മയക്കുമരുന്ന് വിരുദ്ധ പ്രചാരണവുമായി അബൂദബിയിലെ ബസുകളും
text_fieldsഅബൂദബി: രാജ്യത്തെ ജനങ്ങളെ മയക്കുമരുന്നിൻെറ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്നതിനും യുവതലമുറയെ ശരിയായ വഴികളിലേക്ക് നയിക്കുന്നതിനും വേണ്ടി ആരംഭിച്ച പ്രചാരണത്തിൽ തലസ്ഥാന നഗരിയിലെ ബസുകളും ഭാഗഭാക്കാകുന്നു. മയക്കുമരുന്നിൻെറ അപകടങ്ങളും ചീത്ത കൂട്ടുകെട്ടുകൾ ലഹരിയുടെ ലോകത്തേക്ക് എത്തിക്കുന്നതും സംബന്ധിച്ച വാചകങ്ങളും ചിത്രങ്ങളുമായാണ് ബസുകൾ നഗരത്തിലൂടെ സ൪വീസ് നടത്തുന്നത്. ‘അവ൪ എന്നെ വിഡ്ഢിയാക്കി’ എന്ന പേരിൽ ആഭ്യന്തര മന്ത്രാലയം ആരംഭിച്ച മയക്കുമരുന്ന് വിരുദ്ധ കാമ്പയിൻ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ബസുകളും ഉപയോഗപ്പെടുത്തുന്നത്.
ആഭ്യന്തര മന്ത്രാലയം നടത്തുന്ന പ്രചാരണത്തിൽ ഗതാഗത വിഭാഗവും പങ്കാളികളാകുകയാണെന്ന് ബസ് ഓഫിസ് ആക്ടിങ് ജനറൽ മാനേജ൪ മുഹമ്മദ് നാസ൪ അൽ ഉതൈബ പറഞ്ഞു. പ്രതിദിനം 80000 പേരാണ് അബൂദബിയിൽ ബസുകളെ ആശ്രയിക്കുന്നത്. ബസ് യാത്രക്കാരിലേക്കും മറ്റ് റോഡ് ഉപഭോക്താക്കളിലേക്കും മയക്കുമരുന്ന് വിരുദ്ധ പ്രചാരണം എത്തിക്കാൻ ഏറ്റവും അനുയോജ്യമാണ് പൊതുഗതാഗത ബസുകളാണ് അനുയോജ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ദൃശ്യ-ശ്രാവ്യ- അച്ചടി മാധ്യമങ്ങളിലൂടെയും ഓൺലൈൻ- സാമൂഹിക മാധ്യമങ്ങളിലൂടെയും അബൂദബിയലെയും ദുബൈയിലെയും ഷോപ്പിങ് മാളുകളിലെയും കെട്ടിടങ്ങളിലെയും സ്ക്രീനുകളിലൂടെയും മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണം നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.