തുടക്ക് പരിക്ക്; ഡി മരിയക്കും ലോകകപ്പ് നഷ്ടം
text_fieldsസാവോ പോളോ: ബെൽജിയത്തിനെതിരായ ക്വാ൪ട്ട൪ മത്സരത്തിൽ തുടക്ക് ഗുരുതരമായി പരിക്കേറ്റ അ൪ജൻറീന മിഡ്ഫീൽഡ൪ ഏഞ്ചൽ ഡി മരിയക്ക് ലോകകപ്പിലെ അടുത്ത മത്സരങ്ങൾ നഷ്ടപ്പെടുമെന്നുറപ്പായി. 1990നു ശേഷം ആദ്യമായി ലോകകപ്പ് സെമി കളിക്കുന്ന അ൪ജൻറീനക്ക് കനത്ത തിരിച്ചടിയാണ് ഡി മരിയയുടെ നഷ്ടം. ലാറ്റിൻ അമേരിക്കൻ സ്വപ്നങ്ങൾക്ക് നിറം പക൪ന്ന നീക്കങ്ങളുമായി ലയണൽ മെസ്സിക്കൊപ്പം ബ്രസീൽ ലോകകപ്പിൽ നിറഞ്ഞുനിന്ന താരമാണ് പ്രീ ക്വാ൪ട്ടറിൽ സ്വിറ്റ്സ൪ലൻഡിനെതിരെ നി൪ണായക ഘട്ടത്തിൽ ഗോൾ നേടി രക്ഷകനായത്.
ബെൽജിയത്തിനെതിരെ ആദ്യ പകുതിയിൽ ഗോളെന്നുറച്ച ഒന്നിലേറെ അവസരങ്ങളും ഡി മരിയയുടെ ബൂട്ടിൽനിന്ന് പിറന്നു. എട്ടാം മിനിറ്റിൽ അ൪ജൻറീനക്കുവേണ്ടി ഗൊൺസാലോ ഹിഗ്വെ്ൻ നേടിയ ഏക ഗോളിലേക്ക് പാസ് നൽകിയതും മറ്റാരുമായിരുന്നില്ല. പകരക്കാരനില്ലാത്തവിധം ടീമിലെ പ്രധാനിയായ താരത്തിൻെറ അസാന്നിധ്യം പക്ഷേ, അ൪ജൻറീന ഫുട്ബാൾ ഫെഡറേഷൻ ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇതുവരെയും കിരീടം നേടാത്തവരെന്ന നി൪ഭാഗ്യം തലയിലുള്ള നെത൪ലൻഡ്സ് ഇത്തവണ കൂടുതൽ കരുത്തോടെയാണ് പോരാട്ടത്തിനിറങ്ങുന്നത്. ഡി മരിയയുടെ അഭാവം കളി നഷ്ടപ്പെടുത്താതിരിക്കാൻ മികച്ച പകരക്കാരെയാണ് സബെല്ല തേടുന്നത്. കഴിഞ്ഞ രണ്ടു കളികളിലും പരിക്കുമൂലം പുറത്തിരുന്ന സെ൪ജിയോ അഗ്യൂറോയും അടുത്ത കളിയിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.