അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചു; മിറർ കമ്പി നെഞ്ചിൽ തുളച്ചുകയറി 59കാരന് ദാരുണാന്ത്യം
text_fieldsതിരുവല്ല: അമിത വേഗത്തിലെത്തിയ ബൈക്ക് സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെഞ്ചിൽ കമ്പി തുളച്ചുകയറി 59കാരന് ദാരുണാന്ത്യം. തുകലശ്ശേരി മാക്ഫാസ്റ്റ് കോളജിന് സമീപം തെക്കേകുറ്റ് വീട്ടിൽ എൻ.വി. ബെന്നി ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെ തിരുവല്ല - മാവേലിക്കര റോഡിൽ ബി.എസ്.എൻ.എൽ ഭവന് മുമ്പിലായിരുന്നു അപകടം.
എം.സി റോഡ്-തിരുവല്ല മാവേലിക്കര റോഡിലേക്കുള്ള വൺവേയിൽ നിന്നും എത്തിയ ബൈക്ക് ബെന്നി ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പൊട്ടിപ്പോയ ബൈക്കിന്റെ റിയർവ്യൂ മിറർ സ്ഥാപിച്ചിരുന്ന കമ്പി ബെന്നിയുടെ നെഞ്ചിൽ തുളച്ച് കയറുകയായിരുന്നു. നെഞ്ചിൽ മാരകമായ മുറിവേറ്റ ബെന്നിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
തിരുവല്ല നഗരത്തിലെ ഹോട്ടലിൽ നിന്ന് ആഹാരം വാങ്ങിയ ബെന്നി വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം. തൃശൂർ ചിറ്റിലപ്പള്ളി സ്വദേശിയും കെട്ടിട നിർമാണ തൊഴിലാളിയുമായ ബെന്നി തുകലശ്ശേരിയിലെ ഭാര്യവീട്ടിലായിരുന്നു താമസം.
അപകടത്തിൽ നിസ്സാര പരിക്കേറ്റ ബൈക്ക് യാത്രികനായ മിത്രക്കേരി പുതുക്കേരി തട്ടകത്തിൽ പുത്തൻചിറയിൽ ജ്യോതിസ് (19) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിൽ തിരുവല്ല പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.