ഗസ്സ: 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഫലസ്തീന്‍-ഇസ്രായേല്‍ ധാരണ
text_fieldsകൈറോ: ഗസ്സയിൽ 72 മണിക്കൂ൪ വെടിനി൪ത്തലിന് ഫലസ്തീനും ഇസ്രായേലും വീണ്ടും ധാരണയായി. ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടന്ന ച൪ച്ചയിലാണ് വെടിനി൪ത്തലിന് ധാരണയായത്. പ്രാദേശിക സമയം രാത്രി ഒമ്പത് മണി മുതലാണ് വെടിനി൪ത്തൽ നിലവിൽ വരിക.
ഈജിപ്തിൽ നടന്ന ച൪ച്ചയിൽ വെടിനി൪ത്തലിന് ആദ്യം സമ്മതിച്ചിരുന്നത് ഫലസ്തീനായിരുന്നു. ഇസ്രായേൽ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുണ്ടായ കനത്ത സമ്മ൪ദ്ദമാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വെടിനി൪ത്തലിന് നി൪ബന്ധിച്ചത്.
ഞായറാഴ്ചയും ഗസ്സയിൽ ഇസ്രായേൽ രൂക്ഷ ആക്രമണം അഴിച്ചുവിട്ടു. 13കാരിയായ ബാലികയും 14കാരനായ ബാലനും ഉൾപ്പെടെ മൂന്ന് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ശനിയാഴ്ച മോട്ടോ൪ സൈക്കിളുകൾക്കുമേൽ ബോംബ് വീണ് രണ്ടുപേരും പള്ളി തക൪ന്ന് മൂന്നുപേരും റഫാ പട്ടണത്തിൽ നടന്ന വ്യോമാക്രമണത്തിൽ മൂന്നുപേരും കൊല്ലപ്പെട്ടു.
മൂന്നുദിവസത്തെ വെടിനി൪ത്തലിന് ശേഷം വെള്ളിയാഴ്ച പുനരാരംഭിച്ച ഗസ്സ ആക്രമണത്തിൻെറ മൂന്നാംദിനം ഇസ്രായേൽ ജബലിയ അഭയാ൪ഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു ഫലസ്തീൻ സ്വദേശി കൂടി കൊല്ലപ്പെട്ടു.
ഒരു മാസത്തിലേറെയായി തുടരുന്ന ഗസ്സ ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 2000 ഫലസ്തീനികളും 67 ഇസ്രായേലികളുമാണ്. 10000ത്തിലേറെ പേ൪ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ട ഫലസ്തീനികളിൽ 1408 പേരും സാധാരണക്കാരാണ്. ഇവരിൽ 452 കുഞ്ഞുങ്ങളും 235 സ്ത്രീകളും ഉൾപ്പെടും. ഇസ്രായേലിൻെറ ഭാഗത്ത് കൊല്ലപ്പെട്ട 67 പേരിൽ 64 പേരും സൈനികരാണ്. രണ്ട് സിവിലിയൻമാരും ഒരു തായ്ലൻറ് സ്വദേശിയുമാണ് ഇസ്രായേലിൽ കൊല്ലപ്പെട്ട മറ്റുള്ളവ൪.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.