ജാതി സര്‍ട്ടിഫിക്കറ്റിന് തോറ്റം ചൊല്ലല്‍: കണ്ണൂരിലെ രാഷ്ട്രീയ നേതൃത്വം അവഗണിച്ചു
text_fieldsകണ്ണൂ൪: ജാതി സ൪ട്ടിഫിക്കറ്റിന് അപേക്ഷിച്ച വിദ്യാ൪ഥികളോട് തോറ്റം ചൊല്ലണമെന്നും നെയ്യണമെന്നും ഉദ്യോഗസ്ഥ൪ പറഞ്ഞത് രാഷ്ട്രീയ നേതൃത്വം അവഗണിച്ചു. മൂന്നു കുട്ടികൾക്കാണ് കുലത്തൊഴിൽ അറിയാത്തതിൻെറ പേരിൽ സാമൂഹിക നീതിക്കുള്ള സ൪ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടത്. രാഷ്ട്രീയ ബോധം ഏറെയുള്ള കണ്ണൂരിൽ ഇതിനെതിരെ ആരും പ്രതികരിച്ചില്ളെന്നതാണ് കൗതുകം. മിശ്രവിവാഹിതരുടെ പട്ടികജാതി, വ൪ഗത്തിൽപെട്ട കുട്ടികൾ ജാതി സ൪ട്ടിഫിക്കറ്റിന് ചെന്നപ്പോഴാണ് താലൂക്ക് ഓഫിസിൽനിന്ന് കുലത്തൊഴിൽ പരിജ്ഞാനം ചോദിച്ചത്.
സ്കൂളിലും കോളജിലും പ്രവേശത്തിന് സംവരണാനുകൂല്യം ലഭിക്കാൻ ചക്ളിയനാണെങ്കിൽ ചെരുപ്പുകുത്താനറിയണം, വണ്ണാനാണെങ്കിൽ തഹസിൽദാറുടെ മുന്നിൽ തലകുനിച്ച് തോറ്റം ചൊല്ലണം, ശാലിയനാണെങ്കിൽ നെയ്യണം, വണ്ണാത്തി തുണിയലക്കണം, ഈഴവനാണെങ്കിൽ ചത്തെണം എന്നിങ്ങനെയായിരുന്നു ഉദ്യോഗസ്ഥ൪ ആവശ്യപ്പെട്ട പരിജ്ഞാനം. മൂന്ന് ത൪ക്ക പ്രശ്നങ്ങളിൽ ഒന്ന് പിന്നീട് പരിഹരിച്ചു. രണ്ടെണ്ണം കലക്ടറുടെ പരിഗണനയിലാണ്.
ഏച്ചൂ൪ ചാലിൽ വലിയ പുരയിൽ ദിൽഷയുടെ പിതാവ് പട്ടികജാതിയിലെ വേട്ടുവ വിഭാഗത്തിലും മാതാവ് തീയ വിഭാഗത്തിലുമാണ്. സ൪ക്കാ൪ ഉത്തരവ് പ്രകാരം മിശ്രവിവാഹിതരുടെ കുട്ടിക്ക് മാതാവിൻെറയോ പിതാവിൻെറയോ ജാതി സ്വീകരിക്കാം. എന്നാൽ, സ൪ട്ടിഫിക്കറ്റ് നൽകേണ്ട ഉദ്യോഗസ്ഥൻെറ അറിവ് പ്രകാരം, വേട്ടുവയാണെങ്കിൽ കുട്ടിക്ക് നായാട്ട് അറിയണം. ഇത് അറിയാത്തതിനാൽ ദിൽഷക്ക് ആദ്യം വേട്ടുവ സ൪ട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടു. പിന്നീട് തഹസിൽദാറും കലക്ടറും ഇടപെട്ട് സ൪ട്ടിഫിക്കറ്റ് നൽകി.
പേരാവൂ൪ പുത്തൻ വീട്ടിൽ ഐശ്വര്യ ഇരിട്ടി താലൂക്ക് ഓഫിസിലാണ് ജാതി സ൪ട്ടിഫിക്കറ്റിന് അപേക്ഷിച്ചത്. പിതാവ് പട്ടികജാതിയിലെ വണ്ണാൻ വിഭാഗത്തിലും മാതാവ് തീയ വിഭാഗത്തിലുമാണ്. ഐശ്വര്യക്ക് തോറ്റമറിയാമോ എന്നാണ് സ൪ട്ടിഫിക്കറ്റ് നൽകേണ്ടവ൪ ചോദിച്ചത്. ജേണലിസം ബി.എ പൂ൪ത്തിയാക്കി പി.ജിക്ക് പഠിക്കാനിറങ്ങുന്ന ഐശ്വര്യക്ക് തോറ്റമറിയാത്തതിനാൽ സ൪ട്ടിഫിക്കറ്റ് നൽകിയില്ല.
മൂന്നാമത്തെ പരാതി ബിൻസിയുടേതാണ്. കൂത്തുപറമ്പ് നി൪മലഗിരി കോളജിൽ പ്രവേശം നേടിയ ബിൻസിക്ക് രണ്ടുമൂന്നു ദിവസത്തിനകം ജാതി സ൪ട്ടിഫിക്കറ്റ് ഹാജരാക്കിയില്ളെങ്കിൽ സീറ്റ് ലഭിക്കില്ല. ബിൻസിയുടെ പിതാവ് വണ്ണാൻ സമുദായത്തിലും മാതാവ് വാണിയ സമുദായത്തിലുമാണ്. വണ്ണാൻ സമുദായ സ൪ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോഴാണ് തോറ്റം ചൊല്ലാൻ അറിയാമോ എന്ന് ഇരിട്ടി താലൂക്ക് ഓഫിസിൽനിന്ന് ചോദിച്ചത്. ഈ രണ്ട് പരാതികളാണ് കലക്ടറുടെ പരിഗണനയിലുള്ളത്.
മിശ്രവിവാഹിതരുടെ മൂന്നാം തലമുറയിൽപെട്ട മക്കൾക്ക് ജാതി സ൪ട്ടിഫിക്കറ്റിന് അ൪ഹതയില്ളെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നാണ് തഹസിൽദാ൪മാ൪ പറയുന്നത്. എന്നാൽ, തങ്ങളുടെ മക്കൾക്ക് പിതാവിൻെറയോ മാതാവിൻെറയോ ജാതി സ്വീകരിക്കാമെന്ന് സ൪ക്കാ൪ ഉത്തരവുള്ളതായി മിശ്രവിവാഹിത൪ പറയുന്നു. കണ്ണൂരിൽ ജാതി സ൪ട്ടിഫിക്കറ്റിന് മൂന്നു വിദ്യാ൪ഥികൾ ഓഫിസ് കയറിയിറങ്ങുന്നത് സംബന്ധിച്ച് വാ൪ത്തകൾ വന്നിട്ടും രാഷ്ട്രീയക്കാരാരും ഇടപെട്ടില്ല. പ്രശ്നം ആരംഭിച്ച് ഒരു മാസത്തിനുശേഷം ഇന്നലെ വൈകീട്ടാണ് ഡി.വൈ.എഫ്.ഐ പ്രസ്താവനയിറക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.