Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബത്രയുടെ...

ബത്രയുടെ (വി)കൃതികള്‍ക്ക് ആശീര്‍വാദം

text_fields
bookmark_border
ബത്രയുടെ (വി)കൃതികള്‍ക്ക് ആശീര്‍വാദം
cancel

ദീനാനാഥ് ബത്രയുടെ വിദ്യാഭ്യാസ വിക്രിയകളെക്കുറിച്ചോ൪ത്ത് ചിരിക്കാനും ചിന്തിക്കാനും തുടങ്ങുന്നതിനു മുമ്പാകട്ടെ, ഗുജറാത്തിൽ നിന്നുള്ള പുതിയ വ൪ത്തമാനം. കൗമാരത്തിലേക്ക് കടക്കുന്ന സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ച് അടുത്ത വ൪ഷമാദ്യം രാഷ്ട്രീയ സ്വയംസേവക് സംഘം അഹ്മദാബാദിൽ ബാലസമ്മേളനം നടത്താൻപോകുന്നു. അതിലേക്ക് കുട്ടികളുടെ രജിസ്ട്രേഷൻ തുടങ്ങി. ആ൪.എസ്.എസ് മുന്നോട്ടുവെക്കുന്ന ആശയങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം. എന്നിട്ട്, നാട്ടിൻപുറങ്ങളിൽ അവരുടെ മുൻകൈയിൽ ആ൪.എസ്.എസ് ശാഖകൾ തുടങ്ങും.
ആ൪.എസ്.എസിലൂടെ പഠിച്ചുവളരുന്ന ഭാവിയുവാക്കളെയാണ് ആ൪.എസ്.എസ് സ്വപ്നം കാണുന്നത്. ബാലഗോകുലത്തിൻെറയും ഘോഷയാത്രകളുടെയുമൊക്കെ പരിഷ്കരിച്ച പതിപ്പാണ് 25,000ത്തോളം പേ൪ പങ്കെടുക്കുന്ന ബാലസമ്മേളനം. ചിന്തയുറക്കാത്ത പ്രായത്തിൽ കുട്ടികളിലേക്ക് ‘ഭാരതീയ സംസ്കാരം’ സന്നിവേശിപ്പിക്കേണ്ടതിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ബാലസമ്മേളനത്തിലേക്ക് മോഹൻ ഭഗവത് അടക്കമുള്ള ആ൪.എസ്.എസ് നേതാക്കൾ എത്തുന്നത്. കാവിത്തമുള്ള യുവാക്കൾ തോളോടു തോൾ ചേ൪ന്ന് പ്രവ൪ത്തിച്ചതു വഴിയാണ് ഗുജറാത്ത് ഇന്നത്തെ ഗുജറാത്തായതെന്നും നരേന്ദ്ര മോദി നാലുവട്ടം മുഖ്യമന്ത്രിക്കസേരയിലിരുന്ന് പ്രധാനമന്ത്രിപദത്തിലേക്ക് ചുവടുവെച്ചതെന്നും സംഘ്പരിവാറിനും മോദിക്കുമൊക്കെ ഉത്തമബോധ്യമുണ്ട്.
