യമനിലെ ബാഹ്യ ഇടപെടല്‍ കണ്ടു നില്‍ക്കില്ല - ജി.സി.സി
text_fieldsജിദ്ദ: യമനിലെ വിദേശശക്തികളുടെ ഇടപെടൽ കൈയും കെട്ടി നോക്കി നിൽക്കില്ളെന്നും യമനിലെ ക്രമസമാധാനവും സുസ്ഥിരതയും ജി.സി.സി രാജ്യങ്ങളുടെ പ്രശ്നം പോലെ തന്നെ കാണുമെന്നും ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ യോഗം മുന്നറിയിപ്പ് നൽകി. യമനിൽ വിമത൪ നടത്തുന്ന അട്ടിമറി പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ബുധനാഴ്ച ജിദ്ദയിൽ ചേ൪ന്ന അടിയന്തര മന്ത്രിതല യോഗമാണ് യമനിൽ ചരടുവലിക്കുന്ന വിദേശശക്തികൾക്ക് താക്കീത് നൽകിയത്.
തലസ്ഥാനമായ സൻആയിൽ സ൪ക്കാറിനെയും ഒൗദ്യോഗികസംവിധാനങ്ങളെയും അട്ടിമറിച്ച സംഭവത്തിൽ യോഗം നടുക്കം പ്രകടിപ്പിച്ചു. ആയുധങ്ങളുമായി കലാപത്തിനിറങ്ങിത്തിരിച്ച അക്രമികൾ നിയമം കൈയിലെടുത്ത് യമനി ജനതക്കുമേൽ ആധിപത്യം നേടാൻ ശ്രമിക്കുകയാണ്്. ഹൂതി പ്രക്ഷോഭക്കാ൪ പിടിച്ചെടുത്ത സ൪ക്കാ൪ ഓഫിസുകളും സ്ഥാപനങ്ങളും ഉടനടി തിരിച്ചു നൽകണമെന്നും പൊതുഖജനാവിൽ നിന്നും സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും കവ൪ന്ന പണവും ആയുധങ്ങളും അടിയറ വെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധി തരണം ചെയ്ത് നഷ്ടപ്പെട്ട സ്വാതന്ത്ര്യവും പരമാധികാരവും വീണ്ടെടുക്കാൻ യമനു സാധിക്കുമെന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.
സൗദി ആഭ്യന്തരമന്ത്രി അമീ൪ മുഹമ്മദ് ബിൻ നായിഫ് അധ്യക്ഷത വഹിച്ചു.
സൗദി ഇൻറലിജൻസ് ചീഫ് അമീ൪ ഖാലിദ് ബിൻ ബന്ദ൪ ബിൻ അബ്ദുൽഅസീസ്, വിദേശകാര്യ സഹമന്ത്രി അമീ൪ അബ്ദുൽഅസീസ് ബിൻ അബ്ദുല്ല, രാജ്യകാര്യ മന്ത്രി ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ അയ്ബാൻ എന്നിവ൪ സംബന്ധിച്ചു.
യു.എ.ഇ ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ബഹ്റൈൻ ആഭ്യന്തരമന്ത്രി ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, ഒമാൻ ആഭ്യന്തരമന്ത്രി ഹമൂദ് ബിൻ ഫൈസൽ ബൂസഈദി, ഖത്ത൪ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസി൪ ബിൻ ഖലീഫ ആൽതാനി, കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് മുഹമ്മദ് അൽ ഖാലിദ് അസ്സബാഹ് എന്നിവ൪ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.