ആധാര്‍: ശരീരവിപണനവും ഭരണകൂടാധികാരവും
text_fields2014 ആഗസ്റ്റ് 25ൻെറ ‘ടൈംസ് ഓഫ് ഇന്ത്യ’ ശ്രദ്ധേയമായ ഒരു വിവരം പുറത്തുവിട്ടു. വിശാഖപട്ടണത്തിലെ ഒരു ഗ്രാമത്തിൽ 11 വയസ്സുള്ള കോറ ബാലകൃഷ്ണൻ ആത്മഹത്യ ചെയ്തിരിക്കുന്നു. കില്ളോഗുഡ എന്നുപേരായ ഗ്രാമപ്രദേശത്തെ സ്കൂൾ വിദ്യാ൪ഥിയായിരുന്നു അവൻ. സ്കൂളിൽ ആധാ൪കാ൪ഡ് നി൪ബന്ധമായിരുന്നതുകൊണ്ട് ആധാറുണ്ടെങ്കിലേ സ്കോള൪ഷിപ്പും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുള്ളൂവെന്നും വന്നപ്പോൾ അവൻ അതിനുവേണ്ടി പരക്കംപാച്ചിലായി. എന്നാൽ, അവൻെറ മൂന്ന് വിരലുകളും ജന്മനാ ഒട്ടിച്ചേ൪ന്ന നിലയിലായിരുന്നതിനാൽ ഡിജിറ്റൽ രീതിയിൽ വിരലടയാളം എടുക്കാൻ കഴിയില്ളെന്ന് പറഞ്ഞ് അവന് ആധാ൪കാ൪ഡ് നിഷേധിക്കുകയായിരുന്നു. വിദ്യാഭ്യാസം വഴിമുട്ടിയതറിഞ്ഞ് നിരാശനായ അവൻ ആത്മഹത്യചെയ്തു. ഈ ദുരന്തം ഒരു ബാലകൃഷ്ണനിൽ മാത്രം ഒതുങ്ങുന്നതുമല്ല. ദുരന്തം വിദ്യാ൪ഥികളുടേത് മാത്രമല്ല. ലോകത്തിലെ ഒരുപിടി കോ൪പറേറ്റു കമ്പനികൾക്കുവേണ്ടി ഭരണകൂടങ്ങൾ നടത്തുന്നതും എല്ലാവിധ വ്യക്തി, ജനാധിപത്യ തത്വങ്ങളെയും നഗ്നമായി ഹിംസിക്കുന്ന അനേകം പദ്ധതികളിൽ ഒന്നുമാത്രമാണ് ആധാ൪ പദ്ധതി. ഏറ്റവും അവസാനം നരേന്ദ്ര മോദി തൻെറ ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ആധാറിനെ മൊബൈൽ ഫോൺ സിം കാ൪ഡുമായി ബന്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഇതനുസരിച്ച് ആധാ൪ കാ൪ഡ് മാത്രമല്ല നി൪ബന്ധമായിരിക്കുന്നത്, മറിച്ച് മൊബൈൽ ഫോൺതന്നെ കുട്ടികളടക്കമുള്ള മുഴുവൻ ആളുകൾക്കും നി൪ബന്ധമാക്കുകയാണ്.
ലക്ഷക്കണക്കിന് ജൂതന്മാരെ വംശഹത്യക്കു വിധേയരാക്കാൻവേണ്ടി ഹിറ്റ്ലറുടെ നേതൃത്വത്തിൽ നാസികൾ അമേരിക്കൻ കോ൪പറേറ്റുകളുമായി സഖ്യം ചേ൪ന്ന് നടപ്പാക്കിയ ഇലക്ടോണിക് തിരിച്ചറിയൽ കാ൪ഡിൻെറ പുതിയ ഇന്ത്യൻ പതിപ്പാണ് ആധാ൪ പദ്ധതി. പ്രശസ്ത അമേരിക്കൻ പത്രപ്രവ൪ത്തകനായ എഡ്വിൻ ബ്ളാക് തൻെറ ‘ഐബിഎമ്മും വംശഹത്യയും’ (IBM & Holocaust) എന്ന ഗ്രന്ഥത്തിൽ നൽകുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളെക്കുറിച്ച് ഈ ലേഖകൻ ‘അമേരിക്കൻ ചാരപദ്ധതിയും കോ൪പറേറ്റ് അഴിമതിയും’ എന്ന ഗ്രന്ഥത്തിൽ പരാമ൪ശിച്ചിട്ടുണ്ട്. അമേരിക്കൻ ഡിഫൻസ് കോൺട്രാക്ട൪ എൽ വൺ ഐഡൻറിറ്റി സൊലൂഷൻസ്, ഏൺസ്റ്റ് ആൻഡ് യങ്, അക്സെൻറ൪ തുടങ്ങിയ കോ൪പറേറ്റ് കമ്പനികളാണ് ലോകബാങ്കിൻെറ ഇ-ട്രാൻസ്ഫോ൪മേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ ആധാ൪പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ ആദ്യത്തെ കമ്പനി അമേരിക്കൻ ചാരസംഘടനയായ സി.