അക്കാദമിക് അഴിച്ചുപണികളും ആശയസമരവും
text_fieldsഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസ൪ച്ച് (ഐ.സി.എച്ച്.ആ൪) എന്ന സ്ഥാപനം പ്രമുഖ ചരിത്രകാരനായിരുന്ന ആ൪.എസ്. ശ൪മ മുൻകൈയെടുത്ത് 1972ൽ സ്ഥാപിച്ചതാണ്. ഡി.ഡി. കൊസാമ്പിയോടൊപ്പം തലയെടുപ്പുള്ള ചരിത്രകാരനായാണ് ആ൪.എസ്. ശ൪മ അറിയപ്പെടുന്നത്. അദ്ദേഹം 2011ൽ നിര്യാതനായി. ഇന്ത്യൻ ഫ്യൂഡലിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻെറ പഠനങ്ങളും നിരീക്ഷണങ്ങളും വിഖ്യാതമാണ്. ആ൪.എസ്. ശ൪മയുടെ ചരിത്രരചനയിലെ നിഗമനങ്ങളോടും നിലപാടുകളോടും വിയോജിപ്പുള്ളവരും അദ്ദേഹത്തിൻെറ അഗാധമായ പാണ്ഡിത്യത്തെയും സ്ഥാപനങ്ങൾ വള൪ത്തുന്നതിനുള്ള സവിശേഷമായ കഴിവിനെയും തള്ളിപ്പറയുമെന്ന് തോന്നുന്നില്ല.
ഐ.സി.എച്ച്.ആ൪ സ്ഥാപിക്കപ്പെടുന്ന കാലഘട്ടം ഇന്ത്യയിലെ പഠന-ഗവേഷണ മേഖലകളിൽ വലിയ ഉണ൪വുകൾ ഉണ്ടായ കാലമായിരുന്നു. സാമൂഹികശാസ്ത്ര മേഖലയിൽതന്നെ നിരവധി ഗവേഷണസ്ഥാപനങ്ങൾ ഉണ്ടായി. രാഷ്ട്രീയ നിരപേക്ഷമായ സാമൂഹികശാസ്ത്ര ഗവേഷണം സാധ്യമല്ല. കേവലം നിഷ്പക്ഷ ഗവേഷണമാണ് തങ്ങളുടേത് എന്ന് ആരെങ്കിലും അവകാശപ്പെട്ടാൽ അത് മുഖവിലയ്ക്ക് സ്വീകരിക്കാനുമാവില്ല. എന്നാൽ, ഭരണകൂടത്തിൻെറ നേരിട്ടുള്ള ഇടപെടലുകളിലൂടെ ഗവേഷകരെയും ഗവേഷണ സ്ഥാപനങ്ങളെയും നിയന്ത്രിക്കുകയും വരുതിക്ക് നി൪ത്തുകയും ചെയ്യുന്ന പ്രവണത എങ്ങനെ തടയാം എന്ന ചിന്ത പ്രബലമായിരുന്നു. സാമൂഹികശാസ്ത്ര പഠനമേഖലയിലും മറ്റു മേഖലകളിൽ എന്നതുപോലെ ശക്തമായ ബ്രാഹ്മണമേധാവിത്തമുണ്ടായിരുന്നു എന്നത് വസ്തുതയാണ്. ജാതി ഒരു സാന്നിധ്യമല്ലാത്ത ഒരു മേഖലയും അന്നും ഇന്നും ഇന്ത്യയിൽ ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും, പൊതുവേ ഒരു ‘മതേതര’ സ്വഭാവത്തോടെയുള്ള ഗവേഷണസംരംഭങ്ങൾക്കാണ് ഈ സ്ഥാപനങ്ങൾ പ്രോത്സാഹനം നൽകിയിരുന്നത്.
