒരു പുസ്തകത്തിൻെറ പേര് ശ്രദ്ധേയമാണ്: ‘വന്ധ്യംകരണവും ദയാവധവും: പ്രാവ൪ത്തിക ക്രിസ്ത്യൻ ധാ൪മികതക്കൊരു സംഭാവന.’ ഇങ്ങനെയുള്ളവരാരും ഇന്ന് ചരിത്രത്തിലില്ല. കുറ്റം ഹിറ്റ്ലറുടേതു മാത്രം.
മുഹമ്മദലി ജിന്ന ‘ഹിന്ദു-മുസ്ലിം ഐക്യത്തിൻെറ അംബാസഡറാണ്’ എന്ന ഗോഖലെയുടെ വാക്യം പാകിസ്താനിൽ ചെന്ന് ആവ൪ത്തിച്ചതിന് വലിയ വില കൊടുക്കേണ്ടിവന്ന ചരിത്രമുണ്ട് അദ്വാനിക്ക് (ജസ്വന്ത് സിങ്ങിനും തൻെറ പുസ്തകത്തിൻെറ കാര്യത്തിൽ ഇത്തരമൊരു അനുഭവമുണ്ടായി). ഇവ൪ രണ്ടുപേരും 20ാം നൂറ്റാണ്ടിൻെറ ആദ്യ ദശകങ്ങളിലെ മൃദു ഹൈന്ദവതയുടേതായ കോൺഗ്രസ് ധാരയെ പുനരുജ്ജീവിപ്പിക്കാമെന്ന് തെറ്റിദ്ധരിച്ചവരായിരുന്നു. അന്നത്തെ കോൺഗ്രസ് അടിസ്ഥാനപരമായി ഒരു ഹിന്ദു പാ൪ട്ടിയായിരുന്നു; മുസ്ലിംലീഗ് മുസ്ലിം പാ൪ട്ടിയും. രണ്ടു പാ൪ട്ടികളും സമ്പന്ന മേൽജാതിക്കാരുടെ നേതൃത്വത്തിലായിരുന്നതിനാൽ അവ൪ തമ്മിലുള്ള പാരസ്പര്യത്തിലൂടെ ഇന്ത്യൻ സ്വദേശിയുടെ നേതൃത്വം നേടുക എന്ന സൗകര്യപൂ൪വമായ ഒരു അറേഞ്ച്മെൻറിൻെറ പേരിലാണ് ജിന്നയെ ഐക്യത്തിൻെറ അംബാസഡ൪ എന്ന് ഗോഖലെ വിശേഷിപ്പിച്ചത്.
ആ ഭൂതകാലത്തെ ഉയ൪ത്തിക്കൊണ്ടുവന്നാൽ മൃദു ഹിന്ദുത്വത്തിൻേറതും സ്വീകാര്യതയുടേതുമായ ഒരു മുഖം സൃഷ്ടിക്കാം എന്ന ധാരണ അബദ്ധമാകാൻ കാരണം ഭൂരിപക്ഷതാവാദത്തിൻെറ യുക്തിയിൽ തിരിഞ്ഞുപോക്കില്ല. പിന്നെപ്പിന്നെ ഡോസ് കൂട്ടിക്കൊണ്ടിരിക്കണം. തിരിഞ്ഞുപോക്കിന് സമകാല ചരിത്രം വേണം. ഹിന്ദുത്വത്തിനുള്ളത് മിത്തിൻെറ സ്വഭാവത്തോടെ പ്രവ൪ത്തിക്കുന്ന കാൽപനികവത്കരിക്കപ്പെട്ട വിദൂര ഭൂതകാലം മാത്രമാണ്. അവിടെ സംജ്ഞകളേയുള്ളൂ; വ്യക്തികളും വികാരങ്ങളുമില്ല.
ശത്രുപക്ഷത്തെയുണ്ടാക്കി, ഭീതിയിലും അരക്ഷിതാവസ്ഥയിലും അക്രമ പരതയിലും മാത്രം വളരുന്ന സംഹിതകൾ കറുത്ത ഗ൪ത്തങ്ങളെപ്പോലെയാണ്. ഒരു ലക്ഷ്യത്തിലേക്കുമല്ല നീങ്ങുന്നതെങ്കിലും അത് വക്താക്കളെയും നേതാക്കളെയും എല്ലാവരെയും അടക്കം നിലയില്ലാത്ത ഇരുട്ടിലേക്ക് എറിഞ്ഞുകളയുന്നു. അദ്വാനി വ൪ത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിലെ ആ ഇയാഗോ രൂപത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story