Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകഥയിലൂടെ ഈശ്വരനിലേക്ക്

കഥയിലൂടെ ഈശ്വരനിലേക്ക്

text_fields
bookmark_border
കഥയിലൂടെ ഈശ്വരനിലേക്ക്
cancel

മഹാഭാരതം, രാമായണം, ഭാഗവതം എന്നിവയാണല്ളോ ഭാരതീയരായ നമ്മുടെ ക്ളാസിക്കുകൾ എന്ന് വിവരിക്കാവുന്ന കൃതിത്രയം. ഇവയിൽ മഹാഭാരതവും ഭാഗവതവും വ്യാസവിരചിതമായി ഗണിക്കപ്പെടുന്നു. വ്യാസൻ ആദ്യം മഹാഭാരതമാണ് എഴുതിയത്. എന്നാൽ, ആ രചന അദ്ദേഹത്തിന് വേണ്ടത്ര സന്തോഷം നൽകിയില്ല. ഈ അസന്തുഷ്ടിയുടെ കാര്യം നാരദനുമായി പങ്കുവെച്ചപ്പോൾ ഭക്തിമാ൪ഗത്തെ തീ൪ത്തും അവഗണിച്ച് ക൪മമാ൪ഗത്തിൽ ഊന്നിയാണ് മഹാഭാരതം രചിച്ചത് എന്നും നാരായണനെ സ്തുതിച്ചുകൊണ്ട് ഒരു രചന നി൪വഹിക്കാതെ വ്യാസൻെറ അസന്തുഷ്ടി അസ്തമിക്കയില്ല എന്നും നാരദ മഹ൪ഷി ഉപദേശിച്ചു. ഈ ഉപദേശമനുസരിച്ച് നി൪മിതമായതാണ് ഭാഗവതം. അതുകൊണ്ടാണ് ഭാഗവതം കേവലം ഭക്തിയോഗത്തെക്കുറിച്ചുള്ള കൃതിയാണ് എന്ന ധാരണ പരന്നിട്ടുള്ളതും അത് അസ്ഥാനത്താണ് എന്ന് പറയേണ്ടതില്ലാത്തതും.
അതേസമയം, ഇത് കേവലം ഭക്തിമാ൪ഗം മാത്രമല്ല അന്വേഷിക്കുന്നതും കാണിച്ചുതരുന്നതും. സൂക്ഷ്മമായി പരിശോധിച്ചാൽ ഭക്തി-ജ്ഞാന-ക൪മ യോഗങ്ങളുടെ ഒരു ത്രിവേണീ സംഗമമാണ് ഭാഗവതം എന്ന് കാണാൻ കഴിയും എന്നാണ് വിദ്വൽമതം.
അതായത് ആസക്തി, ഭയം, ക്രോധം ഇവയിൽനിന്ന് മുക്തമായ ക൪മയോഗിയും സദാ ആത്മചിന്തനത്തിൽ മുഴുകി എന്നെത്തേടി എന്നിൽ ലയിക്കുന്ന ഭക്തനും നിരന്തരമായ ജ്ഞാനനിഷ്ഠകൊണ്ട് അന്ത$കരണശുദ്ധി നേടുന്ന ജ്ഞാനയോഗിയും എന്നെ പ്രാപിക്കാൻ യോഗ്യനാകുന്നു എന്ന് ശ്രീകൃഷ്ണൻ ഭഗവദ്ഗീതയിൽ (അധ്യായം 4, ശ്ളോകം 10) പറയുന്നുണ്ട്.
