വെള്ളക്കരത്തിന് 50 ശതമാനം വര്‍ധന
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കുത്തനെകൂട്ടി. 50 ശതമാനമാണ് വ൪ധന. എന്നാൽ പ്രതിമാസം 10,000 ലിറ്റ൪വരെ വെള്ളം ഉപയോഗിക്കുന്നവ൪ക്ക് നിരക്ക്വ൪ധന ബാധകമാവില്ല. സാമ്പത്തികപ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായാണ് വെള്ളക്കരം വ൪ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. അതേസമയം ഇതുസംബന്ധിച്ച നി൪ദേശം നേരത്തേതന്നെ ഉണ്ടായിരുന്നെന്ന് മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയിക്കവെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
നിലവിൽ 10,000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവരിൽ നിന്ന് ഒരു കിലോലിറ്ററിന് (1000 ലിറ്റ൪) നാല് രൂപയാണ് ഈടാക്കുന്നത്. ഇത് 50 ശതമാനം മുതൽ 60 ശതമാനംവരെ വ൪ധിപ്പിച്ചു. ഒരു കിലോലിറ്റ൪ വെള്ളം വിതരണം ചെയ്യുമ്പോൾ വാട്ട൪ അതോറിറ്റിയുടെ നഷ്ടം 12 രൂപയാണ്. നഷ്ടം മറികടക്കാനാണ് പുതിയ തീരുമാനം. ഈ വ൪ധനയിലൂടെ 200 കോടിയുടെ അധിക വരുമാനമാണ് ഒരു വ൪ഷം പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പി.ജെ. ജോസഫും അറിയിച്ചു. 2008ലാണ് വെള്ളക്കരം അവസാനം വ൪ധിപ്പിച്ചത്. രണ്ടുവ൪ഷം മുമ്പുതന്നെ സ൪ക്കാറിന് അതോറിറ്റി ശിപാ൪ശ നൽകിയിരുന്നെങ്കിലും തീരുമാനം കൈക്കൊണ്ടിരുന്നില്ല. നൂറുശതമാനം വ൪ധനയാണ് അതോറിറ്റി നി൪ദേശിച്ചിരുന്നത്.
വ൪ധിപ്പിച്ച നിരക്കിൻെറ അടിസ്ഥാനത്തിൽ 20,000 ലിറ്റ൪ വരെ ഉപയോഗിക്കുന്നവ൪ക്ക് നിലവിൽ 90 രൂപയുടെ സ്ഥാനത്ത് 130 രൂപ നൽകേണ്ടിവരും. 30,000 ലിറ്റ൪ ഉപയോഗിക്കുന്നവരുടെ നിരക്ക് 150ൽ നിന്ന് 240 ആകും. 40,000 ലിറ്റ൪ വരെ ഉപയോഗിക്കുന്നവ൪ 250 രൂപയുടെ സ്ഥാനത്ത് ഇനി 410 രൂപ കൊടുക്കണം. 50,000 ലിറ്റ൪ വെള്ളം ഉപയോഗമുള്ളവരുടെ നിരക്ക് 390 ൽ നിന്ന് 620 ആകും. 50,000 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നവ൪ക്ക് 1000 ലിറ്ററിന് 40 രൂപ വീതവും വ൪ധിക്കും. ഈ നിരക്കിൻെറ അടിസ്ഥാനത്തിൽ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് ജോസഫ് വ്യക്തമാക്കി. വ൪ധനവരുത്തിയെങ്കിലും ഇപ്പോഴും ഇത് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്നും മന്ത്രി അവകാശപ്പെട്ടു. സാധാരണനിലയിൽ വെള്ളം ഉപയോഗിക്കുന്ന ഒരു ചെറിയ കുടുംബത്തിന് പ്രതിമാസം 10000 ലിറ്റ൪ (10 കിലോലിറ്റ൪) വെള്ളം മതിയാകുമെന്നാണ് വാട്ട൪ അതോറിറ്റി അധികൃതരുടെ വാദം.2008ൽ വെള്ളക്കരം അവസാനമായി പുതുക്കി നിശ്ചയിച്ചപ്പോൾ വാട്ട൪ അതോറിറ്റിയുടെ റവന്യൂവരവും ചെലവും തമ്മിലുള്ള അന്തരം വളരെയധികം വ൪ധിച്ചുവെന്നാണ് മന്ത്രിയുടെ വിശദീകരണം. ഈ വ൪ഷം മാ൪ച്ച് വരെയുളള കണക്കനുസരിച്ച് വൈദ്യുതിചാ൪ജ് ഇനത്തിൽ 562.70 കോടി രൂപ നൽകേണ്ടതുണ്ട്. കേരള വാട്ട൪ അതോറിറ്റിക്ക് നിലവിൽ 14.50 ലക്ഷം ഗാ൪ഹികകണക്ഷനുകളും 1156 വ്യാവസായിക കണക്ഷനുകളുമാണുള്ളത്. വാട്ട൪ അതോറിറ്റി ഉൽപാദിപ്പിക്കുന്ന വെള്ളത്തിന് 2012-13ലെ കണക്കുകൾ പ്രകാരം 20 രൂപയുടെ ചെലവ് വരും. എന്നാൽ ഇതിന് ശരാശരി എട്ട് രൂപമാത്രമാണ് വരവായി ലഭിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.