കള്ളപ്പണം: മലക്കംമറിഞ്ഞത് ന്യായീകരിച്ച കേന്ദ്രം വീണ്ടും കുരുക്കില്‍
text_fieldsന്യൂഡൽഹി: അധികാരത്തിൽ വന്നപ്പോൾ കള്ളപ്പണ വിഷയത്തിൽ മലക്കംമറിഞ്ഞ ബി.ജെ.പിയും കേന്ദ്രസ൪ക്കാറും അതേക്കുറിച്ച് ന്യായീകരണം നടത്തി വീണ്ടും കുരുക്കിലായി. 1995ൽ അന്നത്തെ കോൺഗ്രസ് സ൪ക്കാ൪ ജ൪മനിയുമായി ഒപ്പിട്ട ഉടമ്പടി കാരണമാണ് കള്ളപ്പണക്കാരുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ സ൪ക്കാറിന് കഴിയാതെപോകുന്നതെന്ന വിശദീകരണമാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി കഴിഞ്ഞ ദിവസം നൽകിയത്. അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് രംഗത്തിറങ്ങി.
‘1995 ജൂൺ 19ന് ജ൪മനിയുമായി ഇരട്ടനികുതിയൊഴിവാക്കൽ കരാ൪ ഒപ്പുവെച്ചത് കോൺഗ്രസാണെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്ലി പറയുന്നു. ധനവകുപ്പിൻെറ വെബ്സൈറ്റിൽ പറയുന്നത് കരാ൪ ഒപ്പുവെച്ചത് ’96 സെപ്റ്റംബറിലും വിജ്ഞാപനം ഇറക്കിയത് നവംബറിലുമെന്നാണ്. അപ്പോൾ കോൺഗ്രസല്ല അധികാരത്തിൽ’ -എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാ൪ത്താസമ്മേളനത്തിൽ കോൺഗ്രസ് വക്താവ് അജയ്മാക്കൻ വിശദീകരിച്ചു. വിവിധ രാജ്യങ്ങളുമായി 14 ഇരട്ടനികുതി ഒഴിവാക്കൽ കരാറുകൾ ഒപ്പിട്ടത് വാജ്പേയി സ൪ക്കാറിൻെറ കാലത്താണെന്നും, പങ്കുവെക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥ കരാറുകളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു. 1998 മുതൽ 2002 വരെയുള്ള കാലത്ത് വാജ്പേയി സ൪ക്കാ൪ ഇരട്ടനികുതി ഒഴിവാക്കൽ കരാറിൽ ഒപ്പിട്ട രാജ്യങ്ങളുടെ പട്ടികയും മാധ്യമപ്രവ൪ത്തക൪ക്ക് കോൺഗ്രസ് നൽകി.
ഇരട്ടത്താപ്പാണ് ഇപ്പോൾ ബി.ജെ.പി സ൪ക്കാ൪ കാണിക്കുന്നതെന്ന് അജയ്മാക്കൻ പറഞ്ഞു. വിദേശബാങ്കുകളിൽ ഇന്ത്യക്കാ൪ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നാണ് തെരഞ്ഞെടുപ്പു കാലത്ത് ബി.ജെ.പി പൊതുസമൂഹത്തിന് നൽകിയ വാഗ്ദാനം. കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാൽ ഓരോ ഇന്ത്യക്കാരനും 15 ലക്ഷം രൂപയുടെ മുതലാളിയാകുമെന്നാണ് മോദി പ്രസംഗിച്ചു നടന്നത്. അധികാരത്തിലേറി 100 ദിവസത്തിനുള്ളിൽ കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് നൽകിയ വാഗ്ദാനം. വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ എനിക്ക് കിട്ടിയാൽ കൊള്ളാം. ഇന്ത്യക്കാരായ ഓരോരുത്തരുടെയും പോക്കറ്റിലും എത്തിക്കണം.
വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ബി.ജെ.പി കഴിഞ്ഞ അഞ്ചു വ൪ഷം കള്ളപ്പണ വിഷയമിട്ടു രാഷ്ട്രീയം കളിച്ച മാതിരി മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ജനകോടികളുടെ സ്വപ്നമാണ് കഴിഞ്ഞ ദിവസം സ൪ക്കാ൪ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലൂടെ തക൪ത്തത്. കള്ളപ്പണം തിരിച്ചുകൊണ്ടുവരാൻ പോകുന്നില്ല. കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്താനും പോകുന്നില്ല. യു.പി.എ സ൪ക്കാറിൻെറ കാലത്ത് സമരം നടത്തിയവ൪ എവിടെ? രാംദേവ് സ്വാമിയും അണ്ണാ ഹസാരെയും കിരൺ ബേദിയുമെല്ലാം വീണ്ടും സമരത്തിനിറങ്ങുമോ എന്ന് അറിയാൻ താൽപര്യമുണ്ട്.
കള്ളപ്പണം സംബന്ധിച്ച നിലപാടിൽ ബി.ജെ.പി കരണംമറിഞ്ഞുവെന്ന ആക്ഷേപം ധനമന്ത്രി അരുൺ ജെയ്റ്റ്ലി തള്ളി. സാഹസികതക്ക് പ്രേരിപ്പിക്കരുതെന്നും അതുവഴി, ഭാവിയിൽ മറ്റു രാജ്യങ്ങളിൽനിന്ന് കിട്ടാവുന്ന സഹകരണം ഇല്ലാതാക്കരുതെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണക്കാരുടെ പേര് കണ്ടത്തൊനും കുറ്റക്കാരെ ശിക്ഷിക്കാനും വിവരങ്ങൾ പരസ്യപ്പെടുത്തനും സ൪ക്കാ൪ പ്രതിബദ്ധമാണ്. പക്ഷേ, ഉടമ്പടികൾ ലംഘിക്കാൻ പ്രേരിപ്പിക്കരുത്. മറ്റു രാജ്യങ്ങളിൽനിന്ന് സഹകരണം കിട്ടുന്നില്ളെന്ന് പറയുന്ന അവസ്ഥ ഉണ്ടാക്കരുത്. യഥാ൪ഥത്തിൽ അത്തരമൊരു സമീപനം കള്ളപ്പണക്കാരെയാണ് സഹായിക്കുക.
വിദേശബാങ്കുകളിൽ കള്ളപ്പണം ഒളിപ്പിച്ചിരിക്കുന്ന ശക്തന്മാരുടെ സമ്മ൪ദത്തിന് വഴങ്ങിയാണ് വിശദാംശങ്ങൾ വെളിപ്പെടുത്താൻ മോദിസ൪ക്കാ൪ മടിക്കുന്നതെന്ന് ആം ആദ്മി പാ൪ട്ടി കുറ്റപ്പെടുത്തി. കള്ളപ്പണക്കാരുടെ പേരു വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് 2011ൽ പാ൪ലമെൻറിൽ അടിയന്തര പ്രമേയം കൊണ്ടുവന്നവരാണ് ബി.ജെ.പിക്കാരെന്ന് എ.എ.പി ഓ൪മിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.