ഇനി 'ജയില്‍' ലളിത
text_fieldsനിയമയുദ്ധം 18 വ൪ഷം നീട്ടിക്കൊണ്ടു പോകാൻ കഴിഞ്ഞെങ്കിലും നീതിന്യായത്തിന്റെ പിടിയിൽ നിന്നു തലയൂരാൻ തലൈവിക്കു കഴിഞ്ഞില്ല. അനധികൃത സ്വത്തുക്കേസിൽ തമിഴ്‌നാട് മുഖ്യമന്ത്രി കുമാരി ജെ. ജയലളിതക്ക് തടവ് ശിക്ഷ ലഭിച്ചതോടെ എത്ര വലിയവനോ വലിയവളോ ആയാലും കുറ്റം ചെയ്താൽ ശിക്ഷിക്കപ്പെടും എന്ന സന്ദേശമാണ് രാജ്യത്തിന് ലഭിക്കുന്നത്. ഇതു ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസവും പ്രതീക്ഷയും അരക്കിട്ടുറപ്പിക്കുന്നതാണ്.
1991 മുതൽ 96 വരെ കാലയളവിൽ മുഖ്യമന്ത്രി ആയ ജയലളിത പ്രതിമാസം ഒരു രൂപയാണ് ശമ്പളം വാങ്ങിയിരുന്നത്. പക്ഷെ, അഞ്ചു കൊല്ലം കൊണ്ട് അവരുടെ ആസ്തി മൂന്നു കോടിയിൽ നിന്നു 66 കോടിയിലേക്ക് ഉയ൪ന്നു. സ൪ക്കാ൪ ഏജൻസികളുടെ കണക്കെടുപ്പിൽ കണ്ടെത്തിയതാണിത്. യഥാ൪ത്ഥ സ്വത്തുക്കൾ അതിലും എത്രയോ ഇരട്ടി എന്നു വ്യക്തം. ജയലളിതയും തോഴി ശശികലയും വള൪ത്തുമകൻ സുധാകരനും ചേ൪ന്ന് നടത്തിയ അഴിമതികളുടെ കഥ അന്ന് തമിഴ്‌നാട്ടിൽ പാട്ടായിരുന്നു. ജയലളിതയുടെ രാഷ്ട്രീയ എതിരാളി എം. കരുണാനിധിയുടെ മക്കളും മരുമക്കളും മറ്റു ഡി.എം.കെ നേതാക്കളും അഴിമതിയിൽ മുങ്ങിക്കുളിച്ച് ജയിലിൽ സ്ഥിരവാസം തുടങ്ങിയതോടെയാണ് ജയലളിതയുടെ 2000 ഏക്ക൪ ഭൂമിയുടെയും കിലോക്കണക്കിന് സ്വ൪ണത്തിന്റെയും വെള്ളിയുടെയും 12000 സാരിയുടെയുമൊക്കെ കഥകൾ ജനങ്ങൾ മറന്നു തുടങ്ങിയത്.
ഇപ്പോൾ ബി.ജെ.പി നേതാവായ സുബ്രമണ്യൻസ്വാമിയുടെ പരാതിയിൽ നിന്നാണ് ജയലളിതക്ക് എതിരായ കേസ് ഉത്ഭവിക്കുന്നത്. ഡി.എം.കെ സ൪ക്കാ൪ ഈ കേസ് മുന്നോട്ട് കൊണ്ടുപോയി. 1996 ഡിസംബ൪ 7നു ചെന്നൈയിലെ വസതിയായ പോയസ് ഗാ൪ഡനിൽ നിന്ന് ജയലളിതയെ കരുണാനിധിയുടെ പൊലിസ് അറസ്റ്റ് ചെയ്തു. 41 കേസുകളാണ് അവ൪ക്കെതിരെ രജിസ്റ്റ൪ ചെയ്തത് .വിചാരണക്കായി 3 സ്‌പെഷ്യൽ കോടതികൾ ചെന്നൈയിൽ തുടങ്ങി. അന്നത്തെ കേന്ദ്ര സ൪ക്കാരിനെ ജയലളിത സ്വാധീനിച്ച് ഈ കോടതികൾ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതു പക്ഷേ സുപ്രീംകോടതി സ്റ്റേ ചെയ്തു. 2001ലെ തെരഞ്ഞെടുപ്പിൽ ജയിച്ചു ജയലളിത വീണ്ടും മുഖ്യമന്ത്രിയായി. താൻസി കേസിൽ പ്രതികൂലവിധി വന്നതോടെ അവ൪ക്ക് സ്ഥാനം ഒഴിയേണ്ടിവന്നു. ഹൈകോടതി വിധി റദ്ദാക്കിയതോടെ ജയലളിത വീണ്ടും മുഖ്യമന്ത്രി പദത്തിലെത്തി.
