കുമാരനല്ലൂര്‍ ദേവിക്ഷേത്രത്തിലെ തീപിടുത്തം
text_fieldsകോട്ടയം: കുമാരനല്ലൂ൪ ദേവീക്ഷേത്രത്തിലെ തീപിടിത്തത്തിൽ ഒരുകോടിയുടെ നഷ്ടമുണ്ടായതായി പ്രാഥമിക നിഗമനം. ശനിയാഴ്ച പുല൪ച്ചെ 12.30ഓടെയുണ്ടായ തീപിടിത്തത്തിൽ നാലമ്പലത്തിലെ ശിവകോവിൽ പൂ൪ണമായി കത്തിനശിച്ചു. വിളക്കുമാടം, നമസ്കാര മണ്ഡപം എന്നിവയും നശിച്ചു. ചുറ്റുവിളക്കിൽ നിന്ന് തീപടരുകയായിരുന്നെന്നാണ് സംശയിക്കുന്നതെന്ന് ഫയ൪ഫോഴ്സ ് അറിയിച്ചു. ഷോ൪ട്ട്സ൪ക്യൂട്ട് അടക്കമുള്ള കാരണങ്ങളും പരിശോധിക്കുന്നുണ്ട്. തേക്ക് തടിയിൽ കൊത്തുപണികളോടെ നി൪മിച്ച ഉപക്ഷേത്രം പൂ൪ണമായി കത്തി നശിച്ചതിനാൽ പുന൪നി൪മിക്കുക പ്രയാസമാണെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പ്രധാന ശ്രീകോവിലിന് കേടൊന്നും സംഭവിച്ചിട്ടില്ല. സ്വ൪ണതാഴികക്കുടവും സുരക്ഷിതമാണ്.
ചുറ്റുവിളക്കിൽനിന്ന് തീ നിവേദ്യം തയാറാക്കുന്ന തിടപ്പള്ളിയിലേക്കും പിന്നീട് ശിവക്ഷേത്രത്തിൻെറ ശ്രീകോവിലിലേക്കും പട൪ന്നെന്നാണ് കരുതുന്നത്. തടിയിൽ എണ്ണമയം ഉണ്ടായിരുന്നത് തീപടരാൻ കാരണമായി. ഓടുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ട സമീപവാസികളാണ് ക്ഷേത്രം അഗ്നിഗോളമാകുന്ന കാഴ്ച ആദ്യം കണ്ടത്. ഇവ൪ അറിയിച്ചത് അനുസരിച്ച് ഗാന്ധിനഗ൪ പൊലീസിൻെറ ആവശ്യപ്രകാരം ഫയ൪ഫോഴ്സ് എത്തിയെങ്കിലും ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ജെ.സി.ബി ഉപയോഗിച്ച് ക്ഷേത്രത്തിൻെറ പടിഞ്ഞാറുവശത്തെ മതിൽ ഇടിച്ചുനിരത്തി ഫയ൪ഫോഴ്സ് വാഹനം ക്ഷേത്രത്തിനുള്ളിലേക്കു പ്രവേശിക്കുകയായിരുന്നു. ഇവ൪ക്കൊപ്പം പാമ്പാടി, കടുത്തുരുത്തി എന്നീ ഫയ൪സ്റ്റേഷനുകളിൽ നിന്ന് 10 യൂനിറ്റ് മൂന്നു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.
മേൽക്കൂരയിലെ തകിട് ഷീറ്റുകൾ ഇളക്കുവാൻ കഴിയാത്തത് ആദ്യം പ്രശ്നം സൃഷ്ടിച്ചു. ചൂട് കാരണം നാട്ടുകാ൪ക്കും സമീപത്തേക്ക ് അടുക്കാനായില്ല. ക്ഷേത്രക്കുളത്തിനുള്ളിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് രക്ഷാപ്രവ൪ത്തനം നടത്തിയത്. 27ന് ക്ഷേത്രത്തിൽ കൊടിയേറ്റ് നടക്കാനിരിക്കെയാണ് തീപിടിത്തം. തീപിടിത്തം അറിഞ്ഞ് മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ, ജില്ലാ പൊലീസ് ചീഫ് എം.പി. ദിനേശ് എന്നിവ൪ സ്ഥലത്തത്തെിയിരുന്നു. കുമാരനല്ലൂ൪ ഊരാൺമ വക 14 ഇല്ലക്കാരാണ് ക്ഷേത്ര ഉടമകൾ. തീപിടിത്തത്തെ തുട൪ന്ന് പൂജകൾക്ക് തടസ്സമൊന്നും ഉണ്ടായിട്ടില്ളെന്ന് ക്ഷേത്രം അധികൃത൪ പറഞ്ഞു.
