ഉത്തരങ്ങളില്ലാത്ത കാത്തിരിപ്പിന് ആറുമാസം തികയുന്നു
text_fieldsക്വാലാലംപൂ൪: 239 പേരുമായി മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽനിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ട എം.എച്ച് 370 വിമാനത്തിനായുള്ള കാത്തിരിപ്പിന് നാളേക്ക് ആറുമാസം തികയുന്നു. ലോകത്തിൻെറ ഏതു കോണിലുമുള്ള ഓരോ വ്യക്തിയെയും സ്മാ൪ട്ഫോൺ പിന്തുട൪ന്ന് കണ്ടത്തൊനാവുന്ന പുതിയ കാലത്ത് അത്യാധുനിക സംവിധാനങ്ങളൊക്കെയും സജ്ജീകരിച്ച ഭീമൻ ബോയിങ് വിമാനം ഒരു തെളിവും നൽകാതെ അകലങ്ങളിൽ മറഞ്ഞതിൻെറ നടുക്കം യാത്രക്കാരെ മാത്രമല്ല, സ൪ക്കാറുകളെയും വേട്ടയാടുകയാണ്.
26 രാജ്യങ്ങളുടെ സാന്നിധ്യമുണ്ടായിരുന്ന തിരച്ചിൽ ഇപ്പോൾ ആസ്ട്രേലിയയുടെ പടിഞ്ഞാറ് ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിലെ 60,000 കിലോമീറ്റ൪ കേന്ദ്രീകരിച്ചാണ് പുരോഗമിക്കുന്നത്.
ആസ്ട്രേലിയൻ ട്രാൻസ്പോ൪ട്ട് സേഫ്റ്റി ബ്യൂറോയുടെ റിപ്പോ൪ട്ട് വിശ്വസിച്ചാൽ വിമാനം ഓട്ടോ പൈലറ്റിൽ മണിക്കൂറുകളോളം പറന്നശേഷം കടലിൽ പതിക്കുകയായിരുന്നു. ഓക്സിജൻ ലഭിക്കാതെ പൈലറ്റുമാ൪ മരിച്ചതിനാൽ വിമാനം സുരക്ഷിതമായി ഇറക്കാനും ഇവ൪ക്കായില്ല. തിരച്ചിലിന് സഹായകമാവുന്ന വിശദീകരണമെന്നതിൽ കവിഞ്ഞ് യഥാ൪ഥ ശാസ്ത്രീയ അപഗ്രഥനത്തിനു ശേഷമുള്ള കണിശമായ ഉത്തരമൊന്നുമല്ല ഇത്. മലേഷ്യയുടെ വ്യോമാതി൪ത്തി കടന്നയുടൻ വിമാനം നേ൪ വിപരീത ദിശയിലേക്ക് എന്തുകൊണ്ട് പറന്നുവെന്നതിന് ഇനിയും മറുപടി ലഭിച്ചിട്ടില്ല. പൈലറ്റുമാരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളിലും തുമ്പൊന്നുമുണ്ടായിട്ടില്ല. കടലിൽ പതിച്ചതാകാമെന്ന വിശ്വാസംപോലും ചില൪ക്കില്ളെന്നതാണ് കൗതുകം. വിമാനം കാണാതായതിനു പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നും തിരച്ചിൽ തെറ്റായ മേഖലയിലാണ് നടക്കുന്നതെന്നും ഇവ൪ പറയുന്നു. യാത്രക്കാരിൽ മൂന്നിൽ രണ്ടും ചൈനക്കാരായിരുന്നു. തുടക്കം മുതൽ മലേഷ്യയുടെ മന്ദമായ പ്രതികരണം ഇരകളുടെ ബന്ധുക്കളിൽ സംശയമുണ൪ത്തിയിരുന്നു. ഇപ്പോഴും ഇതിനെതിരായ പ്രതിഷേധങ്ങളെ അധികൃത൪ അടിച്ചമ൪ത്തുന്നതായും ആക്ഷേപമുണ്ട്.
അതേസമയം, കാണാതായ യാത്രക്കാരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടുവരുകയാണെന്നും നഷ്ടപരിഹാരത്തിനും തിരച്ചിലിനുമായി വൻതുക ഇതിനകം നീക്കിവെച്ചിട്ടുണ്ടെന്നുമാണ് മലേഷ്യയുടെ നിലപാട്.
ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ ഇതുവരെ തിരച്ചിൽ നടത്തിയിരുന്നത് ആറു ലക്ഷം ചതുരശ്ര കിലോമീറ്റ൪ സ്ഥലത്തായിരുന്നു. യാത്ര തീരെ ദുഷ്കരമായ കടലിൻെറ ഈ ഭാഗത്ത് പലയിടത്തും ആഴം കൂടുതലുള്ളത് ഉപകരണം വഴിയുള്ള അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കൂടുതൽ കൃത്യമായ വിവരത്തിൻെറ അടിസ്ഥാനത്തിലെന്ന പേരിൽ അവസാനമായി ഇതിൻെറ പത്തിലൊന്ന് സ്ഥലത്തേക്ക് വിശദമായ തിരച്ചിൽ ചുരുക്കിയിട്ടുണ്ടെന്നതാണ് ആശ്വാസം. എന്നാൽ, ഇവിടെ അരിച്ചുപെറുക്കാൻ 12 മാസമെങ്കിലും എടുക്കുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
വിമാനം എന്തുകൊണ്ട് ദിശ മാറി സഞ്ചരിച്ചുവെന്ന് കണ്ടത്തൊൻ മലേഷ്യയുടെ നേതൃത്വത്തിൽ പരിശോധന വേറെയും നടത്തിയിട്ടുണ്ടെങ്കിലും ഉത്തരമൊന്നും ലഭിച്ചിട്ടില്ല. അതിവിദഗ്ധരായ വൈമാനികരും ജീവനക്കാരുമായിട്ടും വിമാനത്തെ രക്ഷിക്കാനാവാതിരുന്നത് എന്തുകൊണ്ടായിരിക്കും?

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.