കാറും പിക്കപും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; അഞ്ചു പേർക്ക് പരിക്ക്
text_fieldsഎലത്തൂർ (കോഴിക്കോട്): പൂളാടിക്കുന്ന്- മലാപ്പറമ്പ് ദേശീയപാതയിൽ മൊകവൂരിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു; അഞ്ചുപേർക്ക് പരിക്ക്. മാങ്കാവിലെ ഷീന സ്റ്റുഡിയോ മുൻ ഉടമ പരേതനായ വളയനാട് വട്ടോളിപമ്പിൽ പെരുെന്താടി ദാമോദരെൻറ മകൻ ഷാജി (50) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പരിക്കേറ്റ പിക്കപ് വാൻ ഡ്രൈവർ നിലമ്പൂർ സ്വദേശി അമീർ (26), ഷാജിക്കൊപ്പം കാറിലുണ്ടായിരുന്ന ബേപ്പൂർ അരയംവീട്ടിൽ സബീഷ് (39), മാങ്കാവ് കൃഷ്ണാലയത്തിൽ കിഷൻ (20), അരക്കിണർ ബി.പി. ഹൗസിൽ നൗഷാദ് (52), പന്തീരങ്കാവ് തെക്കേലകത്തിൽ സുനീർ (48) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 5.30 ന് മൊകവൂർ ക്ഷേത്രത്തിനടുത്താണ് അപകടം. ഷാജിയും സുഹൃത്തുക്കളും കാസർകോട് ജോലി കഴിഞ്ഞു വരുകയായിരുന്നു. എടവണ്ണപാറയിൽനിന്ന് ഫർണിച്ചറുമായി വടകരക്കു പോകുകയായിരുന്നു വാൻ. എലത്തൂർ പൊലീസും ഫയർയൂനിറ്റും സ്ഥലത്തെത്തി രണ്ട് ആംബുലൻസുകളിലായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ഷാജി മരിച്ചത്. ഷാജിയുടെ ഭാര്യ വന്ദന. സഹോദരങ്ങൾ: രോഷ്നി കൃഷ്ണകുമാർ (ദുബൈ), പരേതനായ അഭിലാഷ്. സംസ്കാരം ബുധനാഴ്ച 11ന് മാങ്കാവ് ശ്മശാനത്തിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.