ഭാഗവതപുരാണത്തിൽ പത്ത് വിഭാഗങ്ങളാണുള്ളത്. സ൪ഗം, വിസ൪ഗം, ഉൽക്ക൪ഷം, പോഷണം, മന്വന്തരം, ഊതി, ഈശകഥ, നിരോധം, മുക്തി, ആശ്രയം എന്ന് അറിവുള്ളവ൪ പറഞ്ഞുതരുന്നു. ആദിയും അന്തവും ഇല്ലാത്തതും വാക്കുകളിൽ വിവരിക്കാനാവാത്തതും എന്നാണ് ആശ്രയത്തെ വിശേഷിപ്പിച്ചു കാണുന്നത്. എല്ലാ അനുഷ്ഠാനങ്ങളുടെയും യോഗങ്ങളുടെയും തപസ്സുകളുടെയും ലക്ഷ്യം ആശ്രയം എന്ന ഈ സനാതനാവസ്ഥയെ പ്രാപിക്കുക എന്നതാണ്. വാക്കുകളും ബിംബകൽപനകളും പ്രതിഭിന്നമായാലും ഈശ്വരോന്മുഖമായ മതങ്ങൾ എല്ലാം പഠിപ്പിക്കുന്നതും ഇതുതന്നെ.
ഭക്തിയുടെ ഒമ്പത് പടവുകൾ സുവിദിതമാണ്. ഭാഗവതം സപ്തമ സ്കന്ധത്തിൽ പ്രഹ്ളാദനാണ് ഇത് പറയുന്നത് എന്നത് അത്രതന്നെ സുവിദിതമാണെന്ന് തോന്നുന്നില്ല. പ്രഹ്ളാദൻ നവലക്ഷണങ്ങൾ വിവരിക്കുന്നത് ശ്രവണം, കീ൪ത്തനം, വിഷ്ണോ$ സ്മരണം, പാദസേവനം, അ൪ച്ചനം, വന്ദനം, ദാസ്യം, സഖ്യം, ആത്മനിവേദനം എന്നിങ്ങനെയാണ് എന്ന് നമുക്കറിയാം. വിഷ്ണോ$ എന്ന പദം വൈദിക ഹിന്ദുമത സൂചകമാണ് എന്നത് ശരിതന്നെ. ഭാഗവതം ആ മതത്തിൻെറ വൈദികകൃതിയാണല്ളോ. എന്നാൽ, ഈശ്വരൻ എന്ന് ധരിച്ചാൽ ഈ സോപാനം മതാതീതമാണ് എന്ന് ഗ്രഹിക്കാൻ കഴിയും. ഇവയിൽ ശ്രവണവും സ്മരണവും ഭാഗവതവുമായി ബന്ധപ്പെടുത്താം. പുരുഷോത്തമ ലീലാകഥാരസനിഷേവണം എന്ന് ഏതോ ഭാഗവതശ്ളോകത്തിൽ കാണുന്നത് ദു$ഖമഗ്നനായ മനുഷ്യന് സംസാരസാഗരം തരണംചെയ്യാനുള്ള യാനപാത്രമായി ഭാഗവതകഥാഖ്യാനത്തെ കൽപിക്കുന്നതിനാലാണ്. മേൽപത്തൂരും ഇത് പറയുന്നുണ്ട്. ത്വദ്ഭക്തിസ്തുകഥാരസാമൃതഝരീ നി൪മ൪ജനേന സ്വയം സിദ്ധ്യാന്തി എന്നാണ് നാരായണീയത്തിൽ വായിക്കുന്നത്. കഥാരസപ്രവാഹത്തിൽ ആമഗ്നനാവുന്നയാളിൽ ഭഗവദ് ഭക്തി സ്വാഭാവികമായി ജനിക്കുന്നു എന്ന൪ഥം. ഈ കഥക്ക് മതം വേണ്ട. ആചാര്യനും മൗലവിക്കും ഉപദേശിക്കും പ്രയോഗിക്കാവുന്ന ആയുധമാണ് അത്. മേൽപത്തൂ൪ പറയുന്നതുതന്നെയാണ് ഭാഗവതകുശലരായ എല്ലാ മഹാത്മാക്കളും പറയുന്നതും. നിഗമകൽപതരോ൪ഗളിതം എന്ന് തുടങ്ങുന്ന പ്രശസ്തമായ ആ ശ്ളോകത്തിൽ നാം കാണുന്നത് രസികന്മാരും ഭാവുകന്മാരും ഭാഗവതകഥാമൃതം വീണ്ടും വീണ്ടും പാനംചെയ്യാനുള്ള ആഹ്വാനമാണല്ളോ.
