മിസോറമില്‍ തീവ്രവാദികള്‍ 11 പേരെ തട്ടിക്കൊണ്ടുപോയി
text_fieldsഐസോൾ: പശ്ചിമ മിസോറമിൽ 11 പേരെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ഇവരെ ബംഗ്ലാദേശിലെ കാടുകളിലേക്കാണ് കൊണ്ടുപോയതെന്ന് മിസോറം പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുരയുടെ പ്രവ൪ത്തകരാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് വ്യക്തമാക്കി.
സ്ത്രീകളടക്കം 19 പേരുണ്ടായിരുന്ന സംഘത്തിൽ നിന്നാണ് 11 പേരെ തട്ടിക്കൊണ്ടുപോയത്. രാജീവ് നഗ൪ പട്ടണത്തിനും സോസംപുരി ഗ്രാമത്തിനും ഇടക്ക് ഇവ൪ സഞ്ചരിച്ച ട്രക്ക് തീവ്രവാദികൾ തടയുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പോകാൻ അനുവദിച്ച തീവ്രവാദികൾ ബാക്കിയുള്ള 15 പേരുമായി കാട്ടിലേക്ക് പോയി. പിന്നീട് നാലുപേരെ കൂടി വിട്ടയക്കുകയായിരുന്നു.
ബന്ധികളായവരെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എന്നാൽ ത്രിപുരയിൽ നിന്ന് ആഴ്ചച്ചന്തക്കായി രാജീവ് നഗറിലേക്ക് വന്നവരായിരിക്കാം ഇവരെന്ന് സി.ഐ.ഡി വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ രണ്ട് വ൪ഷങ്ങളിലായി 20 പേരെ ഇവിടെനിന്ന് തട്ടിക്കൊണ്ടുപോയിട്ടുണ്ട്. നാല് ബി.എസ്.എഫ് ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലമാണിത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.