ഗാഡ്ഗിലോ കസ്തൂരിരംഗനോ: കേന്ദ്ര സര്‍ക്കാറിന് ഹരിത ട്രൈബ്യൂണലിന്‍െറ അന്ത്യശാസനം
text_fieldsന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗിൽ സമിതിയുടെയും കസ്തൂരിരംഗൻ സമിതിയുടെയും റിപ്പോ൪ട്ടുകളിൽ ഏത് നടപ്പാക്കുമെന്ന് ഒരാഴ്ചക്കകം അറിയിക്കാൻ കേന്ദ്രസ൪ക്കാറിന് ദേശീയ ഹരിത ട്രൈബ്യൂണലിൻെറ അന്ത്യശാസനം. തീരുമാനം അറിയിച്ചില്ളെങ്കിൽ ട്രൈബ്യൂണൽ സ്വന്തം നിലക്ക് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റിസ് സ്വതന്ത൪ കുമാ൪ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോൾ ഏത് റിപ്പോ൪ട്ടാണ് എൻ.ഡി.എ സ൪ക്കാ൪ നടപ്പാക്കുകയെന്ന് വ്യക്തമാക്കാൻ സ൪ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകൻ വികാസ് മൽഹോത്രക്ക് കഴിയാതിരുന്നത് ട്രൈബ്യൂണലിനെ ചൊടിപ്പിച്ചു. കേരളത്തിലെ ഖനനം സംബന്ധിച്ച് ഹരജിക്കാരായ ഗോവഫൗണ്ടേഷനും കക്ഷികളായ കേരള സ൪ക്കാറും ക്രഷറുടമകളും ശക്തമായ വാദം തുട൪ന്നപ്പോഴാണ് ഏത് റിപ്പോ൪ട്ട് നടപ്പാക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായോയെന്ന് ട്രൈബ്യൂണൽ ചോദിച്ചത്. ഗാഡ്ഗിൽ റിപ്പോ൪ട്ട് കേന്ദ്രം പൂ൪ണമായും ഉപേക്ഷിച്ചോയെന്ന് മൽഹോത്രയോട് ജസ്റ്റിസ് സ്വതന്ത൪ കുമാ൪ ആരാഞ്ഞു. കസ്തൂരിരംഗൻ റിപ്പോ൪ട്ടിനായി ഗാഡ്ഗിൽ റിപ്പോ൪ട്ടിനെ ഒഴിവാക്കിയതാണോയെന്നും ആരാഞ്ഞു. മൽഹോത്രക്ക് മറുപടി നൽകാൻ കഴിയാതെവന്നപ്പോൾ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ട൪ അമിത് ലോവിനോടായി ചോദ്യം. ലോവും മറുപടിയില്ലാതെ പരുങ്ങിയപ്പോൾ എന്തുതരം ഉദ്യോഗസ്ഥരാണ് വനം-പരിസ്ഥിതി മന്ത്രാലയത്തിലുള്ളതെന്ന് ജസ്റ്റിസ് സ്വതന്ത൪ കുമാ൪ ചോദിച്ചു. ഗാഡ്ഗിൽ റിപ്പോ൪ട്ടിൻെറ കാര്യത്തിലെന്നപോലെ കസ്തൂരിരംഗൻെറ കാര്യത്തിലും കേസ് മാറ്റിവെക്കുകയാണ്. ഇതിനകം ആറുതവണ കേസ് മാറ്റിവെച്ചു. ഗാഡ്ഗിലാണോ കസ്തൂരിരംഗനാണോ എന്നു സ൪ക്കാ൪ തീരുമാനിച്ചാൽ മാത്രമേ കേസ് മുന്നോട്ട് കൊണ്ടുപോകാനാവൂ. രണ്ട് റിപ്പോ൪ട്ടുകളും തമ്മിൽ വ്യത്യാസമുണ്ട്. ഇരു സമിതികളും സംരക്ഷണം ആവശ്യപ്പെട്ട പ്രദേശങ്ങളുടെ വ്യാപ്തിയിലും വ്യത്യാസമുണ്ട്. കസ്തൂരിരംഗൻ റിപ്പോ൪ട്ട് പോലെ ഗാഡ്ഗിൽ റിപ്പോ൪ട്ടും നേരത്തേ കേന്ദ്രം തത്ത്വത്തിൽ അംഗീകരിച്ചിരുന്നതാണ്. എന്നാൽ, ഇപ്പോൾ പശ്ചിമഘട്ട സംരക്ഷണത്തിൽ കേന്ദ്രസ൪ക്കാറിൻെറ തത്ത്വശാസ്ത്രം മനസ്സിലാകുന്നില്ല. ഈ മാസം 25ന് കേസ് പരിഗണിക്കുമ്പോഴേക്കും ഏത് റിപ്പോ൪ട്ട് എത്ര സമയമെടുത്ത്നടപ്പാക്കുമെന്ന് തങ്ങളെ അറിയിക്കണമെന്ന് ട്രൈബ്യൂണൽ കേന്ദ്ര സ൪ക്കാറിന് നി൪ദേശം നൽകി.
കസ്തൂരിരംഗൻ റിപ്പോ൪ട്ടിൽ പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച മേഖലകളിലും ഇപ്പോഴും ഖനനം തുടരുന്നുണ്ടെന്ന് ഗോവ ഫൗണ്ടേഷൻറ അഭിഭാഷകൻ രാജ് പഞ്ച്വാനി വാദിച്ചു. എന്നാൽ, ഗാഡ്ഗിൽ റിപ്പോ൪ട്ടിന് ശേഷം പുതിയ ഖനന ലൈസൻസുകൾ അനുവദിച്ചിട്ടില്ളെന്നായിരുന്നു കേരളത്തിന് വേണ്ടി ഹാജരായ അഡ്വ. കൃഷ്ണൻ വേണുഗോപാലിൻെറയും സ്റ്റാൻഡിങ് കോൺസൽ ജോജി സ്കറിയയുടെയും വാദം. പരിസ്ഥിതി അനുമതിയില്ലാത്ത ഖനന ലൈസൻസുകൾ റദ്ദാക്കണമെന്ന ജൂലൈ എട്ടിലെ ഉത്തരവിൻെറ അടിസ്ഥാനത്തിൽ നിരവധി ലൈസൻസുകൾ കേരളം റദ്ദാക്കിയെന്നും അഭിഭാഷക൪ കോടതിയെ അറിയിച്ചു. കേരളത്തിൽ ഇപ്പോൾ പ്രവ൪ത്തിക്കുന്ന പാറമടകൾ പൊതുസ്ഥലങ്ങളിലല്ളെന്നും സ്വകാര്യസ്ഥലങ്ങളിലാണെന്നുമാണ് കക്ഷിയായ മലബാ൪ മേഖല ക്രഷ൪ ഓണേഴ്സ് അസോസിയേഷൻ വാദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.