മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു
text_fieldsപന്തീരാങ്കാവ്: വീടിനോട് ചേർന്ന് താഴ്ചയുള്ള ഭാഗത്ത് മതിൽ നിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞ് ദേഹത്തുവീണ് നിർമാണ തൊഴിലാളി മരിച്ചു. പാലാഴി വടക്കേ ചാലിൽ മേപ്പറമ്പത്ത് മേത്തൽ ബൈജുവാണ് (48) മരിച്ചത്. പെരുമണ്ണ അറത്തിൽ പറമ്പ് കൊളാത്തൊടി മേത്തലിൽ വീടിെൻറ പിൻഭാഗത്തെ 15 അടിയോളം താഴ്ചയുള്ള ഭാഗമാണ് ഇടിഞ്ഞത്. താഴെ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് മതിൽ കെട്ടാനുള്ള ശ്രമമായിരുന്നു.അടിയിൽനിന്ന് മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണ് നീക്കി കുഴിയെടുത്ത് കോൺക്രീറ്റ് തൂണുകൾ നിർമിക്കുന്ന പ്രവൃത്തിക്കിടെയാണ് അപകടം. നാലാമത്തെ കുഴിയിൽ കമ്പി കെട്ടുന്നതിനിടെ സമീപത്തെ കുടിവെള്ള പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്നാണ് മണ്ണിടിഞ്ഞത്. കോൺക്രീറ്റ് ചെയ്യാനുള്ള കുഴിയിൽ കമ്പിക്കിടയിൽ കുടുങ്ങിയ ബൈജു രക്ഷപ്പെടാനാവാതെ മണ്ണിനടിയിൽപെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശി പെരിയ സാമി പരിക്കുകളോടെ രക്ഷപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടം നടന്ന് ഒന്നര മണിക്കൂറോളം നാട്ടുകാരും മീഞ്ചന്തയിൽനിന്നെത്തിയ അഗ്നിശമന വിഭാഗവും പൊലീസും ഏറെ ശ്രമിച്ചാണ് ബൈജുവിനെ പുറത്തെടുത്തത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കുഞ്ഞൻ-വസന്ത ദമ്പതികളുടെ മകനാണ്. ഭാര്യ: റിനില. മക്കൾ: ആദർശ്, ആകാശ്.
പെരുമണ്ണ അപകടം: കാരണമായത് നിയമലംഘനവും അധികൃതരുടെ അനാസ്ഥയും
പന്തീരാങ്കാവ്: മതിൽ കെട്ടുന്നതിനിടെ നിർമാണ തൊഴിലാളിയുടെ ദാരുണ മരണത്തിനിടയാക്കിയത് അധികൃതരുടെ അനാസ്ഥയും നിയമലംഘനവുമെന്ന് ആക്ഷേപം. എട്ട് മീറ്ററോളം താഴ്ചയുള്ള ഭാഗത്ത് സുരക്ഷ ഭീഷണിയാവും വിധമാണ് വീടുകൾ നിർമിച്ചത്. ലാഭക്കൊതിയിൽ സുരക്ഷക്ക് പുല്ലുവില നൽകിയാണ് ഒമ്പത് വീടുകൾ തൊട്ടുതൊട്ട് നിർമിച്ചത്. വെള്ളിയാഴ്ച അപകടം നടന്ന വീടിന് സമീപത്തെ മറ്റ് മൂന്ന് വീടുകളും അപകട ഭീഷണിയിലാണ്.
ദിവസങ്ങൾക്കുമുമ്പ് ഇവിടെ മണ്ണിടിഞ്ഞ് വീണിരുന്നു. അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്താണ് വീട് നിർമാണത്തിന് സ്ഥലമൊരുക്കിയത്. മണ്ണിടിഞ്ഞ ഭാഗത്ത് ഒന്നര മീറ്റർ ദൂരം മാത്രമാണ് വീടുമായി അകലമുള്ളത്. ശക്തമായൊരു മഴ പെയ്താൽ ഇടിഞ്ഞുവീഴാവുന്നത്ര ദുർബലമാണിവിടെ മണ്ണ്. വിൽപനക്കായി നിർമിച്ചവയാണ് ഒമ്പത് വീടുകളും. വലിയ താഴ്ചയിലുളള മതിൽ കെട്ടേണ്ട ബാധ്യത വീട് വാങ്ങുന്നവരുടെ തലയിലിട്ട് വിൽപനക്കാർ തടിയൂരുകയായിരുന്നു. ഇപ്പോൾ അപകടം നടന്ന സ്ഥലത്തിനോട് ചേർന്ന വീട്ടിൽ ഒരാഴ്ച മുമ്പാണ് താമസക്കാരെത്തിയത്. വീട് വാങ്ങിയവരാണ് കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് മതിൽകെട്ടുന്ന പ്രവൃത്തി നടത്തുന്നത്. ഇതിനിടയിലാണ് അപകടം നടന്നത്.പല സ്ഥലങ്ങളിലും അപകടകരമായ രീതിയിൽ ഇത്തരം നിർമാണ പ്രവൃത്തികൾ നടക്കുന്നുണ്ട്.
നിയമവിരുദ്ധമായ ഇത്തരം നിർമാണങ്ങൾ പിഴയടച്ച് നമ്പറും മറ്റ് അനുമതികളും നൽകുന്ന അധികൃതരുടെ അനാസ്ഥക്കെതിരെ പ്രതിഷേധമുയർന്നിട്ടുണ്ട്. രോഗികളും വൃദ്ധരുമായ രക്ഷിതാക്കളും ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ നിർധന കുടുംബത്തിന്റെ അത്താണിയായിരുന്നു വെള്ളിയാഴ്ച മരിച്ച ബൈജു. നാല് ദിവസത്തോളമായി ബൈജുവും സഹപ്രവർത്തകരും ഇവിടെ ജോലിയിലായിരുന്നു. മണ്ണിടിഞ്ഞ് വീഴുന്നതിനിടെ മറ്റ് മൂന്നുപേരും തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും കോൺക്രീറ്റിനായി കെട്ടുന്ന കമ്പിക്കടിയിൽ കാല് കുടുങ്ങിയതിനാലാണ് ബൈജുവിന് രക്ഷപ്പെടാൻ കഴിയാതിരുന്നത്. ബാക്കി ഭാഗവും ഇടിയാൽ സാധ്യതയുള്ളതിനാൽ രക്ഷാപ്രവർത്തനവും സൂക്ഷ്മമായേ ചെയ്യാനായുള്ളൂ. ഒന്നര മണിക്കൂറോളം സമയമെടുത്താണ് പിക്കാസും കൈക്കോട്ടും ചിരട്ടയും മണ്ണുമാന്തി യന്ത്രവുമെല്ലാമുപയോഗിച്ച് മണ്ണ് മാറ്റിയത്. നാട്ടുകാരും പന്തീരാങ്കാവ് പൊലീസും മീഞ്ചന്ത അഗ്നിശമന നിലയത്തിലെസ്റ്റേഷൻ ഓഫിസർ റോബി വർഗീസ്, അസി. സ്റ്റേഷൻ ഓഫിസർ വി.കെ. ബിജു, ഇ. ശിഹാബുദ്ദീൻ, സജിത്ത് ലാൽ, കെ.കെ. അനൂപ്, സി.പി. ബിനീഷ്, ജിജേഷ്, രാജേഷ് എന്നിവരടങ്ങിയ ഫയർ യൂനിറ്റുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.