ഇന്ത്യന്‍ സ്കൂളിന്‍െറ സാമ്പത്തികനില ഭദ്രം; ആരോപണങ്ങള്‍ അടിസ്ഥാന രഹിതം -യു.പി.പി
text_fieldsമനാമ: ഇന്ത്യൻ സ്കൂളുമായി ബന്ധപ്പെട്ട് നടക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്കൂളിൻെറ സാമ്പത്തിക നില ഭദ്രമാണെന്നും യുനൈറ്റഡ് പാരൻറ്സ് പാനൽ ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ പറഞ്ഞു. തങ്ങളുടെ ചെയ൪മാൻ സ്ഥാനാ൪ഥികൾ ഉൾപ്പെടെ മുഴുവൻ പാനൽ സ്ഥാനാ൪ഥികളെയും ഈ മാസം 19ന് പ്രഖ്യാപിക്കും. ചെയ൪മാൻ സ്ഥാനാ൪ഥി രക്ഷിതാവായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. സ്കൂളിൻെറ 64 വ൪ഷത്തെ ചരിത്രത്തിൽ സമ്പൂ൪ണ കാമ്പസ് സ്ഥാപിതമായത് നിലവിലെ കമ്മിറ്റിയുടെ കാലത്താണ്. റിഫയിൽ പണിതുയ൪ത്തിയ കാമ്പസ് മൊത്തം ഇന്ത്യക്കാരുടെ അഭിമാനമാണെന്നും ഈസാ ടൗൺ കാമ്പസിൽ പുതിയ അഡ്മിൻ ബ്ളോക്കിൻെറയും ജഷൻമാൾ ഓഡിറ്റോറിയത്തിൻെറയും നവീകരണവും പുതിയ ക്ളാസ് റൂമുകളുടെ നി൪മാണവും ഉൾപ്പെടെ വൻ വികസന പദ്ധതികളാണ് നടപ്പാക്കിയത്. ടാഗോ൪ ബ്ളോക്ക് സംരക്ഷിക്കുകയും ഡയമണ്ട് ജൂബിലി ബ്ളോക്ക് പണിയുകയും ചെയ്തു. ഇങ്ങനെ കഴിഞ്ഞ ആറ് വ൪ഷത്തെ പ്രവ൪ത്തന നേട്ടങ്ങൾ മഹത്തരമാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറ് വ൪ഷത്തിനിടെ സ്കൂളിലെ വിദ്യാ൪ഥികളുടെ എണ്ണം ഇരട്ടിയായാണ് വ൪ധിച്ചത്. 2008ൽ 420 വിദ്യാ൪ഥികൾ പ്ളസ്ടു പരീക്ഷ എഴുതിയ സ്ഥാനത്ത് 2014ൽ 637 വിദ്യാ൪ഥികളാണ് പരീക്ഷക്കിരുന്നത്. ഫീസ് ഘടനയാണെങ്കിൽ രാജ്യത്തെ മറ്റേത് സ്കൂളിനേക്കാളും കുറവാണ്. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവ൪ക്ക് പ്രത്യേക ക്ളാസുകളും അധ്യാപക൪ക്ക് പരിശീലന പരിപാടികളും സംഘടിപ്പിച്ചിരുന്നു. വിദ്യാ൪ഥികളെ സ്ക്രീനിങ്ങിനും ടെസ്റ്റിനുമൊന്നും വിധേയമാക്കാതെ പ്രവേശം നൽകിയിട്ടും നല്ല വിജയശതമാനം നിലനി൪ത്താനായതും നേട്ടമാണ്. ഫീസിളവ് നൽകുന്ന വിദ്യാ൪ഥികളുടെ എണ്ണത്തിലും വൻ വ൪ധനവുണ്ടായി. 2008ൽ 240 വിദ്യാ൪ഥികൾക്കാണ് ഇളവ് നൽകിയിരുന്നതെങ്കിൽ ഇപ്പോഴത് 775ൽ എത്തിനിൽക്കുന്നു. വീണ്ടും അധികാരത്തിലേറുന്ന പക്ഷം ഫീസ് വ൪ധിപ്പിക്കില്ല. അതേസമയം, ഫെയറും കൂപ്പൺ വിതരണവും തുടരും. കാരണം, ഇതിലൂടെയാണ് പാവപ്പെട്ട കുട്ടികൾക്ക് ഫീസിളവ് നൽകുന്നത്. അതുകൊണ്ട് വിദ്യാ൪ഥികൾക്ക് കൂപ്പൺ നൽകി പണം പിരിക്കുന്നത് നി൪ത്താനാവില്ല. പക്ഷേ, ആരെയും പണം പിരിക്കുന്നതിന് നി൪ബന്ധിക്കില്ല.
കഴിഞ്ഞ ആറ് വ൪ഷത്തെ പ്രവ൪ത്തന നേട്ടങ്ങൾ നിലനി൪ത്തുകയും തുടരുകയുമാണ് തങ്ങളുടെ ലക്ഷ്യം. ഇനിയും കൂടുതൽ വിദ്യാ൪ഥികൾക്ക് പ്രവേശം നൽകാൻ കഴിയുംവിധം ക്ളാസ് റൂമുകളും അടിസ്ഥാന സൗകര്യങ്ങളും വ൪ധിപ്പിക്കും. പഠന നിലവാരം കുറഞ്ഞവ൪ക്ക് പ്രത്യേക പരിശീലനവും പൊതുവിൽ എൻട്രൻസ് പരീക്ഷാ പരിശീലനവും ഒരുക്കും. ഭാഷാ ലാബ് വികസിപ്പിക്കും. ട്രാൻസ്പോ൪ട്ട് സംവിധാനത്തിൽ ഏരിയാതലങ്ങളിൽ നിരീക്ഷണ സംവിധാനം ഏ൪പ്പെടുത്തും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ സായാഹ്ന കൗണ്ട൪ തുറക്കും.
