അനശ്വര പ്രണയത്തിന്റെ ഓർമകൾ ഉറങ്ങുന്ന കല്ലറയിൽ കഥയും കവിതയും; മൂന്നാറിൽ അപൂർവ സംഗമം
text_fieldsഡീൻ കുര്യാക്കോസ് എം.പി കുറിഞ്ഞിക്കൂട്ടം ഉദ്ഘാടനം ചെയ്യുന്നു
മൂന്നാർ: അനശ്വര പ്രണയത്തിന്റെ ഓർമകൾ ഉറങ്ങുന്ന മൂന്നാർ സി.എസ്.ഐ ദേവാലയ സെമിത്തേരിയിലെ എലനർ ഇസബെൽ മെയുടെ ശവകുടീരം അപൂർവമായ ചടങ്ങിന് സാക്ഷ്യംവഹിച്ചു.
ഇടുക്കി വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്ന കുറിഞ്ഞിക്കൂട്ടം എന്ന സർഗോത്സവത്തിന്‍റെ ഭാഗമായ കഥ, കവിത രചനയുടെ വേദി ഒരുക്കിയത് എലനർ ഇസബെൽ മെയുടെ ശവകുടീരത്തിലാണ്.
1894 ഡിസംബർ 23ന് 24-ാം വയസ്സിലാണ് ബ്രിട്ടിഷ് വനിതയായ ഇസബെൽ മരണമടഞ്ഞത്. മൂന്നാറിലെ പ്ലാന്‍ററായിരുന്ന എച്ച്.എം. നൈറ്റിന്‍റെ നവവധുവായി എത്തിയ ഇസബെൽ ഭർത്താവുമൊന്നിച്ച് ഇപ്പോഴത്തെ ശവകുടീരമുള്ള ഇടത്ത് എത്തിയപ്പോൾ പറഞ്ഞുവത്രെ...‘ ഈ പ്രദേശം എത്ര മനോഹരമാണ്, താൻ മരിച്ചാൽ ഇവിടെ അടക്കം ചെയ്യണം’.
രണ്ട് ദിവസത്തിന് ശേഷം കോളറ ബാധിച്ച് ഇസബെൽ അന്തരിച്ചു. അന്ത്യാഭിലാഷ പ്രകാരം ഇവിടെ അടക്കം ചെയ്തു. പിന്നീട് മറ്റു ബ്രിട്ടിഷുകാരെയും ഇവിടെ അടക്കി. സെമിത്തേരി സ്ഥാപിച്ച് വർഷങ്ങൾക്ക് ശേഷമാണ് സി.എസ്.ഐ പള്ളി തുറന്നത്.
കഥ, കവിത ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ആർ. ഈശ്വരൻ ഉൽഘാടനം ചെയ്തു. ജോസ് കോനാട്ട്, എം.ജെ. ബാബു, ജില്ല കോ ഓനേറ്റർ ജി. സോജൻ, സുമി ടീച്ചർ എന്നിവർ സംസാരിച്ചു.
ചർച്ചിൽ പാലത്തിലായിരുന്നു തൂഫാൻ ചിത്രരചന. മയക്കുമരുന്നിന് എതിരെയുള്ള വിദ്യാർഥികളുടെ സന്ദേശം കാൻവാസിൽ തെളിഞ്ഞു. ചിത്രകല അധ്യാപകരായ ഷാജിയും സുമേഷും നേതൃത്വം നൽകി.
ബോട്ടാണിക്കൽ ഗാർഡനിൽ നാടൻ പാട്ടുമേളയും സംഘടിപ്പിച്ചു. നാടക ക്യാമ്പിന് ഡോ. ആഷ മിഥുൻ നേതൃത്വം നൽകി. ബോട്ടാണിക്കൽ ഗാർഡനിൽ നാടൻ പാട്ടുമേളയും നടന്നു. നാടക ക്യാമ്പിന് ഡോ. ആഷ മിഥുൻ നേതൃത്വം നൽകി.