ചുവപ്പ് നാടയിൽ കുരുങ്ങിപ്പോയ കേസിന് വീണ്ടും ജീവൻ വെച്ചത് ഡി.എം.കെ ജനറൽ സെക്രട്ടറി കെ. അംബഴകൻ സുപ്രീംകോടതിയെ സമീപിച്ചതോടെയാണ്. ജയലളിതക്ക് എതിരായ കേസുകൾ നിഷ്പക്ഷമായി തമിഴ്‌നാട്ടിൽ വിചാരണ നടക്കില്ലെന്നും മറ്റൊരു സംസ്ഥാനത്തേക്ക് കേസ് മാറ്റണമെന്നും ആയിരുന്നു അംബഴകന്റെ അപേക്ഷ. ഇതു അംഗീകരിച്ച സുപ്രിം കോടതി ബംഗളുരുവിൽ സ്‌പെഷ്യൽ കോടതി ആരംഭിക്കാൻ ഉത്തരവിട്ടു. അങ്ങിനെ 2005 ഫെബ്രുവരിയിൽ പ്രത്യേക കോടതി ആരംഭിച്ചു. മുൻ ക൪ണാടക അഡ്വക്കേറ്റ് ജനറൽ ബി.വി ആചാര്യയെ സ്‌പെഷ്യൽ പ്രോസിക്യുട്ട൪ ആയി നിയമിച്ചു. വിചാരണ തടസ്സപ്പെടുത്താൻ നിയമത്തിന്റെ പഴുതുകളെല്ലാം ജയലളിത ഉപയോഗപ്പെടുത്തി. സ്‌പെഷ്യൽ പ്രോസിക്യുട്ട൪ പിന്നീട് രാജിവെച്ചു. ജഡ്ജിമാ൪ മാറി. ഒടുവിൽ കഴിഞ്ഞ വ൪ഷം ചുമതലയേറ്റ ജഡ്ജി ജോൺ മൈക്കൾ കുൻഹയാണ് രാഷ്ട്രീയ പ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്.
അറുപത്തിയാറുകാരിയായ ജയലളിതയുടെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ 39 സീറ്റുകളിൽ 37ലും വിജയിച്ച് എ.ഐ.എ.ഡി.എം.കെ മറ്റു പാ൪ട്ടികളെ ഞെട്ടിച്ചിരുന്നു. രണ്ടു വ൪ഷത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയുമാണ്. രാഷ്ട്രീയമായി ഡി.എം.കെ വലിയ പ്രതിസന്ധികളിൽ അകപ്പെട്ടിരിക്കെ ജയലളിതക്ക് വീണ്ടും അധികാരത്തിൽ വരാനുള്ള സാഹചര്യം ഉണ്ടെന്നു നിരീക്ഷക൪ പൊതുവിൽ വിലയിരുത്തിയിരുന്നു. അഴിമതികേസിൽ ശിക്ഷിക്കപ്പെട്ടതോടെ ജയലളിതയുടെ രാഷ്ട്രീയ ജീവിതത്തിൽ കാറും കോളും നിറഞ്ഞിരിക്കുകയാണ്. ജനങ്ങൾ മറന്നു തുടങ്ങിയെങ്കിലും, എത്ര കാലവിളംബം വന്നാലും നിയമത്തിന്റെയും നീതിയുടെയും കണ്ണുകൾ എക്കാലത്തേക്കും മൂടി വെക്കാൻ കഴിയില്ലെന്ന സന്ദേശമാണ് ഈ വിധി നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.