ഓർമക്കുറവുള്ള മകനെ ട്രെയിനിന് മുന്നിൽനിന്ന് രക്ഷിക്കാൻ അച്ഛന്റെ ശ്രമം: രണ്ടുപേർക്കും ദാരുണാന്ത്യം
text_fieldsനിതിൻ, പുരുഷൻ
അരൂർ: തീരദേശ റെയിൽവേയിൽ ചന്തിരൂരിൽ അച്ഛനും മകനും ട്രെയിൻ തട്ടി മരിച്ചു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും അപകടത്തിൽപെടുകയായിരുന്നു. അരൂർ ഗ്രാമപഞ്ചായത്ത് 15ാം വാർഡിൽ ചന്തിരൂർ പുളിത്തറ വീട്ടിൽ പുരുഷൻ (57), മകൻ നിതിൻ (28) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെ ചന്തിരൂർ വെളുത്തുള്ളി റോഡിലെ ലെവൽക്രോസിലായിരുന്നു അപകടം. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചത്. മൂന്നുവർഷം മുമ്പുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു വെൽഡിങ് തൊഴിലാളിയായിരുന്ന നിതിൻ.
അപകടത്തെത്തുടർന്ന് ഓർമക്കുറവുണ്ടായിരുന്നെന്നും പറയപ്പെടുന്നു. ഫിസിയോതെറപ്പി അടക്കമുള്ള ചികിത്സകൾ നടത്തിവരുകയായിരുന്നു. രാവിലെ വീട്ടിൽനിന്നിറങ്ങിയ നിതിൻ റെയിൽവേ ട്രാക്കിൽ നിൽക്കുന്നതുകണ്ട് അച്ഛൻ ഓടിയെത്തുകയായിരുന്നു.
ട്രെയിനിന് മുന്നിൽനിന്ന് മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും അപകടത്തിൽപെടുകയായിരുന്നു. മത്സ്യത്തൊഴിലാളിയാണ് പുരുഷൻ. ശാന്തയാണ് ഭാര്യ. മറ്റൊരു മകൻ നിഷാദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.