ദുബൈയിൽ അൺലോഡിങ്ങിനിടെ വാഹനം വീണ് ട്രക്ക് ഡ്രൈവർ മരിച്ചു
text_fieldsദുബൈ: അൺലോഡിങ്ങിനിടെ വാഹനം ദേഹത്ത് വീണ് റിക്കവറി ട്രക്ക് ഡ്രൈവർക്ക് ദാരുണാന്ത്യം. അൽ ഖുസൈസ് വ്യവസായ മേഖലയിൽ വാഹനം അൺലോഡ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. അശ്രദ്ധ കാരണം അൺലോഡിങ്ങിനിടെ വാഹനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു.
ക്രെയിൻ പ്രവർത്തിപ്പിക്കുന്നതിലെ പിഴവും കാരിയർ സുരക്ഷിതമായി ഉറപ്പിക്കുന്നതിൽ വരുത്തിയ വീഴ്ചയുമാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന. അപകട വിവരത്തെ തുടർന്ന് ആംബുലൻസും രക്ഷാപ്രവർത്തകരും എത്തിയെങ്കിലും ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലും അശ്രദ്ധ കാരണവും അൺലോഡിങ്ങിനിടെ വാഹനം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു.
അൺലോഡ് ചെയ്തുകൊണ്ടിരുന്ന ഡ്രൈവറുടെ മുകളിലേക്കാണ് വാഹനം വീണതെന്ന് ദുബൈ പൊലീസിലെ ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലിം ബിൻ സുവൈദാൻ പറഞ്ഞു. വാഹനങ്ങൾ ലോഡ് ചെയ്യുമ്പോഴും അൺലോഡ് ചെയ്യുമ്പോഴും ജാഗ്രത പുലർത്താനും തൊഴിൽ സുരക്ഷ നിയമങ്ങളും നിർദേശങ്ങളും കർശനമായി പാലിക്കാനും എല്ലാ റിക്കവറി ട്രക്ക് ഡ്രൈവർമാരോടും ദുബൈ പൊലീസ് ആവശ്യപ്പെട്ടു. റോഡുകളിലും പൊതുസ്ഥലങ്ങളിലും സുരക്ഷിത പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഡ്രൈവർമാർക്കും തൊഴിലാളികൾക്കും ഇടയിൽ ബോധവൽക്കരണ പരിപാടികൾ തുടരുമെന്ന് ബ്രിഗേഡിയർ ബിൻ സുവൈദാൻ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

