റെയില്‍വേ ചരക്കുകൂലി വര്‍ധിപ്പിച്ചത് 6.5 ശതമാനം
text_fieldsകൊച്ചി: ചരക്ക് കടത്തുകൂലിയിൽ റെയിൽവേ ആറര ശതമാനം കൂട്ടിയപ്പോൾ, സിമൻറ് കമ്പനികൾ ഉപഭോക്താവിൻെറമേൽ ചുമത്തിയത് അതിൻെറ ഏഴിരട്ടി. അതോടെയാണ് സിമൻറ് പാക്കറ്റ് വിലയിൽ 35 രൂപയുടെ വ൪ധന സാധാരണക്കാരൻെറ ചുമലിലായത്.
ആന്ധ്രയിൽനിന്നാണ് പ്രധാനമായും കേരളത്തിലേക്ക് സിമൻറ് വരുന്നത്. 63 ടൺ ഭാരം കയറ്റാവുന്ന ഒരു വാഗണിൽ പാക്കറ്റായി സിമൻറ് കയറ്റിയാൽതന്നെ ചുരുങ്ങിയത് 1200 പാക്കറ്റ് സിമൻറ് കൊള്ളും. ആന്ധ്രയിൽനിന്ന് 50 കിലോയുടെ ഒരുപാക്കറ്റ് സിമൻറ് കേരളത്തിലത്തെിക്കാൻ ശരാശരി 78 രൂപയുടെ കടത്തുകൂലിയാണ് വരികയെന്ന് ചരക്ക് കടത്ത് രംഗത്ത് പ്രവ൪ത്തിക്കുന്നവരും റെയിൽവേ വൃത്തങ്ങളും പറയുന്നു. റെയിൽവേ കടത്തുകൂലി വ൪ധിപ്പിക്കുന്നതിന് മുമ്പുള്ള നിരക്കാണിത്.
കഴിഞ്ഞ 24 മുതൽ ചരക്ക് കൂലിയിൽ റെയിൽവേ ആറര ശതമാനം വ൪ധനവാണ് വരുത്തിയത്. ഇതനുസരിച്ച് ചരക്ക് കടത്ത് കൂലിയുടെ പേരിൽ പരമാവധി വ൪ധിപ്പിക്കാവുന്നത് 5.07 രൂപയാണ്. പത്തുരൂപവരെ വ൪ധിപ്പിച്ചാലും മനസ്സിലാക്കാമെന്നാണ് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ തുടങ്ങി നി൪മാണരംഗത്ത് പ്രവ൪ത്തിക്കുന്നവരുടെയും നിലപാട്. ഇതിനുപകരം മൊത്തം സിമൻറ് വിലയുടെ പത്ത് ശതമാനമായ 35 രൂപയാണ് സിമൻറ് കമ്പനികൾ വ൪ധിപ്പിച്ചത്.
കഴിഞ്ഞ സാമ്പത്തിക വ൪ഷം കമ്പനികൾക്ക് ഉണ്ടായ നഷ്ടം നികത്തുന്നതിന് ഈ അവസരം ഉപയോഗപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന.
ചരക്ക് കടത്തുകൂലിയുടെ മറവിൽ സിമൻറ് വില കുത്തനെ ഉയ൪ത്തിയാൽ പഴി റെയിൽവേയുടെ ചുമലിൽ ഇരിക്കും.
സിമൻറ് നി൪മാണ കമ്പനികൾ യോജിച്ചാണ് വില വ൪ധിപ്പിക്കാൻ തീരുമാനിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ നി൪മാണ കമ്പനികൾ സിമൻറ് സ്റ്റോക്കെടുപ്പ് നി൪ത്തിവെച്ചിരിക്കുകയാണ്.
കേരളത്തിലും ഇതിനുള്ള നീക്കം വിവിധ തലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം, കോംപറ്റീഷൻ കമീഷൻ ഓഫ് ഇന്ത്യക്ക് പരാതി നൽകാനും നീക്കം ആരംഭിച്ചിട്ടുണ്ട്.
കമ്പനികൾ യോജിച്ചുള്ള ഇത്തരം അനാരോഗ്യ പ്രവണതകൾ ഒഴിവാക്കുന്നതിന് നടപടിയെടുക്കാൻ 2009ൽ കേന്ദ്ര ഗവൺമെൻറിന് കീഴിൽ ആരംഭിച്ചതാണ് കോംപറ്റീഷൻ കമീഷൻ. വരും ദിവസങ്ങളിൽ തന്നെ കമീഷന് മുമ്പിൽ പരാതിയുമായി എത്തുമെന്ന് പ്രമുഖ നി൪മാണ കമ്പനി ഉടമകൾ ‘മാധ്യമ’ത്തോട് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.