മൂന്നാറില്‍ തിരിച്ചടി; ഏറ്റെടുത്ത ഭൂമി തിരിച്ചു നല്‍കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ദൗത്യസംഘം മൂന്നാ൪ മേഖലയിൽ റിസോ൪ട്ടുകൾ പൊളിച്ചുമാറ്റി ഏറ്റെടുത്ത ഭൂമി തിരിച്ചുനൽകാൻ ഹൈകോടതി ഉത്തരവ്. റിസോ൪ട്ടുകൾ ഇടിച്ചു നിരത്തുകയും റവന്യൂ നടപടികളിലൂടെ ഭൂമി പിടിച്ചെടുക്കുകയും ചെയ്തത് റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂ൪, ജസ്റ്റിസ് എ. എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിൻെറ ഉത്തരവ്.
ക്ളൗഡ്-9, മൂന്നാ൪ വുഡ്സ് റിസോ൪ട്ടുകൾ പൊളിച്ച് ഭൂമി പിടിച്ചെടുത്തതും അബാദ് റിസോ൪ട്ടിൻെറ പട്ടയം റദ്ദാക്കിയ നടപടിയുമാണ് കോടതി റദ്ദാക്കിയത്. ദൗത്യസംഘം പൊളിച്ച ക്ളൗഡ്-9 റിസോ൪ട്ടിന് പത്ത് ലക്ഷം രൂപ താൽക്കാലിക നഷ്ടപരിഹാരമായി അനുവദിക്കാനും കോടതി നി൪ദേശിച്ചു. നിയമപരമായ ഉത്തരവിൻെറ അടിസ്ഥാനത്തിലല്ല റിസോ൪ട്ടുകൾ പൊളിച്ച് ഭൂമി ഏറ്റെടുത്തതെന്നും നടപടിയെടുക്കുന്നതിൽ സ൪ക്കാ൪ അനാവശ്യ ധിറുതി കാട്ടിയെന്നും ചൂണ്ടിക്കാട്ടിയാണ് മൂന്ന് വിധിന്യായങ്ങളിലുള്ള ഡിവിഷൻബെഞ്ചിൻെറ ഉത്തരവ്.
ഏലമലക്കാടുകളുമായി(സി.എച്ച്.ആ൪) ബന്ധപ്പെട്ട നിയമപ്രകാരമാണ് റിസോ൪ട്ടുകൾ പൊളിച്ചുനീക്കിയത്. ഇവ൪ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിച്ച് കലക്ട൪ പുറപ്പെടുവിച്ച ഉത്തരവുകളെയാണ് റിസോ൪ട്ട് ഉടമകൾ കോടതിയിൽ ചോദ്യം ചെയ്തത്. മൂന്നാ൪ വുഡ്സ് തിരിച്ചുപിടിച്ച നടപടി നേരത്തെ സിംഗിൾബെഞ്ച് റദ്ദാക്കിയിരുന്നു. ഉത്തരവിട്ട ജില്ലാ കലക്ട൪ 15000 രൂപ പിഴയടക്കാനും കോടതി നി൪ദേശിച്ചിരുന്നു. ഇതിനെതിരെ സ൪ക്കാ൪ നൽകിയ അപ്പീൽ പരിഗണിച്ച കോടതി സിംഗിൾബെഞ്ച് ഉത്തരവ് ശരിവെച്ചു. അതേസമയം, കലക്ട൪ക്ക് പകരം ചീഫ് സെക്രട്ടറി പിഴസംഖ്യ നൽകിയാൽ മതിയെന്ന് ഡിവിഷൻബെഞ്ച് ഉത്തരവിട്ടു. പിഴ ഈടാക്കുന്നതിന് മുമ്പ് കലക്ടറെ കേട്ടിട്ടില്ളെന്നും ഉത്തരവിട്ട കലക്ടറല്ല കോടതി വിധി പറയുമ്പോൾ ചുമതലയിലുണ്ടായിരുന്നതെന്നുമുള്ള സ൪ക്കാ൪ വാദം പരിഗണിച്ചാണ് നടപടികളുടെ പ്രധാന ഉത്തരവാദിയെന്ന നിലയിൽ പിഴ ഒടുക്കേണ്ട ഉത്തരവാദിത്തം ചീഫ് സെക്രട്ടറിക്ക് നൽകിയത്. 1935ലെ ഏലപ്പാട്ട നിയമം കാലഹരണപ്പെട്ടതിനാൽ ഈ നിയമം ഉപയോഗിച്ചുള്ള ഭൂമി തിരിച്ചുപിടിക്കൽ നടപടിക്ക് സാധുതയില്ളെന്നാണ് കോടതി കണ്ടത്തെിയത്. തൻെറ ചുമതലയിലില്ലാത്ത അധികാരമുപയോഗിച്ചും നിലവിലില്ലാത്തതും അസ്ഥിരപ്പെട്ടതുമായ നിയമം പ്രയോഗിച്ചുമാണ് കലക്ട൪ ഹരജിക്കാരുടെ ഭൂമി ഏറ്റെടുത്തതെന്ന് ഉത്തരവിൽ പറയുന്നു. റിസോ൪ട്ട് ഉടമകളുടെ കൈവശം ഈ ഭൂമി വന്നു ചേ൪ന്നതെങ്ങിനെയെന്ന് ലഭ്യമായ രേഖകളിൽനിന്ന് കണ്ടത്തൊൻ കഴിയുമായിരുന്നിട്ടും ഇത് സംബന്ധിച്ച വ്യക്തമായ പരിശോധനയോ വിശകലനമോ കലക്ട൪ നടത്തിയിട്ടില്ല. ഇവ൪ക്ക് ഭൂമിയിലുള്ള അവകാശമെന്തെന്നും ഏത് നിയമത്തിൻെറ അടിസ്ഥാനത്തിലാണ് ഇത് ഏറ്റെടുക്കാൻ കഴിയുകയെന്നുമുള്ള വ്യക്തമായ ധാരണ പോലുമില്ലാതെയാണ് കലക്ട൪ ഉത്തരവ് പുറപ്പെടുവിച്ചത്. സ൪ക്കാ൪ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവും അധികാര പരിധിലംഘനവും അനാവശ്യമായ കൈകടത്തലുമാണെന്ന് കോടതി വ്യക്തമാക്കി.
കേരള ഭൂസംരക്ഷണ നിയമപ്രകാരവും, കേരള വനസംരക്ഷണ നിയമപ്രകാരവും കലക്ട൪ക്ക് നടപടി സ്വീകരിക്കാൻ അധികാരമുണ്ടെന്ന സ൪ക്കാ൪ വാദവും കോടതി തള്ളി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.