മൂന്നുദിനം കൊണ്ട് ഇന്ത്യയെ...
text_fieldsമാഞ്ചസ്റ്റ൪: രണ്ടാം ദിനം രണ്ട് സെഷൻ മഴമുടക്കിയിട്ടും പരിക്കേറ്റ സ്റ്റുവ൪ട്ട് ബ്രോഡ് രണ്ടാമിന്നിങ്സിൽ പന്തെറിയാഞ്ഞിട്ടും മൂന്നു ദിവസത്തിനകം തോൽവി. നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ളണ്ടിനെതിരെ തോൽവിയടഞ്ഞ ടീം ഇന്ത്യ ഗുരുതരാവസ്ഥയിലാണ്. രണ്ടിന്നിങ്സിലുമായി 89.4 ഓവ൪ മാത്രമാണ് ഇന്ത്യ ബാറ്റ്വീശിയത്. മുഈൻ അലിയുടെ പാ൪ട്ട്ടൈം സ്പിൻ കൊയ്തെടുത്തത് നാല് വിക്കറ്റുകൾ. സ്ലിപ്പിൽ പാഴായ ക്യാച്ചുകൾ നിരവധി. ഏത് ബൗള൪ പന്തെറിയണമെന്ന ആശയക്കുഴപ്പം. അവസരങ്ങൾ പാഴാക്കലും എളുപ്പം റണ്ണൗട്ടാകലും. പ്രമുഖ ബാറ്റ്സ്മാന്മാ൪ക്കെല്ലാം എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ലോ൪ഡ്സിലെ ജയം ഇന്ത്യക്ക് സമ്മാനിച്ചത് ഇശാന്ത് ശ൪മയുടെ പരിക്കാണ്. മധ്യനിരയും വാലറ്റവും പിടിച്ചുനിൽക്കുമെന്ന് കണക്കുകൂട്ടിയ മുൻനിര ബാറ്റ്സ്മാന്മാ൪ ലോ൪ഡ്സിനു ശേഷം ഉഴപ്പുതുട൪ന്നു.
ബാറ്റ്സ്മാന്മാ൪ക്ക് ്ഇംഗ്ളണ്ടിലെ പിച്ചുകൾ അത്ര സുഖകരമായ അനുഭവമല്ല. പന്ത് ലീവ്ചെയ്യുന്നത് ഇവിടെ എളുപ്പമല്ല. പന്ത് പ്രതിരോധിക്കുമ്പോൾ മുന്നോട്ട് ആഞ്ഞില്ളെങ്കിൽ പണികിട്ടും. മൂന്നും നാലും ടെസ്റ്റുകളിൽ മുരളി വിജയ് ഇക്കാര്യത്തിൽ തികഞ്ഞ പരാജയമായിരുന്നു. ശിഖ൪ ധവാൻ റണ്ണെടുക്കാതെ ഉഴലുമ്പോൾ ഇന്ത്യയുടെ പ്രതീക്ഷ വിജയിലായിരുന്നു.
ധവാൻെറ ഫോമില്ലായ്മയാണ് ഗൗതം ഗംഭീറിനെ ഇലവനിലത്തെിച്ചത്. ക്യാപ്റ്റൻ എം.എസ്. ധോണിയുടെ വ്യക്തിവൈരാഗ്യമല്ല, ഗംഭീ൪ മുമ്പ് ടീമിൽനിന്ന് പുറത്താകാൻ കാരണമെന്ന് ബാറ്റിങ് കണ്ടാൽ മനസ്സിലാകും. ഷോ൪ട് പിച്ച് പന്തുകൾ ഈ ഡൽഹി താരത്തിന് ഇപ്പോഴും പേടിസ്വപ്നമാണ്. 2011ലെ പര്യടനത്തിൽ പതിവായി സ്ളിപ്പിൽ ക്യാച്ച് നൽകിയായിരുന്നു ഗംഭീ൪ പവിലിയനിലേക്ക് മടങ്ങിയിരുന്നത്. മാഞ്ചസ്റ്ററിലും പഴയ പല്ലവിതന്നെയായിരുന്നു.
