ഭൂപരിഷ്കരണ (ഭേദഗതി) ബില്‍ നിയമസഭ അംഗീകരിച്ചു
text_fieldsതിരുവനന്തപുരം: ഒരാൾക്ക് കൈവശംവെക്കാവുന്ന ഭൂമിയുടെ പരിധി ഒരു ഹെക്ട൪ 61 ആ൪ 87 ചതുരശ്ര മീറ്ററായി പരിമിതപ്പെടുത്തുന്നതും തോട്ടങ്ങളുടെ അഞ്ച് ശതമാനത്തിൽ കവിയാത്ത ഭാഗം കാ൪ഷികവിളകൾക്കോ ക്ഷീരോൽപാദന ഫാമുകൾ നടത്തുന്നതിനോ കൂടി അനുമതി നൽകുന്ന 2013ലെ കേരള ഭൂപരിഷ്കരണ (ഭേദഗതി) ബിൽ നിയമസഭ അംഗീകരിച്ചു. 1963ലെ കേരള ഭൂപരിഷ്കരണ നിയമമാണ് ഇതോടെ ഭേദഗതി ചെയ്യപ്പെട്ടത്.
ഭേദഗതിയെ പ്രതിപക്ഷം ശക്തമായി എതി൪ത്തുവെങ്കിലും 53നെതിരെ 66 വോട്ടുകൾക്ക് സഭ അംഗീകരിച്ചു.നേരത്തേ ഒരാൾക്ക് കൈവശം വെക്കാവുന്ന ഭൂമിയുടെ പരിധി നാല് ഹെക്ടറായിരുന്നു. തോട്ടവും അതിനോട് അനുബന്ധമായോ തോട്ടങ്ങൾക്കിടയിൽ വ്യാപിച്ചുകിടക്കുന്നതോ ആയ ഭൂമി കൈവശമുള്ള ഒരാൾക്ക് വ്യാപ്തിയുടെ അഞ്ച് ശതമാനത്തിൽ കവിയാത്ത ഭാഗം ഉദ്യാനകൃഷിക്കോ വാനിലയുടെയോ ഒൗഷധ സസ്യങ്ങളുടെയോ മറ്റ് കാ൪ഷികവിളകളുടെയോ കൃഷിക്കോ അല്ളെങ്കിൽ ഹോട്ടലുകളുടെയോ റിസോ൪ട്ടുകളുടെയോ മറ്റ് വിനോദ സഞ്ചാര പദ്ധതികളോ സ്ഥാപിക്കുന്നതിനും അതുമായി അനുബന്ധമായിട്ടുള്ളതോ ബന്ധപ്പെട്ടിട്ടുള്ളതോ ആയ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാവുന്നതാണെന്ന വ്യവസ്ഥയിലും ചെറിയ ഭേദഗതി വരുത്തി. കാ൪ഷിക വിളകളുടെയോ എന്ന വാക്കിന് പകരം കാ൪ഷിക വിളകൾക്കോ ക്ഷീരോൽപാദന ഫാമുകൾ നടത്തുന്നതിനോ എന്നുകൂടി ഉൾപ്പെടുത്തിയാണ് പുതിയ ഭേദഗതി. ഈ ഭൂമി ഉപയോഗിക്കുന്നതിന്മേൽ ചട്ടങ്ങൾ വഴി നിയന്ത്രണങ്ങൾ ഏ൪പ്പെടുത്തുമെന്നും സ൪ക്കാ൪ വ്യക്തമാക്കി. ഭേദഗതി കോടതിയിൽ ചോദ്യം ചെയ്യാൻ കഴിയാത്ത രീതിയിൽ ആവശ്യമായ ചട്ടം ഉണ്ടാക്കുമെന്ന് മന്ത്രി അടൂ൪ പ്രകാശ് അറിയിച്ചു.
പുതിയ ഭേദഗതി പ്രകാരം തോട്ടഭൂമിയുടെ അഞ്ച് ശതമാനം സ്ഥലത്തിൻെറ 90 ശതമാനം കാ൪ഷികവിളകൾക്കോ ക്ഷീരോൽപാദന ഫാമുകൾ നടത്തുന്നതിനോ ഉദ്യാനകൃഷിക്കോ വാനിലയുടെയോ ഒൗഷധ സസ്യങ്ങളുടെയോ ഹോട്ടലുകളുടെയോ റിസോ൪ട്ടുകളുടെയോ മറ്റ് വിനോദ സഞ്ചാര പദ്ധതികളോ സ്ഥാപിക്കുന്നതിനും അതുമായി അനുബന്ധമായിട്ടുള്ളതോ ബന്ധപ്പെട്ടിട്ടുള്ളതോ ആയ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാം. അഞ്ച് ശതമാനം സ്ഥലത്തിൻെറ പത്ത് ശതമാനം മാത്രമേ ഫാം ടൂറിസത്തിന് ഉപയോഗിക്കാവൂ. ഈ ഭേദഗതി വൻകിട തോട്ടങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്നും മന്ത്രി പറഞ്ഞു. അംഗീകൃത എസ്റ്റേറ്റിൽ തോട്ടവിളയില്ലാത്ത സ്ഥലത്താണ് ഇതുപയോഗിക്കുക. തോട്ടം തുണ്ടു ഭൂമികളാക്കുന്നത് ഒഴിവാക്കാനായി അഞ്ച് ശതമാനം ഇളവ് ഒരു പ്രാവശ്യമേ അനുവദിക്കൂ. ഒരാൾക്ക് തോട്ടഭൂമി മാറ്റാൻ അനുമതി നൽകിയാൽ പിന്നീട് അത് മറ്റാ൪ക്കെങ്കിലും വിറ്റശേഷം പരിവ൪ത്തനം ചെയ്യാൻ അനുമതി നൽകില്ല. അത് ഉറപ്പുവരുത്തിയുള്ള ചട്ടം കൊണ്ടുവരും.
ചട്ടങ്ങൾ നിലവിൽ വരാതിരിക്കുന്നിടത്തോളം തോട്ടഭൂമി തുണ്ടുകളാക്കി വിൽക്കപ്പെടുമെന്നും തോട്ടങ്ങൾ തന്നെ ഇല്ലാതാവുമെന്നും പ്രതിപക്ഷം ആരോപിച്ചു. ക്ഷീരോൽപാദന ഫാമുകൾ നടത്താൻ അനുമതി നൽകുന്ന ഭേദഗതി പിൻവലിക്കണമെന്നും അവ൪ ആവശ്യപ്പെട്ടു. എന്നാൽ, നിയമം പരാജയപ്പെടാതിരിക്കാൻ ചട്ടം നി൪മിച്ച് അത് കുറ്റമറ്റതാക്കുമെന്നും ആയിരക്കണക്കിന് ചെറുകിട ക൪ഷകരുടെ കാത്തിരിപ്പിന് വിരാമം ഇടുന്നതാണ് ഭേദഗതിയെന്നും മന്ത്രി വ്യക്തമാക്കി.
പരിസ്ഥിതി പ്രവ൪ത്തക൪ ആവശ്യപ്പെട്ട വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചാണ് പുതിയ നിയമഭേദഗതിയെന്നും എ.ഐ.ടി.യു.സി, സി.ഐ.ടി.യു ഉൾപ്പടെയുള്ള തൊഴിലാളി യൂനിയനുകൾ ആവശ്യം ഉന്നയിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.