പ്രവീണ്‍ വധക്കേസ്: ഡി.വൈ.എസ്.പി ഷാജിയുടെ കൂട്ടുപ്രതി സജി പിടിയില്‍
text_fieldsകോട്ടയം: ഏറ്റുമാനൂ൪ പ്രവീൺ വധക്കേസിൽ ഡി.വൈ.എസ്.പി ഷാജിയുടെ കൂട്ടുപ്രതി സജി പിടിയിൽ. കോഴിക്കോട് വടകരയിൽ വെച്ചാണ് സജിയെ പൊലിസ് അറസ്റ്റ് ചെയ്തത്. 2005ൽ കൊല നടന്ന ശേഷം ഇയാൾ മുങ്ങുകയായിരുന്നു. ചെന്നൈ, ആന്ധ്രയിലെ ചിറ്റൂ൪ എന്നിവിടങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു സജി. കേസിലെ മുഖ്യപ്രതി ഡി.വൈ.എസ്.പി ഷാജിയും രണ്ടാം പ്രതി മഞ്ഞാമറ്റം വെട്ടിക്കുഴി ബിനുവുമടക്കമുള്ള മറ്റു പ്രതികൾ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്.
ഏറ്റുമാനൂ൪ മാടപ്പാട്ടു മേവക്കാട്ട് പ്രവീണിനെ മുൻ ഡി.വൈ.എസ്.പിയായ അയ്മനം വല്യാട് ഐക്കരശാലിൽ ഷാജിയുടെ നേതൃത്വത്തിൽ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. 2005 ഫെബ്രുവരി 15ന് രാത്രിയായിരുന്നു സംഭവം. രണ്ടാംപ്രതി മഞ്ഞാമറ്റം വെട്ടിക്കുഴി ബിനു ബൈക്കിൽ കയറ്റി കൊണ്ടുവന്ന പ്രവീണിനെ കോട്ടയം ഗാന്ധിനഗ൪ മെഡിക്കൽ കോളജ് റോഡിൽ നിന്നു ഷാജിയും മറ്റുള്ളവരും ബലമായി വാനിൽ കയറ്റിയെന്നും മൂന്നു വാടക ഗുണ്ടകളുടെ സഹായത്തോടെ കഴുത്തു വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയെന്നുമാണ് കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്.
തെളിവുനശിപ്പിക്കാൻ പ്രവീണിൻെറ ജഡം വെട്ടിനുറുക്കി, ശരീരഭാഗങ്ങൾ പല സ്ഥലങ്ങളിലായി എറിഞ്ഞെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു. ഷാജിയുടെ ഭാര്യയുമായി പ്രവീണിന് അടുപ്പമുണ്ടായിരുന്നുവെന്നതാണ് കൊലപാതക കാരണമായി ആരോപിക്കപ്പെട്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.