ഐ.എ.എസുകാര്‍ക്കിടയില്‍ ചേരിതിരിവ് രൂക്ഷം; മുഖ്യമന്ത്രിയെ കാണും
text_fieldsതിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷണിനെതിരെ മുതി൪ന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജുനാരായണസ്വാമി ഗുരുതര ആരോപണമുന്നയിച്ചതിനെ തുട൪ന്ന് സംസ്ഥാനത്തെ ഐ.എ.എസുകാ൪ക്കിടയിൽ ചേരിതിരിവ് രൂക്ഷമായി. വിഷയം ച൪ച്ച ചെയ്യുന്നതിന് ഐ.എ.എസ് അസോസിയേഷൻ മുഖ്യമന്ത്രിയെ കാണാൻ അനുമതി ആവശ്യപ്പെട്ടു.
രാജു നാരായണ സ്വാമിയുടെ പരാതിക്കു പിന്നാലെ ചീഫ് സെക്രട്ടറിക്കെതിരെ കൂടുതൽ ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥ൪ പരാതിയുമായി രംഗത്തത്തെിയിരുന്നു. ഭരത് ഭൂഷണിനെ അനുകൂലിച്ചും പ്രതികൂലിച്ചും എന്ന തരത്തിൽ ഐ.എ.എസുകാ൪ക്കിടയിലുണ്ടായ ശീതസമരം ഭരണകാര്യങ്ങളെ ബാധിക്കരുതെന്ന് സ൪ക്കാ൪ ക൪ശന നി൪ദേശം നൽകി. ഇതേപറ്റി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദൻ നിയമസഭയിൽ ഉന്നയിച്ചു. സ൪ക്കാ൪ കുന്തം വിഴുങ്ങി നിൽക്കുകയാണെന്ന് വി.എസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജുനാരായണസ്വാമി ചീഫ് സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഐ.എ.എസ് അസോസിയേഷന് പരാതി നൽകിയത്. മൂന്നാ൪ ഓപ്പറേഷൻെറ കാലത്ത് റിസോ൪ട്ട് മാഫിയകൾക്കു വേണ്ടി ഭരത് ഭൂഷൺ ഇടപെട്ടിരുന്നെന്നും അതിനു വഴങ്ങാത്തതിൻറെ പേരിൽ വ്യക്തി വൈരാഗ്യത്തോടെ പെരുമാറുന്നുവെന്നായിരുന്നു രാജുനാരായണ സ്വാമിയുടെ ആരോപണം. പരാതി കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
രാജുനാരായണ സ്വാമിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെ മന്ത്രിസഭ ചുമതലപ്പെടുത്തി. വിഷയത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥ൪ അനാവശ്യമായി ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നതും മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്നതും പരിശോധിക്കാനും ധാരണയായി. രാജു നാരായണ സ്വാമി മുഖ്യമന്ത്രിക്ക് പരാതി നൽകും മുമ്പ് ഐ.എ.എസ് അസോസിയേഷന് പരാതി നൽകിയെന്നതും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെതിരെ ഗുരുതര പരാമ൪ശം നടത്തിയെന്നതും അന്വേഷണ പരിധിയിലുണ്ട്. പരാതി മാധ്യമങ്ങൾക്ക് ലഭിക്കാനിടയായതും അന്വേഷിക്കും.
മുതി൪ന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ ടോം ജോസ് മഹാരാഷ്ട്രയിൽ ഭൂമി വാങ്ങിയത് സംബന്ധിച്ച വിവാദവും ഐ.എ.എസ് ലോബിക്കിടയിൽ പുകയുന്നുണ്ട്. നിലവിൽ ഐ.എ.എസ് അസോസിയേഷൻ പ്രസിഡൻറാണ് ടോം ജോസ്. ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തണമെന്ന് ചീഫ് സെക്രട്ടറി സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയിട്ടുണ്ട്. ജൂനിയ൪ ഐ.എ.എസ് ഉദ്യോഗസ്ഥന്മാരുടെ കോൺഫിഡൻഷ്യൽ റിപ്പോ൪ട്ടിൽ ഭരത്ഭൂഷൺ പ്രതികൂല പരാമ൪ശങ്ങൾ രേഖപ്പെടുത്തുന്നുവെന്ന വിമ൪ശവും അസോസിയേഷൻ ഉയ൪ത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.