ഭാഗവതകഥാമൃതം പാനംചെയ്യാനാണ് ആഹ്വാനം. ആരാണ് കഥയെ അമൃതമാക്കുക? അത് ദൈവകൃപകൊണ്ട് മാത്രം സംലബ്ധമാകുന്ന ഒരു സിദ്ധിയാണ്. ഭാഗ്യസ്മരണാ൪ഹനായ മള്ളിയൂ൪ തിരുമേനിയെ ഭാഗവതഹംസം എന്ന് കീ൪ത്തിപ്പെടുത്തിയത് ഈ സിദ്ധിയാണ്. അതിന് പാരായണജന്യമായ പാണ്ഡിത്യം പോരാ. ആ പാണ്ഡിത്യം വിദ്വൽസഹജമായ വാക്ചാതുരിയോടുകൂടി പ്രകാശിപ്പിക്കാനുള്ള കഴിവ് ആ പാണ്ഡിത്യത്തോട് ചേ൪ന്നുനിന്നാലും പോരാ. അതിന് ദൈവകൃപതന്നെ ഒപ്പം ഉണ്ടാകണം. വ്യാസൻ ആവിഷ്കരിച്ചതിനെ രസനിഷ്യന്ദിയാക്കി സജ്ജനങ്ങൾക്ക് ലഭ്യമാക്കാൻ ശുകമഹ൪ഷിക്ക് കഴിഞ്ഞതിൻെറ രഹസ്യവും മറ്റൊന്നല്ല.
ശുകൻ ക്രൈസ്തവ വേദശാസ്ത്രത്തിൽ സൃഷ്ടിയുടെ സമഗ്രത എന്ന് വിവരിക്കപ്പെടുന്നതിൻെറ ആൾരൂപമാണ് എന്നതും ഇവിടെ പ്രസ്താവ്യമാണ്. സ൪വദൂത ഹൃദയൻ എന്നാണല്ളോ ശുകനെക്കുറിച്ച് പറഞ്ഞുവരുന്നത്. കൗമാരത്തിൽതന്നെ സന്യാസം വരിക്കാൻ ഇറങ്ങിയ വ്യക്തിയാണ് ശുകൻ.
ശുകൻെറ ആ യാത്ര പിതാവിന് അസാമാന്യമായ വിരഹദു$ഖം സമ്മാനിച്ചു. ആ പിതാവ്-വ്യാസമഹ൪ഷി-മകനെ ഉറക്കെ വിളിച്ചു. വിരഹകാതരമായ സ്വരത്തിൽ വ്യാസൻ ‘പുത്രാ’ എന്ന് വിളിച്ചപ്പോൾ കാട്ടിലെ മരങ്ങളാണ് വിളികേട്ടത്. ശുകനും വൃക്ഷങ്ങളും പ്രതിഭിന്നങ്ങളല്ല. അവ ഒന്നായിരിക്കുന്നു. ഈ പ്രപഞ്ചൈക്യഭാവന ഭാരതീയ രചനകളിലല്ലാതെ ഇത്ര ഭംഗിയായി ആവിഷ്കരിക്കപ്പെട്ടിട്ടില്ല എന്ന് ലീലാവതി ടീച്ച൪ നിരീക്ഷിച്ചിട്ടുള്ളതും ഇവിടെ ഓ൪മിക്കാവുന്നതാണ്.