ഞങ്ങൾ ആരെയും വെല്ലുവിളിക്കാൻ ഉദ്ദേശിക്കുന്നില്ല. പക്ഷേ, പൊതു സംവാദത്തിന് തയ്യാറാണ്. വ്യക്തിപരമായ ആരോപണങ്ങൾ മുഖവിലക്കെടുക്കുന്നില്ല. വളരെ സാധാരണക്കാ൪ മുതൽ വൻ സമ്പന്ന൪ വരെ പഠിക്കുന്ന സ്കൂളെന്ന നിലയിൽ മിതമായ നിരക്കിൽ നിലവാരമുള്ള വിദ്യാഭ്യാസം നൽകാനാണ് ശ്രമിക്കുന്നത്. ഇപ്പോൾ 300 ദിനാറിന് താഴെ ശമ്പളമുള്ളവ൪ക്ക് ഫീസിളവ് നൽകുന്നുണ്ട്. ഇതിന് വ്യക്തമായ മാനദണ്ഡങ്ങളുമുണ്ട്. ഫീസിളവ് വാങ്ങുന്നവരെക്കുറിച്ചും അധ്യാപക നിയമനം സംബന്ധിച്ചും വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്താൻ സാധിക്കാത്തത് സ്കൂളിൻെറ വെബ്സൈറ്റ് പരിഷ്കരിക്കാത്തതുകൊണ്ടാണ്. മുൻ കമ്മിറ്റിയുടെ കാലത്തെ വെബ്സൈറ്റ് തന്നെയാണ് ഇപ്പോഴുള്ളത്. വെബ്സൈറ്റ് നവീകരണത്തിന് 65000 ദിനാറോളം ചെലവ് വരുമെന്നതിനാലാണ് സാധിക്കാതിരുന്നത്. അധികാരത്തിലേറിയാൽ വെബ്സൈറ്റ് കാര്യക്ഷമമാക്കും.
ട്യൂഷൻ സെൻററുകൾക്ക് സ്കൂളുമായി യാതൊരു ബന്ധവുമില്ല. കുട്ടികൾക്ക് ട്യൂഷൻ കൊടുക്കൽ രക്ഷിതാക്കളുടെ വിവേചനത്തിൽപെട്ടതാണ്. അതിൽ അധ്യാപക൪ സ്വധീനം ചെലുത്തുന്നില്ല. സാമ്പത്തിക സ്ഥിതി സംബന്ധിച്ച് അടുത്ത ഓഡിറ്റ് റിപ്പോ൪ട്ട് ഈ മാസം 17ന് പുറത്തുവരുന്നതോടെ വ്യക്തതയുണ്ടാകും. ബി.എഡ് ഇല്ലാത്ത ഒരു അധ്യാപകനും സ്കൂളിൽ പ്രവ൪ത്തിക്കുന്നില്ല. പെസ്റ്റ് കൺട്രോൾ വാങ്ങാൻ മാത്രമായല്ല ഒരു ലക്ഷത്തിലധികം ദിനാ൪ ചെലവു വന്നത്. മൊത്തം ക്ളീനിങ്ങിനാണ്. സ്കൂളിൻെറ വിസ്തൃതി കൂടുന്നതിനനുസരിച്ച് ഇതിന് വേണ്ടിവരുന്ന ചെലവിലും വ൪ധനയുണ്ടാകും. സ്ഥാപക ദിനാഘോഷം സംബന്ധിച്ച ആരോപണങ്ങൾക്കും അടിസ്ഥാനമില്ല. മൊത്തം 4200 ദിനാ൪ സ്പോൺസ൪ഷിപ്പിലൂടെയും മറ്റും പിരിഞ്ഞുകിട്ടിയിട്ടുണ്ട്. നയാപൈസ പോലും സ്കൂൾ ഫണ്ടിൽ നിന്ന് പരിപാടിക്കായി എടുത്തിട്ടില്ല. ലഭിച്ച വരുമാനത്തിൽനിന്ന് ചെലവ് കഴിച്ച് 64 കുട്ടികൾക്ക് ഫീസിളവ് നൽകിയതായും ഭാരവാഹികൾ അവകാശപ്പെട്ടു. മൂന്ന് പ്രതിപക്ഷ പാനലുകൾ ഒന്നായെന്ന പ്രചാരണത്തിലും അടിസ്ഥാനമില്ല. രണ്ട് പാനലുകളിൽ ഏതാനും വ്യക്തികൾ മാത്രമാണുണ്ടായിരുന്നത്. തങ്ങളുടെ തെരഞ്ഞെടുപ്പ് വിജയത്തിനായി കെ. രാമനുണ്ണി കൺവീനറായി 501 അംഗ കമ്മിറ്റി രൂപവത്കരിച്ചതായും ഭാരവാഹികൾ അറിയിച്ചു. വാ൪ത്താ സമ്മേളനത്തിൽ കെ. രാമനുണ്ണി, സേവി മാത്തുണ്ണി, ഡി. സുരേഷ്, റഫീഖ് അബ്ദുല്ല, അബ്ദുൽ സഹീ൪, ചന്ദ്രബോസ്, അബി കുരുവിള, ഫെ൪ണാണ്ടസ്, അജയ്കൃഷ്ണൻ, ലത്തീഫ് ആയഞ്ചേരി തുടങ്ങിയവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.