പഠിപ്പ് മുടക്ക്: എസ്.എഫ്.ഐയും ‘മോഡേണ്‍’ ആകുന്നു
text_fieldsതിരുവനന്തപുരം: ‘പഠിപ്പ് മുടക്കല്ല, പഠിക്കലാണ്’പുതിയ സമരരീതിയെന്ന സി.പി.എം നേതൃത്വത്തിൻെറ ഉപദേശം പിന്തുട൪ന്ന് സമരരീതികളിൽ കാലത്തിനനുസരിച്ച പരിഷ്കരണത്തിന് എസ്.എഫ്.ഐ ഒരുങ്ങുന്നു. എസ്.എഫ്.ഐ കണ്ണൂ൪ ജില്ലാ സമ്മേളനത്തിൻെറ മട്ടന്നൂരിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജനാണ് പഴഞ്ചൻ സമരരീതി ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടത്. സമരരീതികളിൽ കാലത്തിനനുസരിച്ച മാറ്റം വരുത്തണമെന്ന് സി.പി.എം നേതൃത്വം തീരുമാനിച്ചതിന് പിന്നാലെയാണ് എസ്.എഫ്.ഐക്ക് പാത തിരുത്താൻ മുകളിൽ നിന്ന് നി൪ദേശം വന്നത്. പഠിക്കലാണ് പുതിയ സമരരീതിയെന്നുള്ള ഇ.പി. ജയരാജൻെറ അഭിപ്രായം സംഘടന ച൪ച്ച ചെയ്യുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ടി.പി. ബിനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘അനിവാര്യമായ, ഒഴിച്ച് കൂടാൻ കഴിയാത്ത സന്ദ൪ഭങ്ങളിൽ മാത്രമാണ് എസ്.എഫ്.ഐ പഠിപ്പ്മുടക്ക് നടത്തിയിട്ടുള്ളതെ’ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഠിപ്പ്മുടക്കൽ പൂ൪ണമായും അവസാനിപ്പിക്കണമെന്ന നിലപാട് എസ്.എഫ്.ഐ സംഘടനാതലത്തിൽ എടുത്തിട്ടില്ല. എന്നാൽ പഠിപ്പ്മുടക്കും പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലുമുള്ള സമരരീതികൾ പൊതുസമൂഹത്തിൽ ഒറ്റപ്പെടാൻ കാരണമാകുമെന്ന് എസ്.എഫ്.ഐ നേതൃതലത്തിൽ അഭിപ്രായം ഉണ്ട്. ഈ അധ്യയന വ൪ഷം ഇതുവരെ ഒരു പഠിപ്പ് മുടക്കൽ മാത്രം നടത്തിയത് ഇക്കാര്യം പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിൻെറ മുന്നോടിയായാണ് വിലയിരുത്തപ്പെടുന്നത്. വരുന്ന സംസ്ഥാന സമിതിയിലടക്കം വിഷയം ച൪ച്ച ചെയ്യുമെന്നാണ് സൂചന.
എസ്.എഫ്.ഐയുടെ സമര മാ൪ഗങ്ങളിൽ അവസാനത്തേതായിരിക്കും പഠിപ്പ്മുടക്കലെന്ന് അഖിലേന്ത്യാ പ്രസിഡൻറ് വി. ശിവദാസനും പറഞ്ഞു. സംഘടന ഏറ്റെടുക്കുന്ന വിഷയങ്ങളിൽ ഏത് ഘട്ടത്തിൽ എന്ത് സമരരീതി വേണമെന്ന് ആ അവസരത്തിലാകും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.