മനുഷ്യൻെറയും പ്രകൃതിയുടെയും ഹൃദയങ്ങൾ ഒന്നാവുമ്പോഴാണ് ഈശ്വരാഭിമുഖ്യം അ൪ഥപൂ൪ണമായ ഫലപ്രാപ്തിയിൽ എത്തുന്നത്. ആ അവസ്ഥ സാക്ഷാത്കരിക്കാൻ കഴിയുമ്പോഴാണ് ശുകമഹ൪ഷിയെപ്പോലെ വേദകൽപതരുവിൽ വിരിഞ്ഞ ഫലം എന്ന് വിശേഷിപ്പിക്കുന്ന ഭാഗവതം രസനിഷ്യന്ദിയായി മാറ്റാൻ സാധിക്കുന്നത്. ഇത് സുകരമോ ക്ഷിപ്രസാധ്യമോ അല്ല. എങ്കിലും അതാവണം ഭാഗവതപ്രവാചകരുടെ ലക്ഷ്യം.
പുരാണകഥകൾ ഒരു വ്യക്തിയുടെ രചനയല്ല. അത് തലമുറകളിലൂടെ ഒരു സമൂഹം പറഞ്ഞു പഴകിയ കഥകളാണ്. അവ അടുക്കും ചിട്ടയും ഉണ്ടാക്കി അവതരിപ്പിക്കാൻ കഴിയണമെങ്കിൽ സ൪വദൂതഹൃദയത്വവും കൂടിയേ കഴിയൂ. നിയതി തെരഞ്ഞെടുത്ത ഉപാധി എന്നതാണ് ഇവിടെ വ്യക്തിയുടെ പ്രാധാന്യം. യുഗാന്തരങ്ങളിലൂടെ പരിണമിച്ച അനന്തമ൪ത്ത്യ സംസ്കൃതിയുടെ സത്തയാണ് പുരാണകഥകൾ. അവ 21ാം നൂറ്റാണ്ടിലെ മനസ്സിന് ഇണങ്ങുംവണ്ണം പുനരാഖ്യാനം ചെയ്യുകയാണ് പ്രഭാഷകധ൪മം. പുനരാഖ്യാനമല്ലാതെ പുന൪നി൪മിതി പാടുള്ളതല്ല, ഏത് മതത്തിലായാലും.
ഭാഗവതം ഭാരതീയ പാരമ്പര്യത്തിലെ അന൪ഘ നിധിയാണ്. അത് നമ്മുടെ കുഞ്ഞുങ്ങൾ അറിഞ്ഞിരിക്കേണ്ട കഥകളാണ്. അവയിൽ അന്ത൪ഭവിച്ചിരിക്കുന്ന സ൪വജന സ്വീകാര്യമായ സാരാംശങ്ങൾ കഥക്കൊപ്പം പറഞ്ഞുകൊടുക്കണം എന്നുമാത്രം. ഭാഗവതം ഒരു മതസാഹിത്യമായി മാത്രം കാണേണ്ടതില്ല. അങ്ങനെ കാണുന്നവ൪ അങ്ങനെ കണ്ടുകൊള്ളട്ടെ. അമ്പുകൾകൊണ്ട് വനത്തിന് പന്തലിടുന്നു എന്ന് ഖാണ്ഡവദാഹത്തിൽ പറയുന്നത് അവിശ്വസനീയമാണ് എന്ന് ത൪ക്കിക്കാനല്ല, അതിൽനിന്ന് ഗുണപാഠം ഉൾക്കൊള്ളാനാണ് ഭാഗവത പഠിതാക്കൾ ശ്രദ്ധിക്കേണ്ടത്. കുചേലൻെറ അവിൽ എത്രയോ ക്രിസ്തീയ മതപ്രഭാഷണങ്ങളിൽ ഞാൻ ഉപയോഗിച്ചിട്ടുണ്ട്! ഭാഗവതം എൻെറ മതഗ്രന്ഥമല്ല. എന്നാൽ, അത് എൻെറ സാംസ്കാരിക പൈതൃകത്തിൻെറ അനുപേക്ഷണീയമായ അംശമാണ്.
(ഒരു ഭാഗവതസപ്താഹയജ്ഞത്തിലെ ഉദ്ഘാടന പ്രസംഗം: സംക്ഷിപ്തരൂപം)


l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story