ഐ.സി.എച്ച്.ആ൪ നിശിതമായ അ൪ഥത്തിൽ ഒരു ഗവേഷണ സ്ഥാപനമല്ല. നേരിട്ട് ഒരു ഗവേഷണവും കൗൺസിൽ നടത്തുന്നില്ല എന്നാണ് എൻെറ അറിവ്. ചരിത്രപഠിതാക്കൾക്ക് ചില മാനദണ്ഡങ്ങൾ അനുസരിച്ച് ഗവേഷണ ആവശ്യങ്ങൾക്കായി പണംനൽകുന്ന ദൗത്യമാണ് പ്രധാനമായും ഐ.സി.എച്ച്.ആറിനുള്ളത്. വലിയൊരു അധികാരശക്തിയാണ് ഇതുമൂലം ഈ സ്ഥാപനത്തിനു കൈവന്നിട്ടുള്ളത്. അതുകൊണ്ടു തന്നെ മുൻകാലങ്ങളിലും ഇതിൻെറ ഭരണം കൈയടക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. ആരും വിമ൪ശിച്ചിട്ടില്ലാത്ത, പരിമിതികൾ ഒന്നുമില്ലാത്ത സ്ഥാപനമല്ല ഐ.സി.എച്ച്.ആ൪. അതിന് അതിൻേറതായ ശക്തികളും ബലഹീനതകളുമുണ്ട്. പല വിവാദങ്ങളിലും അത് ചെന്നുപെട്ടിട്ടുമുണ്ട്. അവയിൽ പലതിനും ശക്തമായ രാഷ്ട്രീയസ്വഭാവം ഉണ്ടായിരുന്നുതാനും. ആശയപരമായ സംഘട്ടനങ്ങളും ഇടതുപക്ഷവുമായി ബന്ധമുള്ള ചരിത്രകാരന്മാരുടെ ശാഠ്യങ്ങളുമെല്ലാം ഇത്തരം ചെറിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.
എന്നാൽ, ഐ.സി.എച്ച്.ആറുമായി ബന്ധപ്പെട്ട് ഇപ്പോൾ ഉണ്ടായിരിക്കുന്ന വിവാദം വ്യത്യസ്തമാണ്. ആ൪.എസ്.എസ്-ബി.ജെ.പി ഭരണം സ്വാഭാവികമായും ചരിത്ര കൗൺസിലായാലും ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസ൪ച് (ഐ.സി.എസ്.എസ്.ആ൪) ആയാലും മറ്റ് ശാസ്ത്ര-സാമൂഹിക ശാസ്ത്ര സ്ഥാപനങ്ങൾ ആയാലും അവയെല്ലാം സ്വന്തം രാഷ്ട്രീയത്തിൻെറയും പ്രത്യയശാസ്ത്രത്തിൻെറയും പ്രചാരണ സംവിധാനങ്ങളായി ഉപയോഗിക്കുക എന്ന അജണ്ടയുടെ അടിസ്ഥാനത്തിൽ അഴിച്ചുപണിയുകയാണെന്ന് സംശയിക്കാൻ കാരണങ്ങൾ ഉണ്ട് എന്നതാണ് പരമാ൪ഥം.
ഇപ്പോൾ ഐ.സി.എച്ച്.ആറിൻെറ തലവനായി സ൪ക്കാ൪ നിയോഗിച്ചിരിക്കുന്നത് പ്രഫസ൪ യെല്ലപ്രഗത സുദ൪ശൻ റാവുവിനെയാണ്. വാറങ്കലിലെ കാകതീയ സ൪വകലാശാലയിൽനിന്ന് വിരമിച്ച ഈ ചരിത്രാധ്യാപകൻ 1978ൽ ആ൪.എസ്.എസ് കാ൪മികത്വത്തിൽ സ്ഥാപിക്കപ്പെട്ട ‘അഖിൽ ഭാരതീയ ഇതിഹാസ് സങ്കലൻ യോജന’ എന്ന സംഘടനയുടെ ആന്ധ്രഘടകത്തിൻെറ അധ്യക്ഷനും ആ൪.എസ്.എസ് പ്രവ൪ത്തകനും ആണ്. അദ്ദേഹത്തിൻെറ പ്രധാന ഗവേഷണ പദ്ധതികളിൽ ഒന്ന് മഹാഭാരതയുദ്ധത്തിൻെറ തീയതി കണ്ടുപിടിക്കുക എന്നതാണ്.
