Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചലചിത്ര നിര്‍മാതാവ്...

ചലചിത്ര നിര്‍മാതാവ് ടി.ഇ വാസുദേവന്‍ അന്തരിച്ചു

text_fields
bookmark_border
ചലചിത്ര നിര്‍മാതാവ് ടി.ഇ വാസുദേവന്‍ അന്തരിച്ചു
cancel

കൊച്ചി: ചലച്ചിത്ര നി൪മാണ രംഗത്തെ അതികായനും ആദ്യകാല മലയാള സൂപ്പ൪ ഹിറ്റുകളുടെ നി൪മാതാവുമായിരുന്ന ടി.ഇ. വാസുദേവൻ (97) അന്തരിച്ചു. കൊച്ചി പനമ്പിള്ളി നഗറിലെ വസതിയിൽ ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടെയായിരുന്നു അന്ത്യം. കുറച്ചുദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ‘ജയ് മാരുതി വാസുദേവൻ’ എന്ന പേരിൽ പ്രശസ്തനായ ടി.ഇ. വാസുദേവൻ മലയാളത്തിൽ 50 ഓളം ചലച്ചിത്രങ്ങളൊരുക്കിയിട്ടുണ്ട്. ചലച്ചിത്രരംഗത്തിന് നൽകിയ സംഭാവനകൾക്ക് സംസ്ഥാന സ൪ക്കാ൪ ഏ൪പ്പെടുത്തിയ ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ച ആദ്യസിനിമാ പ്രവ൪ത്തകനാണ് ടി.ഇ. വാസുദേവൻ. 1988ൽ ഇന്ത്യൻ സിനിമയുടെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് രാഷ്ട്രം ആദരിച്ച 75 പ്രമുഖ നി൪മാതാക്കളിൽ ഒരാളായിരുന്നു. സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്നിന് രവിപുരം പൊതുശ്മശാനത്തിൽ നടത്തും.

ലോ ബജറ്റ് ചിത്രങ്ങളൊരുക്കിയിരുന്ന അദ്ദേഹത്തിൻെറ സിനിമകളെ വ്യത്യസ്തതയാ൪ന്ന പ്രമേയങ്ങളാണ് എന്നും വേറിട്ട് നി൪ത്തിയത്. വാസുദേവൻ വി. ദേവൻ എന്ന പേരിൽ തയാറാക്കിയ കഥകളാണ് തീവണ്ടിയുടെ പശ്ചാത്തലത്തിൽ എടുത്ത കൊച്ചിൻ എക്സ്പ്രസ്, ബസ് യാത്രയുടെ പശ്ചാത്തലത്തിൽ പിറന്ന കണ്ണൂ൪ ഡീലക്സ്, പത്തേമാരിയുടെ പശ്ചാത്തലത്തിൽ എടുത്ത ഡെയ്ഞ്ച൪ ബിസ്കറ്റ് എന്നിവ. ലോട്ടറി ടിക്കറ്റ്, കോട്ടയം കൊലക്കേസ്, ഭാര്യമാ൪ സൂക്ഷിക്കുക, പാടുന്ന പുഴ, കാവ്യമേള, മറുനാട്ടിൽ ഒരു മലയാളി, ഫുട്ബാൾ ചാമ്പ്യൻ, എഴുതാത്ത കഥ, പ്രിയംവദ, സ്ഥാനാ൪ഥി സാറാമ്മ, മായ, എല്ലാം നിനക്കുവേണ്ടി, മധുരപ്പതിനേഴ്, കുടുംബം ഒരു ശ്രീകോവിൽ, മൈലാഞ്ചി, മണിയറ, മണിത്താലി, കാലം മാറി കഥ മാറി തുടങ്ങിയ അമ്പതിലേറെ ചിത്രങ്ങൾ വാസുദേവൻേറതാണ്.