കരുത്തിൻെറ പ്രതീകമായി വിലയിരുത്തുന്ന ചേതേശ്വ൪ പുജാര നാലാം ടെസ്റ്റിൽ ഒന്നാമിന്നിങ്സിൽ പൂജ്യനായാണ് പുറത്തായത്. ബാക്ഫൂട്ടിൽ കളിക്കുമ്പോൾ പുജാരയുടെ പിടിവിടുന്ന അവസ്ഥയാണ്. ഓപണ൪മാ൪ ‘കഴിവ്’ തെളിയിക്കുന്നവരായതിനാൽ പുജാരക്ക് നേരത്തേ ഇറങ്ങേണ്ടി വരുന്നുണ്ട്. എന്തുകൊണ്ട് ഈ സൗരാഷ്ട്ര താരത്തെ ഓപണറാക്കികൂടാ എന്നും ചോദ്യമുയരുന്നു.
ഏത് കൊടുങ്കാറ്റിലും ആടിയുലയാത്ത വിരാട് കോഹ്ലിയാണ് തീ൪ത്തും നിരാശപ്പെടുത്തിയത്. തെറ്റുകളിൽനിന്ന് പാഠമുൾക്കൊള്ളാതെ, ബാറ്റിങ്ങിൻെറ ‘എഞ്ചുവടി’ അറിയാതെയാണ് കോഹ്ലിയുടെ പ്രകടനം. കോഹ്ലി ലീവ് ചെയ്ത പന്ത് വിക്കറ്റിൽ വീഴുന്നതും ഇംഗ്ളണ്ടിൽ കണ്ടു. സചിൻ ടെണ്ടുൽകറുടെ സ്ഥാനത്ത് കളിക്കുന്ന കോഹ്ലിയും രാഹുൽ ദ്രാവിഡിൻെറ മൂന്നാം നമ്പ൪ സ്ഥാനം ഏറ്റെടുത്ത പുജാരയും ക്രീസിൽ തപ്പിത്തടയുന്നത് ഇന്ത്യക്ക് വൻതിരിച്ചടിയാണ്. ഓഫ്സൈഡിന് പുറത്തേക്കു പോകുന്ന പന്തുകൾക്ക് ബാറ്റ്വെച്ച് പുറത്താകലാണ് കോഹ്ലിയുടെ പുതിയ ഹോബി.
അജിൻക്യ രഹാനെ നാലാം ടെസ്റ്റിൽ അനാവശ്യ ഷോട്ടുകളുതി൪ത്താണ് പുറത്തായത്. ഒന്നാമിന്നിങ്സിൽ വിക്കറ്റുകൾ വീണടിഞ്ഞ ശേഷമത്തെിയ രഹാനെ ക്യാപ്റ്റനുമായി ചേ൪ന്ന് കരകയറാൻ ചിലശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ, ലൂസ്ഷോട്ടിലൂടെ ക്രിസ് ജോ൪ദാന് ഇരയാവുകയായിരുന്നു. രണ്ടാമിന്നിങ്സിലും പിഴവു പരിഹരിച്ചില്ല.
നാലാം ടെസ്റ്റിലെ ഒന്നാമിന്നിങ്സിൽ ധോണി ധീരമായി പൊരുതിനേടിയ 71 റൺസിന് പൊൻതിളക്കമായിരുന്നു. ഒരറ്റം മുങ്ങുമ്പോഴും ഇന്ത്യൻ കപ്പിത്താൻ ഉലയാതെനിന്നു. രണ്ടാമിന്നിങ്സിൽ ഇന്ത്യയെ നൂറ് കടത്താനും സഹായിച്ചു. എന്നാലും ധോണിയുടെ വിക്കറ്റ് കീപ്പിങ്ങും ക്യാപ്റ്റൻസിയും ചോദ്യം ചെയ്യപ്പെടുകയാണ്. ബൗള൪മാരെ ബുദ്ധിപൂ൪വം ഉപയോഗിക്കുന്ന ‘മഹി’ക്ക് തൊട്ടതെല്ലാം പിഴച്ചു. വിക്കറ്റിനു പിന്നിൽ ക്യാച്ചുകൾ കൈവിട്ടതും നാണക്കേടായി.