ഐ.എ നിയന്ത്രണത്തിലുള്ളതാണ്. ഈ കമ്പനികൾക്കു കീഴിലുള്ള മറ്റനേകം അനുബന്ധ കമ്പനികൾ (കെൽട്രോൺ അടക്കം) ഇന്ത്യൻ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ മുഴുവൻ വാഷിങ്ടണുമായി പങ്കുവെക്കണമെന്നതാണ് ആ കമ്പനികളുടെ പാട്രിയറ്റ് ആക്ട് അനുശാസിക്കുന്നത്. എന്നുവെച്ചാൽ ഇന്ത്യയുടെ ആഭ്യന്തരസുരക്ഷക്കെന്നു പറഞ്ഞുകൊണ്ട് ജനങ്ങളെ കബളിപ്പിച്ച് ആധാറിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ അമേരിക്കൻ ചാരസംഘടനക്ക് - സി.ഐ.എ - വെളിപ്പെടുത്തണം.
മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിലെ ട്രാൻസ്വാളിൽവെച്ച് ചുട്ടെരിച്ച പദ്ധതിയാണിത്. ദക്ഷിണാഫ്രിക്കയിലെ ഏഷ്യക്കാ൪ക്കും കറുത്തവ൪ക്കും മുസ്ലിംകൾക്കും (വെള്ളക്കാരെയും മറ്റും ഒഴിച്ചുനി൪ത്തി) പ്രത്യേകം തിരിച്ചറിയൽ കാ൪ഡ് നടപ്പാക്കിയ വ൪ണവെറിയൻ ഭരണകൂടത്തെ ഗാന്ധിജി ശക്തമായി എതി൪ത്തു. 2000ത്തോളം വരുന്ന അത്തരം കാ൪ഡുകൾ ജനങ്ങളിൽനിന്ന് ശേഖരിച്ച് ഗാന്ധിജി ബ്രിട്ടീഷ് പട്ടാളം നോക്കിനിൽക്കേ പരസ്യമായി ചാമ്പലാക്കി. ഇരുപത് ദിവസം അതിന് ഗാന്ധിജിക്ക് ജയിലിൽ കഴിയേണ്ടിവന്നു. അന്ന് ബ്രിട്ടീഷുകാ൪ ദക്ഷിണാഫ്രിക്കയിൽ നടപ്പിലാക്കിയ അതേപദ്ധതിയുടെ കൂടുതൽ തീക്ഷ്ണമായ രൂപമാണ് കോൺഗ്രസ് സ൪ക്കാ൪ നന്ദൻ നിലേക്കനി എന്ന കോ൪പറേറ്റ് ഉദ്യോഗസ്ഥൻെറ സഹായത്തോടെ ഇവിടെ നടപ്പിലാക്കിയത്. പാ൪ലമെൻറിൻെറ അനുവാദമില്ലാതെ, പാ൪ലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ എതി൪പ്പിനെ മറികടന്ന്, സുപ്രീംകോടതിയുടെ വിലക്കിനെ നഗ്നമായി ലംഘിച്ച് തീ൪ത്തും ജനവിരുദ്ധമായ ഈ പദ്ധതി യു.പി.എ സ൪ക്കാ൪ ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കുകയായിരുന്നു. അന്ന് അതിനെ എതി൪ത്ത ബി.ജെ.പി ഇന്ന് അത് ‘ ഡിജിറ്റൽ ഇന്ത്യയുടെ ’ ഭാഗമായി വ്യാപകമാക്കുകയാണ്. കാ൪ഗിൽ യുദ്ധകാലത്ത് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ബംഗ്ളാദേശികളെയും മറ്റും തിരിച്ചറിയാൻ വേണ്ടി ആവിഷ്കരിച്ച് പദ്ധതിയുടെ അന്തിമഫലമാണ് ആധാ൪പദ്ധതി. കോടിക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഈ പദ്ധതി ജനങ്ങളുടെ മേൽ അടിച്ചേൽപിക്കുന്നത് എന്നത് മാത്രമല്ല ഇതിൻെറ പ്രത്യാഘാതം.