ദീനാനാഥ് ബത്രയെന്ന 85കാരൻ ഇക്കാലമത്രയും ജീവിച്ചത് കാവിസങ്കൽപങ്ങൾ വിൽപനക്കുവെച്ചുകൊണ്ടാണ്. പഴയ പ്രൈമറി സ്കൂൾ അധ്യാപകനിൽ നിന്ന്, രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാ൪ക്കാനുള്ള ആശയങ്ങളുടെ ബുദ്ധികേന്ദ്രമെന്ന നിലയിലേക്ക് വള൪ന്നു നിൽക്കുകയാണ് അദ്ദേഹം. സ൪ക്കാറിൻെറ കൈത്താങ്ങുണ്ടെങ്കിൽ, അഴകിയ രാവണന്മാ൪ക്ക് ബുദ്ധിജീവികളാകാൻ പ്രയാസമില്ല. അങ്ങനെയാണ് ദീനാനാഥ് ബത്രയുടെ (വി)കൃതികൾ ഗുജറാത്തിൽ ഏഴാം തരം വരെനി൪ബന്ധമായി പഠിക്കേണ്ട ഉപപാഠപുസ്തകങ്ങളായി മാറിയത്. പാശ്ചാത്യ സംസ്കാരത്തിൻെറ തള്ളിക്കയറ്റത്തിൽനിന്ന്, അന്യവത്കരിക്കപ്പെട്ടുപോയ ഭാരതീയ സംസ്കൃതിയിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു വരാൻ അദ്ദേഹം താൽപര്യപ്പെടുന്നുവത്രേ. അതിന് ഗുജറാത്തിലെ ബി.ജെ.പി സ൪ക്കാ൪ സഹായം ചെയ്യുന്നു. സംസ്ഥാനത്തെ 42,000 വരുന്ന സ്കൂളുകളിലെ കുട്ടികൾ ദീനാനാഥ് ബത്രയുടെ സാംസ്കാരിക പ്രഭാഷണങ്ങൾ പഠിച്ചു വള൪ന്നേ മതിയാവൂ. പുസ്തകം കത്തിച്ച് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും, സ൪ക്കാറിന് അതൊരു വിഷയമല്ല. കാരണം, സംഘ്പരിവാ൪ തീരുമാനിച്ചുറച്ചാണ് ബത്രയുടെ പുസ്തകങ്ങൾ പാഠ്യവിഷയമാക്കിയത്. ആ൪.എസ്.എസ് നടത്തുന്ന വിദ്യാഭാരതിയുടെ ജനറൽ സെക്രട്ടറിയായും ശിക്ഷാ ബചാവോ ആന്ദോളൻ സമിതിയുടെ സ്ഥാപകനുമാണ് ദീനാനാഥ് ബത്ര. അമേരിക്കക്കാരി വെൻഡി ഡോണിഗ൪ ഹൈന്ദവതയെക്കുറിച്ച് എഴുതിയ പ്രശസ്ത പുസ്തകത്തിനെതിരെ കോടതി കയറുകയും പ്രസാധകരായ പെൻഗ്വിനെക്കൊണ്ട് പുസ്തകം പിൻവലിപ്പിക്കുകയും ചെയ്തയാൾ.
ഭാരതീയരുടെ മുന്നേറ്റവും സംസ്കാരവുമൊക്കെ ബത്ര തൻെറ പുസ്തകങ്ങളിൽ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നത് വിചിത്രമാണ്. വിമാനം ആദ്യമായി പറപ്പിച്ചത് റൈറ്റ് സഹോദരങ്ങളായിരിക്കാം. പക്ഷേ, രാമായണത്തിലെ രാവണൻെറ പുഷ്പക വിമാനത്തെക്കുറിച്ച് മറക്കേണ്ട എന്നതാണ് സ്റ്റൈൽ! ആധുനിക വിമാനം ആകാശം തൊടുന്നതിനു മുമ്പേ ഭാരതത്തിൽ അത്തരമൊരു ആശയം കണ്ടത്തെിയിരുന്നുവെന്ന് വാദിക്കാം.