തോപ്പിൽ ഭാസിയടക്കം മലയാളത്തിൽ പ്രശസ്തരായ നിരവധി തിരക്കഥാകൃത്തുക്കൾ, സംവിധായക൪, സംഗീതസംവിധായക൪ എന്നിവരെ സിനിമയിലേക്ക് അടുപ്പിച്ചതും വാസുദേവനാണ്. എസ്.എൽ പുരം സദാനന്ദൻ, മൊയ്തു പടിയത്ത്, പൊൻകുന്നം വ൪ക്കി, മുട്ടത്തുവ൪ക്കി, ആ൪.എസ്. കുറുപ്പ്, ഉറൂബ്, തോപ്പിൽ ഭാസി, ചെമ്പിൽ ജോൺ, ജി. വിവേകാനന്ദൻ, കെ. സുരേന്ദ്രൻ, ഡോ. ബാലകൃഷ്ണൻ, കാനം ഇ.ജെ., സി.എൻ. ശ്രീകണ്ഠൻ നായ൪, പി.ആ൪. ചന്ദ്രൻ, ജഗതി എൻ.കെ. ആചാരി, മുഹമ്മദ് മാനി, കുര്യൻ തുടങ്ങിയവ൪ അദ്ദേഹത്തിനുവേണ്ടി രചനകൾ നടത്തിയിട്ടുണ്ട്. വാസുദേവൻെറ 30ൽ പരം ചിത്രങ്ങൾക്ക് ദക്ഷിണാമൂ൪ത്തി സംഗീതസംവിധാനം നി൪വഹിച്ചതും ചരിത്രമാണ്.

തൃപ്പൂണിത്തുറയിൽ ശങ്കരമേനോൻ -യശോദാമ്മ ദമ്പതികളുടെ മകനായി 1917 ജൂലൈ 17നായിരുന്നു ജനനം. എറണാകുളത്ത് ഇലക്ട്രിക്കൽ പവ൪ കോ൪പറേഷനിൽ സ്റ്റെനോഗ്രാഫറായി ജോലിയിൽ പ്രവേശിച്ച ടി.ഇ. വാസുദേവൻ 1940 ൽ അസോസിയേറ്റ് പിക്ചേഴ്സ് എന്ന ചലച്ചിത്ര വിതരണ സ്ഥാപനം ആരംഭിച്ചാണ് സിനിമാ മേഖലയിലേക്ക് പ്രവശിക്കുന്നത്. ആദ്യകാലത്ത് ഹിന്ദി ചിത്രങ്ങൾ മാത്രമായിരുന്നു വിതരണം ചെയ്തിരുന്നത്. പ്രഗതി ഹരിശ്ചന്ദ്ര എന്ന ചിത്രം വിതരണം ചെയ്തുകൊണ്ടായിരുന്നു മലയാളചലച്ചിത്ര വ്യവസായരംഗത്ത് ശ്രദ്ധ പിടിച്ചുപറ്റിയത്. മലയാളത്തിലെ ആദ്യത്തെ വ൪ണചിത്രമായ കണ്ടം ബച്ച കോട്ട് വിതരണം ചെയ്തത് വാസുദേവൻെറ വിതരണക്കമ്പനിയായിരുന്നു.

പിൽക്കാലത്ത് മലയാളം, തെലുങ്ക്, തമിഴ്, കന്നട, ഹിന്ദി, സിംഹള, ഇംഗ്ളീഷ് എന്നീ ഭാഷകളിൽ ആയിരത്തോളം ചിത്രങ്ങൾ വിതരണം ചെയ്തു. നി൪മാതാക്കളുടെ സംഘടനായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും സിനിമാസംഘടനകളുടെ മാതൃസംഘടനയായ ഫിലിം ചേംബറും കേരളത്തിൽ തുടങ്ങിയത് ടി.ഇ. വാസുദേവൻെറ നേതൃത്വത്തിലായിരുന്നു. എം.കെ. രാധമ്മയാണ് ഭാര്യ. മകൾ: വത്സല, മരുമകൻ: കെ.എൽ. കുമാ൪.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story