ഒരു രാജ്യത്തെ മുഴുവൻ പൗരന്മാരെയും കുറ്റവാളികളെന്ന നിലയിൽ സംശയിക്കുകയും നിരീക്ഷിച്ചുകൊണ്ടിരിക്കുകയും അനുനിമിഷം നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ജൈവാധികാരത്തിൻെറ ഏറ്റവും പ്രകടമായ രൂപങ്ങളിലൊന്നാണിത്. ഫാഷിസത്തിൻെറ പുതിയ രൂപം. അൻേറാണിയോ നെഗ്രി എന്ന ഇറ്റാലിയൻ ചിന്തകൻ ജൈവാധികാരം എന്നുവിശേഷിപ്പിക്കുന്നത് ഇതിനെയാണ്. അത് അദൃശ്യമായും എന്നാൽ മൂ൪ത്തവും സൂക്ഷ്മവുമായി ജനങ്ങളുടെ ജീവനും ജീവിതത്തിനും മേൽ നടത്തിക്കൊണ്ടിരിക്കുന്ന ഹിംസകളിലൊന്നാണിത്. ലൈംഗിക വിപണിയേക്കാൾ ലാഭകരമായ ആഗോള ശരീരവിൽപനയാണിത്. ഇവിടെ ജനങ്ങൾ നടത്തുന്നത് ശരീരവിൽപനയാണെന്ന് ജനങ്ങളറിയുന്നില്ല. ഭരണകൂടത്തിനുവേണ്ടി ഉത്തമപൗരന്മാരെന്ന നിലയിൽ ജനങ്ങൾ തങ്ങളുടെ ശരീരം ആത്മസമ൪പ്പണം ചെയ്യുകയാണ്. രണ്ട് രീതിയിലാണ് ഇത് പ്രവ൪ത്തിക്കുന്നത്. ഒന്നാമതായി മൂലധനശക്തികൾ ജനങ്ങളുടെ ശരീരത്തെ അസംസ്കൃതവസ്തുവായി സ്വീകരിച്ചുകൊണ്ട് നടത്തുന്ന വ്യവസായമാണിത്. പക്ഷേ, നമ്മുടെ ശരീരം മൂലധനവിപണിയിൽ എത്തിക്കുന്ന നമുക്ക് പ്രതിഫലം ലഭിക്കുകയല്ല, നാം അവ൪ക്ക് പ്രതിഫലം കൊടുക്കുകയാണ് ചെയ്യുന്നത്. രണ്ടാമതായി ഇതുമായി ബന്ധപ്പെട്ട ഫാക്ടറികൾ ഒന്നും ഉൽപാദിപ്പിക്കുന്നില്ല. അവ൪ വിവരങ്ങൾ സംഭരിക്കുകയും സൂക്ഷിക്കുകയും കൈമാറുകയുമാണ് ചെയ്യുന്നത്. ഇവിടെ ഭീമമായ മിച്ചമൂല്യം സൃഷ്ടിക്കുന്നത് തൊഴിലാളികളുടെ അധ്വാനശക്തിയല്ല. മറിച്ച് ജനങ്ങളാണ്. അവരുടെ ശരീരം തന്നെയാണ് അസംസ്കൃതവസ്തുവും. നി൪മിതവസ്തു അഥവാ ചരക്ക് എന്നത് ജനങ്ങളുടെ ശരീരത്തിൻെറ ഇലക്ട്രോണിക് പക൪പ്പുകളും ജനങ്ങളെക്കുറിച്ചുള്ള വിവരങ്ങളുമാണ്. മനുഷ്യസമൂഹത്തെ നിയന്ത്രിച്ചു നി൪ത്താനുള്ള മൂലധനശക്തികളുടെ വ൪ഗതാൽപര്യവും ജനങ്ങളുടെ ശരീരത്തിനും സ്വാതന്ത്യത്തിനും മേലുള്ള അനിയന്ത്രിതമായ ഭരണകൂടാധികാരവും ഇവിടെ സമന്വയിക്കുകയാണ്.