ആൻഡേഴ്സൻ വഴക്കിട്ടത് മാത്രമാണ് രവീന്ദ്ര ജദേജ ഇംഗ്ളണ്ടിൽ ശ്രദ്ധിക്കപ്പെടാൻ കാരണം. മാഞ്ചസ്റ്ററിൽ ഒന്നാമിന്നിങ്സിൽ ആൻഡേഴ്സന് മുന്നിൽ കീഴടങ്ങിയ ജദേജക്ക് ആൻഡേഴ്സനെ പുറത്താക്കി തരിച്ചടിക്കാനായതുമാത്രമാണ് നേട്ടം. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങാറുണ്ടായിരുന്ന ജദേജക്കു രണ്ട് മേഖലയിലും പുരോഗതിയില്ലായിരുന്നു.
ഭുവനേശ്വ൪ കുമാറിനെ കുറ്റം പറയാനാവില്ല. പരിമിതികൾ അറിഞ്ഞ് പന്തെറിഞ്ഞ് വിക്കറ്റ് നേടാൻ ‘ഭുവി’ മിടുക്കുകാട്ടുന്നു. നാലാം ടെസ്റ്റിൽ സാം റോബ്സനെയും ഇയാൻ ബെല്ലിനെയും മടക്കിയയച്ച ഭുവിയുടെ പന്തുകൾ മികച്ചതായിരുന്നു. എന്നാൽ, നാലാം ടെസ്റ്റിൽ ബാറ്റിങ്ങിൽ തിളങ്ങാനായില്ല. ബൗളിങ്ങാണ് പ്രധാന ജോലിയെങ്കിലും ബാറ്റിങ്ങിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ട ഗതികേടിലാണ് ഈ താരം.
മൂന്നു വ൪ഷത്തിനു ശേഷം തിരിച്ചത്തെിയ വരുൺ ആറോൺ വേഗത്തിൽ പന്തെറിഞ്ഞ് ശ്രദ്ധനേടി. മണിക്കൂറിൽ 140 കിലോ മീറ്ററിൽ കൂടുതൽ വേഗത്തിൽ തുട൪ച്ചയായി പന്തെറിഞ്ഞ ആറോൺ 97 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.
ആ൪. അശ്വിനുണ്ടായിരുന്നെങ്കിൽ സതാംപ്ടണിൽ തോൽക്കില്ളെന്ന് ചില൪ അഭിപ്രായപ്പെട്ടിരുന്നു. നാലാം ടെസ്റ്റിൽ അശ്വിൻ നന്നായി പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും ആ വഴിക്കത്തെിയില്ല. എന്നാൽ, മാഞ്ചസ്റ്ററിൽ ബാറ്റിങ്ങിൽ മാനംകാത്തത് ഈ തമിഴ്നാട് താരമാണ്. ഒന്നാമിന്നിങ്സിൽ 40 റൺസെടുത്ത് ഇന്ത്യയെ 150 കടത്തിയ അശ്വിൻ രണ്ടാമിന്നിങ്സിൽ 46 റൺസുമായി പുറത്താവാതെ നിന്ന് ടോപ്സ്കോററുമായി.
പങ്കജ് സിങ്ങിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. മൂന്നാം ദിനം ജോ റൂട്ടിനെയും ജോസ് ബട്ലറെയും ഒൗട്ടാക്കിയത് മാത്രംമെച്ചം. ഓവൽ ടെസ്റ്റിൽ ഇശാന്ത് ശ൪മ തിരിച്ചുവരുകയാണെങ്കിൽ ഈ യു.പി ബൗളറുടെ സ്ഥാനംതെറിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.