ആ൪.എസ്.എസിനു വേണ്ടി ചരിത്രഗവേഷണത്തിൽ നിരവധി യുദ്ധമുഖങ്ങൾ അദ്ദേഹം തുറന്നിട്ടുണ്ട്. ബാബരി മസ്ജിദിൻെറ ചരിത്രമായാലും നൈസാമിൻെറ ചരിത്രമായാലും ദേശീയസ്വാതന്ത്ര്യ സമരത്തിൻെറ കെട്ടുപാടുകളിൽനിന്ന് വിമുക്തമായ ഒരു ചരിത്രസമീപനം- ആ സമരത്തിൽ പങ്കെടുത്തിട്ടില്ലാത്ത ആ൪. എസ്.എസിൻെറ വീക്ഷണത്തിലുള്ള ചരിത്ര സമീപനം എന്ന് വായിക്കുക-ആവശ്യമാണ് എന്ന് വിശ്വസിക്കുകയും അതിനു വേണ്ടി തെളിവുകൾക്കപ്പുറത്തു അഭ്യൂഹാത്മകവും പ്രത്യയശാസ്ത്രപരവും ആയ അനുമാനങ്ങൾ ഉപയോഗിച്ച് പഠനങ്ങൾ എഴുതുകയും ചെയ്യാറുണ്ട് അദ്ദേഹം.
ഈ നിയമനത്തിലൂടെ ആ൪.എസ്.എസ്-ബി.ജെ.പി ഭരണം ഉദ്ദേശിക്കുന്നത് തങ്ങളുടെ ചരിത്രവീക്ഷണത്തിന് അനുകൂലമായ അക്കാദമിക് സമ്മതികൾ നി൪മി ക്കുക എന്നതുതന്നെയാണ്. ഇന്ത്യയിലെ വിവിധ ചരിത്ര സമീപനങ്ങൾ- കൊളോണിയൽ പക്ഷപാതിത്വമുള്ളത്, ദേശീയ പക്ഷപാതിത്വമുള്ളത്, വ൪ഗപക്ഷപാതിത്വമുള്ളത്, കീഴാള പക്ഷപാതിത്വമുള്ളത്- ഒക്കത്തെന്നെ നിലവിലുള്ള തെളിവുകളുടെ സ്വന്തമായ വ്യാഖ്യാനങ്ങളെയാണ് ചരിത്രവിശകലനത്തിന് ഉപയോഗിക്കുന്നത്. സാങ്കൽപിക ചരിത്രനി൪മിതി ഇവരുടെ അജണ്ടയിൽ ഇല്ല. എന്നാൽ, ഹിന്ദുത്വ ചരിത്രരചന അതിൻെറ രാഷ്ട്രീയ പ്രത്യയശാസ്ത്ര പശ്ചാത്തലം രൂപപ്പെടുത്തുന്നത് പുരാണങ്ങളെയും മതഗ്രന്ഥങ്ങളെയും ആശ്രയിച്ചാണ്. അവയെ യഥാ൪ഥ ചരിത്രമായി പരിഗണിച്ചാണ്ടാണ്. ഈ വികലസമീപനത്തിന് അക്കാദമിക് സ്വീകാര്യത സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് സുദ൪ശൻ റാവുവിൻെറ നിയമനത്തിലൂടെ ആ൪.എസ്.എസ്-ബി.ജെ.പി ഭരണം ലക്ഷ്യംവെക്കുന്നത്.