1926ൽ സ്കോട്ട്ലൻഡുകാരൻ ജോൺ ലോഗി ബയാ൪ഡാണ് ടെലിവിഷൻ കണ്ടുപിടിച്ചതെന്നാണ് ആധുനിക ലോകം പറയുന്നത്. പക്ഷേ, ഒന്നോ൪ക്കണം. ഹസ്തിനപുരത്തിലെ കൊട്ടാരത്തിൽ ദിവ്യദൃഷ്ടി കൊണ്ട് മഹാഭാരത യുദ്ധം നേരിട്ടു കണ്ട് അന്ധനായ ധൃതരാഷ്ട്രരോട് വിശദീകരിച്ചു കൊടുത്ത ഒരാളുണ്ട് -സഞ്ജയൻ. ദൂരദ൪ശൻെറ ഉപജ്ഞാതാവ് അദ്ദേഹമല്ലാതെ മറ്റാര്? ഋഗ്വേദത്തിൽ പറയുന്ന, കുതിരകളില്ലാത്ത അനശ്വരഥത്തിൻെറ പിൻഗാമി മാത്രമാണ് ഇന്നത്തെ മോട്ടോ൪ കാറുകൾ. 100 കൗരവന്മാരെ ഗാന്ധാരി പ്രസവിച്ച മാംസപിണ്ഡത്തിൽനിന്ന് ജനിപ്പിച്ച മഹാഭാരത കഥക്കു മുന്നിൽ ക്ളോണിങ് കണ്ടുപിടിച്ചെന്ന് അവകാശപ്പെടുന്ന ആധുനിക ശാസ്ത്രജ്ഞ൪ തല കുനിച്ചുനിൽക്കണം. ഈ ക്ളോണിങ്ങിനെക്കുറിച്ച് ദീനാനാഥ് ബത്ര കുട്ടികളോട് വിവരിക്കുന്നത് ഇങ്ങനെ: കുന്തിക്ക് സൂര്യനെ ധ്യാനിച്ച് സൂര്യതേജസ്സുള്ള പുത്രൻ (ക൪ണൻ) ഉണ്ടായി. രണ്ടു വ൪ഷത്തേക്ക് ഗ൪ഭം ധരിക്കാൻ കഴിയാതെപോയ ഗാന്ധാരി ഇതറിഞ്ഞ് പിന്നീട് ഗ൪ഭം അലസിപ്പിച്ചു. അതുവഴി പുറത്തുവന്ന മാംസപിണ്ഡം നിരീക്ഷിച്ച ഋഷി ദൈ്വപായൻ വ്യാസ്, ചില മരുന്നുകൾ ചേ൪ത്ത് അതൊരു ശീതപ്പെട്ടിയിലാക്കി. പിന്നെ ആ മാംസപിണ്ഡം 100 കഷണങ്ങളാക്കി നെയ്യ് ചേ൪ത്ത് വെവ്വേറെ പെട്ടിയിലടച്ചു. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ 100 കൗരവന്മാ൪ പുറത്തുവന്നു. ആയിരക്കണക്കിനു വ൪ഷം മുമ്പേ ഭാരതത്തിൽ ക്ളോണിങ് വിജയകരമായി നടത്തിയെന്നത് ശരിയല്ളേ?
പാഠപുസ്തകങ്ങളിൽ ബത്ര എഴുതിപ്പിടിപ്പിച്ച വികല കഥകൾ വേറെയുമുണ്ട്. ഒരിക്കൽ ഏതോ ഒരു ഡോ. രാധാകൃഷ്ണൻ ഡിന്നറിനു പോയി. അക്കൂട്ടത്തിലുണ്ടായിരുന്ന സായ്പ് പറഞ്ഞു. ഞങ്ങൾ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ടവരാണ്. രാധാകൃഷ്ണൻ ചിരിച്ചു. എന്നിട്ട് എന്താണ് ശരിയെന്ന് പറഞ്ഞു കൊടുത്തു. ഒരിക്കൽ ദൈവം ചപ്പാത്തി ഉണ്ടാക്കുകയായിരുന്നു. ആദ്യത്തെ ചപ്പാത്തി പാതി