ബുര്‍കിനഫാസോയില്‍ അധികാര വടംവലി
text_fieldsവഗദൂഗ: പ്രസിഡൻറ് ബ്ളെയ്സ് കമ്പോറെ അധികാരമൊഴിയാൻ നി൪ബന്ധിതനായതിനു പിന്നാലെ ബു൪കിനഫാസോയിൽ അധികാര വടംവലി. രണ്ട് പ്രമുഖ സൈനിക നേതാക്കളാണ് ഇതിനകം നേതൃത്വം അവകാശപ്പെട്ട് രംഗത്തത്തെിയത്. ആദ്യമായി അധികാരാരോഹണ പ്രഖ്യാപനം നടത്തിയ സായുധസേനാ മേധാവി ജനറൽ ഹോണോറെ ട്രവോറെയെ പുറത്താക്കുന്നതായി അവകാശപ്പെട്ട് ലഫ്. കേണൽ ഐസക് സിദ രംഗത്തുവന്നതോടെയാണ് കടുത്ത ഭിന്നത മറനീക്കി പുറത്തുവന്നത്.
മുൻ പ്രസിഡൻറ് ബ്ളെയ്സ് കമ്പോറെയുടെ കാവൽ ചുമതലയുണ്ടായിരുന്ന സൈനിക വിഭാഗത്തിൽ പെട്ടയാളാണ് സിദ. രാജ്യം അരാജകത്വത്തിലേക്ക് നീങ്ങാതിരിക്കാൻ നേതൃത്വം ഏറ്റെടുക്കുകയാണെന്ന് ഇന്നലെ പ്രാദേശിക റോഡിയോയിൽ അദ്ദേഹം അറിയിച്ചു. ട്രവോറെയെക്കാൾ ജനകീയനായതിനാൽ സിദ തന്നെ ഭരണം കൈയാളാനാണ് സാധ്യത. സൈനിക൪ക്കിടയിൽ ഇരു വിഭാഗത്തെയും പിന്തുണക്കുന്നവരുള്ളതിനാൽ പുതിയ സംഘട്ടനത്തിലേക്ക് രാജ്യം എടുത്തെറിയപ്പെടുമോ എന്നാണ് ആശങ്ക.
പ്രതിസന്ധി ഒഴിവാക്കാൻ ട്രവോറെയുൾപ്പെടെ സൈനിക നേതാക്കളുമായി സിദ ച൪ച്ച നടത്തി. പുതിയ സംഭവവികാസങ്ങൾ യു.എസും യൂറോപ്യൻ രാഷ്ട്രങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. അതിനിടെ, അധികാരമൊഴിഞ്ഞ മുൻ പ്രസിഡൻറ് കമ്പോറെ അയൽ രാജ്യമായ ഐവറി കോസ്റ്റിൽ അഭയം തേടി. സംഭവം ഐവറി കോസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. അസിനി പട്ടണത്തിലാണ് കുടുംബസമേതം എത്തിയതെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.