ഇന്ത്യൻ അക്കാദമിക് രംഗത്തെ പ്രബലമായ സ്ഥാപന സംവിധാനങ്ങൾ പിന്തുട൪ന്നു പോന്ന എല്ലാ നിലപാടുകളോടും യോജിക്കാത്തവ൪ പോലും രീതിശാസ്ത്രത്തിൻെറ കാര്യത്തിൽ അവ സ്വീകരിച്ചിരുന്ന ബഹുസ്വരോന്മുഖവും ഉദാരവുമായ സമീപനത്തെ ഉയ൪ത്തിപ്പിടിച്ചിട്ടുണ്ട്. നെഹ്റുവിൻെറ കാലം മുതൽ സാമൂഹികശാസ്ത്ര പഠനമേഖലകളിലെ രീതിശാസ്ത്രപരവും സൈദ്ധാന്തികവും ജ്ഞാനശാസ്ത്രപരവുമായ വൈവിധ്യത്തെ അവ ആദരിച്ചു പോന്നിട്ടുണ്ട്. ജനാധിപത്യപരമായ സംവാദങ്ങൾക്കും ആ വിയോജിപ്പുകൾക്കും വിമ൪ശാത്മകമായ അന്വേഷണങ്ങൾക്കും ഒരിക്കലും വിലക്ക് കൽപിച്ചിരുന്നില്ല. പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല എന്നല്ല. ഭരണകൂടവുമായി അക്കാദമിക്മേഖല പൊതുവിൽ പുല൪ത്തുന്ന ‘സ്നേഹ-വിദ്വേഷ ബന്ധം’ ലിബറൽ ജനാധിപത്യത്തിൻെറ വിമ൪ശകരായവ൪ക്ക് ഒരുപക്ഷേ ഉൾക്കൊള്ളാൻ കഴിയണമെന്നില്ല. അതിൻെറ പേരിലുള്ള റാഡിക്കൽ നിരാകരണങ്ങൾ ധാരാളമായി ഉണ്ടായിട്ടുണ്ട് എന്നത് ഞാൻ നിഷേധിക്കുന്നില്ല.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അഴിച്ചുപണികൾ ഈ ബഹുസ്വരതയെ ഇല്ലാതാക്കാനും ക൪ക്കശമായ പൊളിച്ചെഴുത്തുകളിലൂടെ ഏകമാനമായ ഒരു മതാത്മക സമീപനം അടിച്ചേൽപിക്കാനും ഉള്ളതാണ് എന്നുകരുതാൻ ന്യായമുണ്ട്. ഇത് സാമൂഹികശാസ്ത്രമേഖലയിലെ വിജ്ഞാന രൂപവത്കരണത്തിൻെറ അടിസ്ഥാന പരിസരത്തെ തള്ളിക്കളയുന്നതും സ്വതന്ത്രാന്വേഷണങ്ങളുടെ താൽപര്യങ്ങളെ ഹനിക്കുന്നതുമാണ്. ആ൪.എസ്.എസ് പ്രത്യയശാസ്ത്ര വിചാരക൪ തലപ്പത്തത്തെുമ്പോൾ എന്താണ് നഷ്ടപ്പെടുക എന്നത് എടുത്തുപറയേണ്ടതില്ലല്ളോ. ഇന്ത്യയിലെ സാമൂഹികശാസ്ത്രഗവേഷണസ്ഥാപനങ്ങളിൽ സ്വയംഭരണവും സ്വാതന്ത്ര്യവും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അക്കാദമിക് മേഖലയിൽ ഉള്ളവരിൽ ഭൂരിപക്ഷവുമെന്നാണ് എൻെറ വിശ്വാസം. അതിനെ അട്ടിമറിക്കുന്ന സമീപനം ആശാസ്യമല്ല.
എന്തായാലും സാമൂഹികശാസ്ത്രമേഖലയിലെ ആശയസമരങ്ങൾക്ക് ഇപ്പോൾ ഒരു പുതിയ മാനം കൈവന്നിരിക്കുന്നു എന്നത് നിഷേധിക്കാനാവില്ല. ‘കാവിവത്കരണം’ എന്നത് ഒൗദ്യോഗിക സമീപനമായിരിക്കുന്നു. ഭരണകൂടത്തിൻെറ നേരിട്ടുള്ള ആശീ൪വാദത്തോടെ അത് വിദ്യാഭ്യാസ മേഖലയിലേക്ക് ആഴത്തിൽ പ്രവേശിക്കുകയാണ്. ഇതിനോട് പ്രതികരിക്കാൻ, ഇതിനെ പ്രതിരോധിക്കാൻ, വിശാലമായ ഒരു സാംസ്കാരിക ഐക്യമുന്നണി ആവശ്യമാണ്. ചെറിയ വിഭാഗീയതകൾ മാറ്റിവെച്ച്, സാമൂഹികശാസ്ത്രമേഖലയിൽ ഇപ്പോൾ കാണുന്ന രീതിപരവും ജ്ഞാനശാസ്ത്രപരവുമായ ബഹുസ്വരതയുടെ സ്വാതന്ത്ര്യങ്ങൾ എന്നേക്കുമായി അവസാനിക്കാതിരിക്കാൻ വേണ്ടിയുള്ള ഒരു യോജിച്ച പ്രക്ഷോഭവേദിക്ക് രൂപംനൽകേണ്ട സന്ദ൪ഭമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.