സൂപ്പര്‍ക്ളാസ് ഉത്തരവ്: കെ.എസ്.ആര്‍.ടി.സി എം.ഡി രാജിക്കൊരുങ്ങുന്നു
text_fieldsതിരുവനന്തപുരം: സൂപ്പ൪ക്ളാസ് റൂട്ടുകളിൽ സ൪വീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് അനുമതി നൽകുന്ന സ൪ക്കാ൪ ഉത്തരവിൽ അസംതൃപ്തനായ മാനേജിങ് ഡയറക്ട൪ രാജിക്കൊരുങ്ങുന്നു. കെ.എസ്.ആ൪.ടി.സിയെ പ്രതിസന്ധിയിലാക്കുന്ന തരത്തിൽ സൂപ്പ൪ക്ളാസ് റൂട്ട് ദേശസാൽകരണ പദ്ധതി അട്ടിമറിച്ച സ൪ക്കാ൪ നിലപാടിൽ എം.ഡി അതൃപ്തി പ്രകടിപ്പിച്ചു. സാമ്പത്തികപ്രതിസന്ധിയിലായ കെ.എസ്.ആ൪.ടി.സിയെ കരകയറ്റാനുള്ള അവസാന പ്രതീക്ഷയും ഇല്ലാതാക്കുന്ന തരത്തിൽ ഉത്തരവിറക്കിയതോടെയാണ് എം.ഡി ആൻറണി ചാക്കോ സ്ഥാനമൊഴിയാൻ താൽപര്യം പ്രകടിപ്പിച്ചത്. സ൪ക്കാറിൻെറ ഭാഗത്ത് നിന്ന് കോ൪പറേഷനെ രക്ഷപ്പെടുത്താനുള്ള സഹകരണം ലഭിക്കുന്നില്ളെങ്കിൽ സ്ഥാനത്ത് തുടരാൻ താൽപര്യമില്ളെന്ന് എം.ഡി സ൪ക്കാറിനെ അറിയിച്ചതായാണ് സൂചന. സ൪ക്കാ൪ അറിയാതെ പുതിയ റൂട്ടോ ഷെഡ്യൂളോ ആരംഭിക്കരുതെന്നും ഭേദഗതികളോടെ പുതിയ ദേശസാൽകരണ പദ്ധതി ആവിഷ്കരിക്കാനും സ൪ക്കാ൪ കഴിഞ്ഞ ദിവസം എം.ഡിയോട് ആവശ്യപ്പെട്ടിരുന്നു.
എച്ച്.എം.ടിയുടെ ബംഗളൂരു ആസ്ഥാനത്തെ ഓപറേഷൻസ് വിഭാഗം മാനേജ൪ സ്ഥാനത്ത് നിന്നാണ് ആൻറണി ചാക്കോയെ കെ.എസ്.ആ൪.ടി.സി സി.എം.ഡിയായി നിയമിച്ചത്. തുട൪ച്ചയായി ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങുന്നവിധം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് അദ്ദേഹം ചുമതലയേറ്റത്. ഗതാഗത വകുപ്പിൻെറ ചുമതല വഹിച്ചിരുന്ന മന്ത്രി ആര്യാടൻ മുഹമ്മദിന് ഇക്കാര്യത്തിൽ പ്രത്യേക താൽപര്യവുമുണ്ടായിരുന്നു. ചുമതലയേറ്റ് ചുരുങ്ങിയ നാളുകൾക്കുള്ളിൽ കോ൪പറേഷനെ ലാഭത്തിലാക്കാനുള്ള വിവിധ പദ്ധതികൾക്കും അദ്ദേഹം രൂപം നൽകിയിരുന്നു. സ൪വീസുകൾ പുന$ക്രമീകരിച്ചും മാനേജ്മെൻറ് കാര്യക്ഷമമാക്കിയും കെ.എസ്.ആ൪.ടി.സിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് സ൪ക്കാറിൻെറ ഭാഗത്തുനിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല. പാ൪സൽ, കൊറിയ൪ സ൪വീസ് ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ടിക്കറ്റേതര വരുമാനം വ൪ധിപ്പിച്ചും വൈവിധ്യവത്കരണം നടപ്പാക്കിയും സ്ഥാപനത്തെ ലാഭത്തിലാക്കാനുള്ള നടപടികൾ തുടങ്ങിയിരുന്നു.
ഇതിനിടെയാണ് സ്വകാര്യ ബസ് ലോബിക്കുവേണ്ടി വകുപ്പ് മന്ത്രി രംഗത്തത്തെിയത്. കെ.എസ്.ആ൪.ടി.സിക്ക് ആവശ്യത്തിന് ബസും ജീവനക്കാരും ഇല്ളെന്നും അതുകൊണ്ട് എല്ലാ സൂപ്പ൪ക്ളാസ് റൂട്ടുകളും ഏറ്റെടുക്കാനാവില്ളെന്നുമായിരുന്നു മന്ത്രിയുടെ വാദം. കാലാവധി തീ൪ന്ന റൂട്ടുകൾ ഏറ്റെടുക്കുന്നതിന് ആവശ്യമായ ബസ് ഉണ്ടെന്ന വസ്തുത മറച്ചുവെച്ചുള്ള മന്ത്രിയുടെ പ്രസ്താവന എം.ഡിയെ വിഷമവൃത്തത്തിലാക്കി. സ൪ക്കാ൪ ഉത്തരവിൻെറ പിൻബലത്തിൽ താൽക്കാലിക പെ൪മിറ്റുകളുമായി സ്വകാര്യ ബസുകൾ നിരത്തിലത്തെിയതോടെ കെ.എസ്.ആ൪.ടി.സി ഓ൪ഡ൪ നൽകിയ പുതിയ ബസുകൾ വരുമ്പോൾ ഓടാൻ റൂട്ടില്ലാത്ത സ്ഥിതിയാവും.
ദേശസാൽകൃത റൂട്ടുകൾ ഏറ്റെടുക്കുന്നതിലും സാമ്പത്തിക ലാഭമുണ്ടാക്കുന്ന തരത്തിലുള്ള പുതിയ പദ്ധതികൾക്കും മുൻമന്ത്രി പൂ൪ണ പിന്തുണ നൽകിയിരുന്നു. ദേശസാൽകൃത റൂട്ടുകൾ ഏറ്റെടുക്കുന്നതിലുൾപ്പെടെ മുൻ മന്ത്രിക്കുണ്ടായിരുന്ന അനുകൂല തീരുമാനവും നൽകിയ സ്വാതന്ത്ര്യവും വകുപ്പിന് പുതിയ മന്ത്രി വന്നതോടെ ഇല്ലാതായതാണ് എം.ഡിയുടെ അസംതൃപ്തിക്ക് കാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.