വെന്ത പരുവത്തിലായിരുന്നു. ഇംഗ്ളണ്ടുകാ൪ അങ്ങനെയാണ് ഉണ്ടായത്. രണ്ടാമത്തെ ചപ്പാത്തി കൂടുതൽ നേരം അടുപ്പത്തിരുന്നു കരിഞ്ഞു. അങ്ങനെയാണ് നീഗ്രോകൾ ഉണ്ടായത്. രണ്ടു പ്രാവശ്യം തെറ്റുപറ്റിയ ദൈവം കരുതലോടെ നല്ല ചപ്പാത്തിയുണ്ടാക്കി. പാകത്തിന് വേവ്,നിറം. അതാണ് ഇന്ത്യക്കാ൪! ഈ വംശീയാധിക്ഷേപത്തിൽ നിന്ന് ബത്ര പറയുന്ന അന്ധവിശ്വാസങ്ങളിലേക്ക് കണ്ണോടിക്കുക: മക്കളില്ലാത്ത ദമ്പതികൾ പശുവിന് തീറ്റകൊടുത്ത് കുറെക്കാലം ജീവിച്ചു നോക്കൂ; കുട്ടികളുണ്ടാകുമെന്നാണ് ഒരു കഥ. മക്കൾ പിറക്കാത്ത ദിലീപ് രാജാവ് വളരെ അസ്വസ്ഥനായിരുന്നു. അദ്ദേഹം വസിഷ്ഠ മുനിയുടെ ആശ്രമത്തിലത്തെി സങ്കടം പറഞ്ഞു. പശുക്കളെ പോറ്റി വള൪ത്താമെന്ന് പ്രതിജ്ഞയെടുത്തു നോക്ക് -മുനി പറഞ്ഞു. രാജാവും രാജ്ഞിയും സമ്മതിച്ചു.
ഒരിക്കൽ ഒരു സിംഹം പശുവിനെ ആക്രമിച്ചു. തടഞ്ഞുകൊണ്ട് രാജാവ് പറഞ്ഞു. വേണമെങ്കിൽ എന്നെ തിന്നോളൂ. പശുവിനെ വെറുതെ വിട്ടേക്ക്. രാജാവിനെയും പശുവിനെയും ഒന്നും ചെയ്യാതെ സിംഹം പോയി. കാലം പിന്നെയും മുന്നോട്ടുപോയപ്പോൾ രാജാവിന് കുട്ടികൾ പലത്! സംഘ്പരിവാ൪ ചിഹ്നങ്ങളിലേക്കും ബത്ര കഥയിലൂടെ കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നു. അമേരിക്കയിൽ പഠിച്ചുവന്ന ഹരീഷ് ഒരിക്കൽ ‘സ്വസ്തിക’ വരക്കുകയായിരുന്നുവത്രേ. ജൂതവംശജയായ അധ്യാപികക്ക് ദേഷ്യം വന്നു. സ്വസ്തിക ഹിറ്റ്ലറുടെയും നാസികളുടെയും അടയാളമാണ്. നോട്ടുപുസ്തകം പിടിച്ചെടുത്ത് ടീച്ച൪ കയ൪ത്തു. ഹരീഷ് പക്ഷേ, അഭിമാനത്തോടെ ടീച്ചറോട് പറഞ്ഞു. ഇത് പുരോഗമനപരമായ ഞങ്ങളുടെ മതത്തിൻെറ ചിഹ്നമാണ്. മറ്റു ഹിന്ദു കുട്ടികളും ടീച്ചറെ കാര്യം പറഞ്ഞു മനസ്സിലാക്കി. ഹരീഷിൻെറ അച്ഛൻ പ്രിൻസിപ്പലിനെ കണ്ടു. ഒടുവിൽ ടീച്ച൪ മാപ്പു പറഞ്ഞു. കഥ പറഞ്ഞ് ബത്ര കൂട്ടിച്ചേ൪ക്കുന്നു -നമ്മൾ നമ്മുടെ മതത്തിലും അതിൻെറ ചിഹ്നങ്ങളിലും അഭിമാനമുള്ളവരായിരിക്കണം.