മൃഗങ്ങളെ തിരിച്ചറിയാൻ വേണ്ടി അവയുടെ മേൽ ചാപ്പകുത്തുന്ന പ്രാകൃതമായ സമ്പ്രദായമാണ് ആധാ൪ കാ൪ഡായി വികസിച്ചത്. ചാപ്പകുത്തുന്ന സമ്പ്രദായം പരിഷ്കരിച്ചതാണ് കാ൪ഡ് സമ്പ്രദായം. മൃഗങ്ങളുടെ മേൽ നടപ്പാക്കിയ ഈ രീതി പിൽക്കാലത്ത് കുറ്റവാളികളെ തിരിച്ചറിയാൻവേണ്ടി നടത്തുന്ന പദ്ധതിയായി പരിണമിച്ചു. ഇന്ന് മുഴുവൻ പൗരന്മാരുടെയും മേൽ പ്രൗഢമായി നടപ്പാക്കുകയാണ്. Thales, Finmeccania, EAD Set, BAE System തുടങ്ങിയ ആയുധങ്ങൾ മാത്രം നി൪മിച്ചിരുന്ന കോ൪പറേറ്റ് ഫാക്ടറികൾ ഇന്ന് ബയോമെട്രിക് സെക്യൂരിറ്റി വ്യവസായ സ്ഥാപനങ്ങളായി പരിണമിച്ചിരിക്കുന്നു. സോഷ്യൽ മീഡിയയിലും മറ്റും ലഘുവായ ചില കമൻറുകൾ നടത്തുന്നവ൪ക്കുമേൽ രാജ്യദ്രോഹക്കുറ്റംചുമത്തി ജയിലിലടക്കുന്ന ഭരണകൂടം ഇന്ത്യയിലെ 100 കോടി ജനങ്ങളുടെയും ബയോമെട്രിക് വിവരങ്ങൾ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എക്ക് കൈമാറിയാൽ എന്തു സംഭവിക്കും. 70 കോടിയോളം വരുന്ന ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങൾ ഇതിനകം കൈമാറി കഴിഞ്ഞുവെന്നാണ് സ൪ക്കാ൪ അഭിമാനത്തോടെ പറയുന്നത്. സാറ്റലൈറ്റ് നിരീക്ഷണത്തിലൂടെ ആധാ൪ നമ്പ൪ വ്യാപകമായ രിതിയിൽ, വിവിധ കേന്ദ്രങ്ങളിൽ നിന്നുകൊണ്ട് നിരീക്ഷണവിധേയമാവും. എല്ലാ പൊതു ഇടങ്ങളും പൊലീസ് സ്റ്റേഷനാവുകയും സമൂഹം മുഴുവൻ കുറ്റവാളികളെപ്പോലെ നിരീക്ഷിക്കപ്പെടുകയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന ജൈവാധികാരത്തിൻെറ രൂപമാണ് ആധാ൪പദ്ധതി.
ആധാ൪ ഉപയോഗിച്ച് കേന്ദ്രസ൪ക്കാ൪ പല ‘കാ൪ഡുകളും’ കളിച്ചുനോക്കി. ഇന്ത്യയിലേക്ക് കുടിയേറിയ വിദേശികളെ ലക്ഷ്യംവെച്ചായിരുന്നു ഇത് തുടങ്ങിയത്. പിന്നീടത് ഗ്യാസ് സിലിണ്ടറുകളിലേക്ക് ലിങ്ക്ചെയ്തു. സുപ്രീംകോടതി എതി൪ത്തപ്പോൾ വേണ്ടെന്നുവെച്ചു. ഇപ്പോൾ സുപ്രീംകോടതിയെ മറികടന്നുകൊണ്ട് ഗ്യാസ് സബ്സിഡി ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ നി൪ബന്ധിക്കുകയാണ് ഗ്യാസ് ഏജൻസികളും കേന്ദ്രസ൪ക്കാറും. നരേന്ദ്ര മോദി അധികാരത്തിൽ വന്ന ശേഷം നടത്തിയ ഒരു പ്രഖ്യാപനം ആധാ൪പദ്ധതി ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധിപ്പിക്കുമെന്നാണ്. പിന്നീടത് മാറ്റി. അറബിക്കല്യാണം തടയാൻ ആധാ൪ ഉപയോഗിക്കാമെന്നുള്ള ഒരു മുസ്ലിംവിരുദ്ധ കാ൪ഡ് ഇറക്കിനോക്കി. അവസാനം ബാങ്ക് അക്കൗണ്ടിലേക്കും, സിം കാ൪ഡിലേക്കും എത്തിനിൽക്കുകയാണിന്ന് ആധാ൪. രാജസ്ഥാനിൽ സാക്ഷാൽ ഹനുമാൻെറ ചിത്രം പതിപ്പിച്ച ആധാ൪കാ൪ഡുകളുടെ ചിത്രം എൻ.ഡി.ടി.വി (സെപ്റ്റംബ൪, 11) പുറത്തുവിട്ടിരിക്കുന്നു. ആധാ൪ പദ്ധതിയെ സംബന്ധിച്ചിടത്തോളം ഈ ഹനുമാൻ ചിത്രം വളരെ അ൪ഥവത്താണ്. ജനങ്ങളെ കുരങ്ങ് കളിപ്പിക്കുകയും സ്വയം കുരങ്ങന്മാരാവുകയും ചെയ്യുന്ന ഭരണാധികാരികളുടെ പ്രതീകമാണിത്.
•

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.