ശനിയാഴ്ച രാത്രി 11.30വരെ ക്ഷേത്രത്തിൽ ഭക്തരും ജീവനക്കാരും ഉണ്ടായിരുന്നതായി ഭാരവാഹികൾ പറഞ്ഞു. പുറത്ത് സെക്യൂരിറ്റി ഉണ്ടെങ്കിലും ക്ഷേത്ര വളപ്പിൽ ആരുമില്ല. ചുറ്റുവിളക്കുകൾ തനിയെ കെടുന്ന രീതിയാണ് ക്ഷേത്രത്തിൽ. ക്ഷേത്ര ഉൽസവത്തിൻെറ ഒരുക്കങ്ങളുടെ ഭാഗമായി പെയിൻറിങ് അടക്കം നടന്നുവരികയായിരുന്നു. ഷോ൪ട്ട് സ൪ക്യൂട്ടിനെ തുട൪ന്ന് ക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിന് 2005ൽ തീപിടിച്ചിരുന്നു.
ഇൻഷൂ൪ ചെയ്ത ആദ്യ സ്വകാര്യ ക്ഷേത്രം
തീപിടിത്തമുണ്ടായ കുമാരനല്ലൂ൪ ദേവീക്ഷേത്രത്തിന് നാലുകോടിയുടെ ഇൻഷുറൻസ്. ലോകത്ത് ആദ്യമായി ഇൻഷു൪ ചെയ്ത സ്വകാര്യ ക്ഷേത്രം കൂടിയാണിത്. നാലുകോടി രൂപക്ക് ഓറിയൻറൽ ഇൻഷുറൻസ് കമ്പനിയിലാണ് ഇൻഷുറൻസ് ചെയ്തത്. മൂന്നുകോടിക്ക് 2006 ലാണ് ആദ്യമായി ഇൻഷു൪ ചെയ്തത്. കമ്പനിയുടെ ബോണസ് ഉൾപ്പെടെ ഈ വ൪ഷം നാലുകോടിയായി ഇൻഷുറൻസ്. തീപിടിത്തനഷ്ടം തിട്ടപ്പെടുത്താൻ ഇൻഷുറൻസ് കമ്പനിയുടെ സ൪വേയറും ക്ഷേത്രത്തിലത്തെി. ക്ഷേത്രത്തിനുപുറമെ ഉത്സവവും ഇൻഷു൪ ചെയ്തിട്ടുണ്ട്. ആന, ആനക്കാ൪, ആനപ്പുറത്ത് കയറുന്നവ൪ ഇവ൪ക്കെല്ലാം പരിരക്ഷയുണ്ട്.
തീപിടിത്തത്തിൽ കത്തിയമ൪ന്നത് വിലയിടാനാകാത്ത വസ്തുക്കളെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ശിവക്ഷേത്രത്തിൻെറ ചെമ്പ് പൊതിഞ്ഞ ഭാഗമൊഴികെ കത്തിനശിച്ചു. കേരള പൗരാണികത വിളിച്ചോതുന്ന ചിത്രപ്പണികളും ചുമ൪ ചിത്രങ്ങളും നശിച്ചു. ചുറ്റമ്പലം നി൪മിച്ചത് വ൪ഷങ്ങൾ പഴക്കമുള്ള തേക്കു കൊണ്ടാണ്. ഇതിൽ കാലങ്ങളായി എണ്ണയും നെയ്യും പൊതിഞ്ഞിരുന്നതിനാൽ തീ കെടുത്താനും ബുദ്ധിമുട്ടുണ്ടാക്കി. ക്ഷേത്രത്തിലത്തെിയ ഫോറൻസിക് സംഘം പരിശോധന നടത്തി. തിരുവനന്തപുരത്തുനിന്ന് പ്രമീളാദേവിയുടെ നേതൃത്വത്തിലെ സംഘം നാലുമണിക്കൂറോളം തെളിവെടുത്തു. മൂന്നുദിവസത്തിനകം റിപ്പോ൪ട്ട് തയാറാക്കുമെന്നും ഇതിനുശേഷമെ കാരണം അറിയാനാകൂവെന്നും ഇവ൪ പറഞ്ഞു.
ക്ഷേത്രത്തിലെ ഉത്സവം മുൻ നിശ്ചയിച്ചപോലെ നടക്കുമെന്ന് കാര്യദ൪ശി മണിക്കുട്ടൻ നമ്പൂതിരി അറിയിച്ചു. ഇത്തരം ചടങ്ങുകൾക്ക് ശേഷമെ പുന൪ നി൪മാണം ആരംഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഡി.ജി.പി കെ. പത്മകുമാ൪, ദേവസ്വം ബോ൪ഡ് പ്രഡിഡൻറ് എം.പി. ഗോവിന്ദൻ നായ൪ എന്നിവ൪ ക്ഷേത്രം സന്ദ൪ശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.