പുസ്തകങ്ങൾ വിവാദമായിട്ടും ഈ ദീനാനാഥ് ബത്രക്ക് മുഴുവൻ മാ൪ക്കും നൽകി പ്രോത്സാഹിപ്പിക്കുകയാണ് ബി.ജെ.പിയുടെയും ആ൪.എസ്.എസിൻെറയും നേതാക്കൾ. പുസ്തകങ്ങളിൽ ആമുഖ ആശംസ എഴുതിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ബത്ര നല്ല കാര്യമാണ് ചെയ്യുന്നതെന്നാണ് ആ൪.എസ്.എസ് വക്താവിൽനിന്ന് ബി.ജെ.പി നേതാവായി അടുത്തയിടെ വേഷം മാറിയ രാംമാധവ് പറഞ്ഞത്. ഭാരതീയ മൂല്യങ്ങൾ കുട്ടികളെ പഠിപ്പിക്കാൻ ബത്ര അത്യധ്വാനം ചെയ്യുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിക്കുന്നു. മറുവശത്ത്, ബത്രയെപ്പോലുള്ളവരുടെ നി൪ദേശങ്ങളുടെ അടിസ്ഥാനത്തിൽ വിപുലമായ സിലബസ് പരിഷ്കരണങ്ങളിലേക്ക് നടക്കുകയാണ് മോദി സ൪ക്കാ൪. എൻ.സി.ഇ.ആ൪.ടി സിലബസ് പരിഷ്കരിക്കുന്ന കാര്യം അദ്ദേഹവുമായി മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി ച൪ച്ച ചെയ്തിരുന്നു. വിദ്യാഭ്യാസത്തെ ഭാരതവത്കരിക്കുന്നതിനുള്ള നി൪ദേശങ്ങൾ സ൪ക്കാറിന് നൽകാൻ ദീനാനാഥ് ബത്രയാകട്ടെ, സ്വന്തനിലക്കൊരു 15 അംഗ വിദ്യാഭ്യാസ കമീഷൻ രൂപവത്കരിച്ചുകഴിഞ്ഞു.
അധികാരത്തിലിരിക്കുന്നതിൻെറ സൗകര്യമുപയോഗിച്ച് ഹിന്ദുത്വ രാഷ്ട്രീയ പദ്ധതി വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാനാണ് ബത്രയെ പോലുള്ളവരെക്കൂടി ഉപയോഗിച്ച് സംഘ്പരിവാ൪ ശ്രമിക്കുന്നതെന്ന യാഥാ൪ഥ്യമാണ് തെളിഞ്ഞുവന്നുകൊണ്ടിരിക്കുന്നത്. ബത്രയെപ്പോലുള്ളവരുടെ കൃതിയും ചിന്തയുമൊക്കെ സാധാരണ നിലക്ക് പൊതുസമൂഹത്തിന് ചിരിച്ചു തള്ളാൻ മാത്രം വക നൽകുന്ന ഇനങ്ങളാണ്. പക്ഷേ, ഇപ്പോഴത്തെ ഭരണകൂടവുമായി അദ്ദേഹത്തിനുള്ള അടുപ്പവും വിദ്യാഭ്യാസ കാവിവത്കരണത്തിന് മോദി സ൪ക്കാറിനുള്ള താൽപര്യവുമാണ് ആശങ്ക വള൪ത്തുന്നത്. സ൪ക്കാ൪ നയങ്ങൾ ഇത്തരക്കാരുടെ ചിന്താഗതിക്കൊത്ത് വളയുന്നത് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക. ശാസ്ത്രബോധവും -ധാ൪മിക മൂല്യങ്ങളും വള൪ത്തിയെടുക്കേണ്ടതിൻെറ പ്രാധാന്യം മറയാക്കി അന്ധവിശ്വാസങ്ങളിലേക്കും കാടൻ ചിന്തയിലേക്കും കൂട്ടിക്കൊണ്ടുപോകാൻ ബത്രമാരെ സംഘ്പരിവാ൪ പാലമാക്കുന്നത് വിദ്യാഭ്യാസ മേഖലക്ക് ഏൽപിക്കുന്ന പരിക്ക് അങ്ങേയറ്റം മാരകമായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story